ബംഗ്ലാദേശിലെ ഒരു നിര്‍ദ്ദന കുടുംബത്തില്‍ ജനിച്ച് അവള്‍ ഒരുപാട് പ്രതീക്ഷകളുമായാണ് ഇന്ത്യയിലേക്ക് വന്നത്. എന്നാല്‍ തൊഴില്‍തട്ടിപ്പിന് ഇരയായി ശരീരംവിറ്റു ജീവിക്കേണ്ടി വന്നു ആ പെണ്‍കുട്ടിക്ക്. അവള്‍ ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് സ്വന്തം കൈപ്പടയില്‍ എഴുതിയ ഒരു പരാതി നല്‍കുകയും അത് ട്വീറ്റ് ചെയ്യുകയും ചെയ്‌തു.അവളുടെ ആവശ്യം വളരെ ന്യായമായിരുന്നു. അത് എന്താണെന്നും, അവള്‍ക്ക് ജീവിതത്തില്‍ സംഭവിച്ചത് എന്താണെന്നും നോക്കാം...

ബംഗ്ലാദേശിലെ ദുരിതജീവിതത്തില്‍നിന്ന് കരകയറാനാണ് ഇന്ത്യയിലേക്ക് വന്നത്. അവിടെ ഒരു തുണിഫാക്‌ടറിയില്‍ തുച്ഛമായ ശമ്പളത്തിന് ജോലി ചെയ്‌തിരുന്ന അവള്‍ക്ക് ഇന്ത്യയില്‍ വന്‍തുക ശമ്പളം വാഗ്ദ്ധാനം നല്‍കിയാണ് കൊണ്ടുവന്നത്. എന്നാല്‍ ഇവിടെയെത്തിച്ച സ്‌പോണ്‍സര്‍ അവളെ ശരീരം വില്‍ക്കാന്‍ നിര്‍ബന്ധിക്കുകയായിരുന്നു ഇന്ത്യയില്‍ ലൈംഗിക തൊഴിലാളി ആകേണ്ടിവന്ന അവള്‍ക്ക് ഏറെ കഷ്‌ടപ്പാടുകള്‍ അനുഭവിക്കേണ്ടിവന്നു. ബംഗളുരു, പൂനെ, മുംബൈ അങ്ങനെ ഇന്ത്യന്‍ നഗരങ്ങളിലെ ചുവന്ന തെരുവുകളിലായി അവളുടെ ജീവിതം.

ഒടുവില്‍ അവളുടെ കഥ കേട്ടറിഞ്ഞ ബംഗ്ലാദേശ് സര്‍ക്കാര്‍ അവളെ നാട്ടിലെത്തിക്കാന്‍ ഇടപെട്ടു. ഒരു സന്നദ്ധ സംഘടനയുടെ ഇടപെടല്‍കൂടി ആയതോടെ ഡിസംബറില്‍ അവള്‍, പെണ്‍വാണിഭസംഘത്തില്‍നിന്ന് രക്ഷപ്പെട്ടു. അവള്‍ ഇന്ത്യയില്‍ സമ്പാദിച്ച പതിനായിരത്തോളം രൂപ കൈവശമുണ്ട്. പക്ഷേ, അത് ഇവിടെ നിരോധിക്കപ്പെട്ട നോട്ടുകളാണെന്ന് മാത്രം. അതു മാറ്റി പുതിയ നോട്ടുകള്‍ ലഭ്യമായാല്‍ മാത്രമെ നാട്ടിലേക്ക് പോകാനാകു എന്ന സ്ഥിതിയാണ്. ഈ നോട്ടുകള്‍ മാറ്റിയെടുക്കുന്നതിനായാണ് അവള്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയെ സമീപിച്ചത്. പ്രധാനമന്ത്രിക്ക് മാത്രമല്ല, വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെയും സഹായത്തിനായി അവള്‍ സമീപിച്ചിട്ടുണ്ട്.