മാറിയ ജീവിതസാഹചര്യത്തിൽ സാങ്കേതികവിദ്യയെ മനുഷ്യരാശിക്ക് അനുയോജ്യമായി രീതിയിൽ മാറ്റിയെടുക്കാനുള്ള ശ്രമം വ്യാപകമാണ്. ഇതിന്റെ ഭാഗമായാണ് ലോകപ്രശസ്‌തമായ കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക് ഷോയിൽ വളരെ വ്യത്യസ്‌തമായ ഒരു അണ്ടര്‍വെയര്‍ അവതരിപ്പിക്കപ്പെട്ടത്. മൊബൈൽ ഫോണ്‍ പാന്റ്സിന്റെ പോക്കറ്റിൽ ഇടുന്നതുമൂലം ഉണ്ടാകുന്ന റേഡിയേഷൻ തടുക്കുന്നതരം അണ്ടര്‍വെയറാണ് ലോകപ്രശസ്‌ത കമ്പനിയായ സ്‌പാര്‍ട്ടൻ രംഗത്തിറക്കിയിരിക്കുന്നത്. പുരുഷ വന്ധ്യതയുടെ പ്രധാനപ്പെട്ട കാരണങ്ങളിലൊന്നാണ് മൊബൈൽഫോണ്‍ റേഡിയേഷൻ. മൊബൈൽ റേഡിയേഷൻ കാരണം പുരുഷൻമാരിലെ ബീജത്തിന്റെ എണ്ണം കുറയുകയും ഗുണനിലവാരം ഇല്ലാതാകുകയും ചെയ്യുന്നതായി നിരവധി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മൊബൈൽ റേഡിയേഷൻ ഏൽക്കാതിരിക്കുന്ന അണ്ടര്‍വെയര്‍ സ്‌പാര്‍ട്ടൻ വികസിപ്പിച്ചെടുത്തത്. ഈ ഹൈ-ടെക് അണ്ടര്‍വെയറിന് 99 ശതമാനം മൊബൈൽ റേഡിയേഷനും വൈ-ഫൈ സിഗ്നലുകളും ചെറുക്കാൻ സാധിക്കുമെന്നാണ് നിര്‍മ്മാതാക്കളുടെ അവകാശവാദം. ഏതായാലും ഈ ഹൈടെക്ക് അണ്ടര്‍വെയറിന് വൻ സ്വീകാര്യതയാണ് സിഇഎസിൽ ലഭിച്ചത്.