ലൈംഗികതയും കഞ്ചാവ് ഉപയോഗവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ? ഇക്കാര്യത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുതിയ പഠനത്തിലൂടെ പുറത്തുവന്നിരിക്കുകയാണ്. സ്ഥിരമായി ക‌ഞ്ചാവ് ഉപയോഗിക്കുന്നവരില്‍ ലൈംഗിക താല്‍പര്യം കൂടുമെന്നാണ് പഠനം വ്യക്തമാക്കുന്നത്. സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാല മെഡിക്കല്‍ സെന്ററിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. മൈക്കല്‍ എയ്സെന്‍ബെര്‍ഗിന്റെ നേതൃത്വത്തിലാണ് ഇതുസംബന്ധിച്ച് പഠനം നടത്തിയത്. സ്ഥിരമായി കഞ്ചാവ് ഉപയോഗിക്കുന്ന സ്‌ത്രീകള്‍ ആഴ്‌ചയില്‍ ശരാശരി 7.1 തവണ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുമെന്ന് വ്യക്തമായി. പുരുഷന്‍മാരില്‍ ഇത് 6.9 തവണയാണ്. കഞ്ചാവ് ഉപയോഗിക്കാത്തപ്പോള്‍ ഇത് യഥാക്രമം ആറും 5.9 തവണയാണ്. കഞ്ചാവ് ഉപയോഗം കൂടുതല്‍ രാജ്യങ്ങളില്‍ നിയമവിധേയമായി വരുന്ന പശ്ചാത്തലത്തിലാണ് പഠനം നടത്തിയത്. 28000 സ്‌ത്രീകളിലും 23000 പുരുഷന്‍മാരിലുമാണ് പഠനം നടത്തിയത്. അതേസമയം കഞ്ചാവ് ഉപയോഗം ലൈംഗികതയില്‍ വരുത്തുന്ന മാറ്റം ആളുകളില്‍ പലതരത്തിലാണ്. കഞ്ചാവ് ഉപയോഗിക്കുന്ന ചിലര്‍ക്ക് മതിയായ ലൈംഗിക സംതൃപ്തി ലഭിക്കുന്നില്ലെന്നും പറയുന്നുണ്ട്. അതേസമയം സ്ഥിരമായുള്ള കഞ്ചാവ് ഉപയോഗം ബീജത്തിന്റെ അളവ് കുറയ്‌ക്കുകയും ഗുണനിലവാരം ഇല്ലാതാക്കുകയും ചെയ്യുന്നു. എയ്സെന്‍ബെര്‍ഗും കൂട്ടരും നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ട് ജേര്‍ണല്‍ ഓഫ് സെക്ഷ്വല്‍ മെഡിസിനില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.