വ്യായാമം ചെയ്യാൻ മടി കാണിക്കുന്നവരാണ് ഇന്ന് അധികവും. ആരോ​ഗ്യത്തോടെ നീണ്ട നാൾ ജീവിക്കാൻ വ്യായാമം വളരെ അത്യാവശ്യമാണ്. ആരോ​ഗ്യമുള്ള ശരീരത്തിന് ഭക്ഷണം പോലെ തന്നെ പ്രധാനമാണ് വ്യായാമവും. ശരീരഭാരം കുറയ്ക്കാൻ വേണ്ടി മാത്രമാണ്  വ്യായാമം ചെയ്യുന്നതെന്നാണ് പലരുടെയും ധാരണ. ശരീരഭാരം കുറയ്ക്കാൻ വേണ്ടി മാത്രമല്ല വ്യായാമം ചെയ്യുന്നത് മറിച്ച് മനസും ശരീരവും ആരോ​ഗ്യത്തോടെയിരിക്കാൻ കൂടി വേണ്ടിയാണ്.

ദിവസവും ഒരു മിനിറ്റ് വ്യായാമം ചെയ്യുന്നത് 45 മിനിറ്റ് ജോഗിങ്ങിന് തുല്യമെന്ന് പഠനം. കാനഡയിലെ ഒരു സര്‍വകലാശാലയിലെ ​ഗവേഷകർ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. അമിതവണ്ണമുള്ള 25 ആളുകളിലാണ് പഠനം നടത്തിയത്. ഇവരെ രണ്ടു ഗ്രൂപ്പായി തിരിച്ചു. ആദ്യത്തെ സംഘത്തിലെ അംഗങ്ങളെ പത്തു മിനിറ്റ് വ്യത്യാസത്തില്‍ കഠിനമായ വ്യായാമങ്ങള്‍ പന്ത്രണ്ട് ആഴ്ച്ച ചെയ്യിപ്പിച്ചു.

അടുത്ത സംഘത്തെ കഠിനമല്ലാത്ത ജോഗിങ് പോലെയുള്ള വ്യായാമങ്ങളും ചെയിപ്പിച്ചു.എന്നാല്‍ ഇരുവിഭാഗത്തിനും കാര്യമായ വ്യത്യാസങ്ങള്‍ ശ്രദ്ധയില്‍ പെട്ടില്ല. വെറുതെ വ്യായാമം ചെയ്യുന്നതിലല്ല, എങ്ങനെ ചെയ്യുന്നു എന്നതിലാണ് കാര്യമെന്ന് ​ഗവേഷകർ പറഞ്ഞു. ജിമ്മിൽ പോകാതെ വീട്ടിലിരുന്ന് വളരെ എളുപ്പം ചെയ്യാവുന്ന രണ്ട് തരം വ്യായാമങ്ങളെ കുറിച്ചും ​പഠനത്തിൽ പറയുന്നു. സ്റ്റെയർ വര്‍ക്ക്‌ഔട്ടും ജംപ് റോപും.

സ്റ്റെയർ വര്‍ക്ക്‌ഔട്ട്‌...

ശരീരത്തിന് ഏറ്റവും നല്ലതാണ് സ്റ്റെയർ വര്‍ക്ക്‌ഔട്ട്‌ വ്യായാമം. സ്റ്റെപ്പുകൾ കയറാൻ മടി കാണിക്കുന്നവരാണ് ഇന്ന് അധികവും. ലിഫ്റ്റിൽ കയറാതെ എപ്പോഴും സ്റ്റെപ്പുകൾ ആശ്രയിക്കുന്നതിനെയാണ് സ്റ്റെയർ വര്‍ക്ക്‌ഔട്ട്‌ വ്യായാമം എന്ന് പറയുന്നത്.
ഹൃദയസംബന്ധമായ അസുഖങ്ങൾ അകറ്റാൻ വളരെ നല്ലതാണ് സ്റ്റെയർ വര്‍ക്ക്‌ഔട്ട് വ്യായാമം. ദിവസവും 15 മിനിറ്റെങ്കിലും ഈ വ്യായാമം ചെയ്താൽ ശരീരത്തിലെ 10 ശതമാനത്തോളം കൊഴുപ്പ് ഇല്ലാതാക്കാം. ശരീരഭാരം കുറയ്ക്കാൻ വളരെ നല്ലതാണ് സ്റ്റെയർ വര്‍ക്ക്‌ഔട്ട്.

ജംപ് റോപ് ...

ജംപ് റോപ് വ്യായാമം ചെയ്യാൻ അൽപ സമയം ദിവസവും മാറ്റി വയ്ക്കുക. ഒരു റോപ് ഉപയോ​ഗിച്ച് ചെയ്യുന്ന വ്യായാമാണ് ഇത്. ഈ വ്യായാമം ചെയ്യുന്നതിലൂടെ ശരീരത്തിലെ 10-16 കലോറി കൊഴുപ്പ് ഇല്ലാതാക്കാൻ സഹായിക്കും. ദിവസവും 10 മിനിറ്റ് വച്ച് മൂന്ന് നേരം ചെയ്യാം. എട്ട് മിനിറ്റ് കൂടുതൽ ഓടുന്നതിന് തുല്യമാണ് ഈ വ്യായാമമെന്ന് ​ഗവേഷകർ പറയുന്നു. ഉയരം കൂടാനും എല്ലുകൾക്ക് ബലം കിട്ടാനും ജംപ് റോപ് വ്യായാമം ഏറെ നല്ലതാണ്.