മുടി വളരാന്‍ ഫോളിക്കിളുകളെ ഉത്തേജിപ്പിക്കാന്‍ മരുന്നിന് കഴിയുമെന്ന് ശാസ്ത്രജ്ഞര്‍

മുടി കൊഴിയലിന് ശാശ്വത പരിഹാരവുമായി ശാസ്ത്രജ്ഞര്‍. മാഞ്ചസ്റ്റര്‍ യൂണിവേഴ്സിറ്റിയിലെ ശാസ്ത്ര‍ജ്ഞരാണ് മുടി കൊഴിയല്‍ തടയാന്‍ മരുന്ന് കണ്ടെത്തിയിരിക്കുന്നത്. മുടി വളരാന്‍ ഫോളിക്കിളുകളെ ഉത്തേജിപ്പിക്കാന്‍ മരുന്നിന് കഴിയുമെന്ന് തെളിയിച്ചുവെന്നാണ് ശാസ്ത്രഞജ്ഞരുടെ വാദം. പുരുഷന്മാരിലെ മുടി കൊഴിയലിന് നിലവില്‍ ഉപയോഗിക്കുന്ന മിനോക്സിഡില്‍, ഫിനാസ്റ്റിറൈഡ് എന്നിവയ്ക്ക് പാര്‍ശ്വഫലങ്ങള്‍ കൂടുതലാണെന്നതാണ് പുതിയ ഗവേഷണത്തിലേയ്ക്ക് നയിച്ചതെന്ന് ഇവര്‍ പറയുന്നു. 

മാഞ്സ്റ്റര്‍ യൂണിവേഴ്സിറ്റി പുറത്തിറക്കിയ മെഡിക്കല്‍ ജേണലിലാണ് പുതിയ മരുന്നിനെക്കുറിച്ച് വ്യക്തമാക്കുന്നത്. മിനോക്സിഡിലും, ഫിനാസ്റ്റിറൈഡും മിക്കപ്പോഴും ഉദ്ദേശിച്ച ഫലം നല്‍കാറില്ലെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. അത്തരം കേസുകളില്‍ മുടി മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയയെ ആശ്രയിക്കലാണ് സാധാരണ ഗതിയില്‍ മിക്ക ആളുകളും ചെയ്യാറുള്ളത്. എന്നാല്‍ സാധാരണ നിലയില്‍ മുടിയുടെ വളര്‍ച്ചയെ ഉത്തേജിപ്പിക്കുന്നതാണ് പുതിയ കണ്ടുപിടുത്തമെന്നാണ് റിപ്പോര്‍ട്ട്. 

1980 കളില്‍ മുടിമാറ്റി വയ്ക്കല്‍ ശസ്ത്രക്രിയയില്‍ ഉപയോഗിച്ചിരുന്ന സൈക്ക്ലോസ്പോറിന്‍ എ എന്ന മരുന്നിനെയാണ് ഫലപ്രദമായ രീതിയില്‍ മുടി വളര്‍ച്ചയ്ക്കായി ഉപയോഗിക്കാമെന്ന് കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ ഈ മരുന്ന് ഉപയോഗിക്കുന്നവരില്‍ ശരീരത്ത് രോമ വളര്‍ച്ച കൂടുമെന്ന് കണ്ടതോടെ ഈ മരുന്നിന്റെ ഉപയോഗം പതിയെ കുറയുകയായിരുന്നു. എന്നാല്‍ ഈ മരുന്നിനെ തലയിലെ ഫോളിക്കിളുകളില്‍ മാത്രം കേന്ദ്രീകരിക്കുന്ന രീതിയിലുള്ളതാണ് പുതിയ മരുന്നിന്റെ നിര്‍മാണം.

എന്നാല്‍ മുടിയുടെ വളര്‍ച്ചയെ സഹായിക്കുന്ന രീതിയില്‍ പ്രോട്ടീനുകളെ ഉത്തേജിപ്പിക്കാന്‍ പുതിയ മരുന്നിന് സാധിക്കുമെന്നാണ് ഗവേഷണം തെളിയിച്ചതെന്നാണ് ശാസ്ത്രജ്ഞര്‍ വിശദമാക്കുന്നത്. വിവിധ പ്രകൃതമുള്ള നാല്‍പതിലേറെ ആളുകളുടെ കോശങ്ങളില്‍ മരുന്ന് ഫലപ്രദമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നതായി തെളിഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു. മുടി കൊഴിയല്‍ നേരിടുന്നവര്‍ക്ക് മരുന്ന് ഏറെ സഹായകരമാകുമെന്നാണ് വിദഗ്ദര്‍ വിശദമാക്കുന്നത്.