Asianet News MalayalamAsianet News Malayalam

ഗര്‍ഭിണികളിലെ മാനസിക സമ്മര്‍ദ്ദം കുഞ്ഞിനെ ബാധിക്കുന്നതെങ്ങനെ?

ഗര്‍ഭാവസ്ഥയില്‍ കടുത്ത മാനസിക സമ്മര്‍ദ്ദം അനുഭവിക്കുമ്പോള്‍ കോര്‍ട്ടിസോള്‍ എന്ന ഹോര്‍മോണ്‍ കൂടുതലായി ഉത്പാദിപ്പിക്കപ്പെടും. ഇതാണ് കുഞ്ഞുങ്ങളുടെ തൂക്കത്തെ ബാധിക്കുന്നത്. ഗര്‍ഭിണിയാകുന്നതിന് മുമ്പ് അനുഭവിച്ച വിഷമതകളുടെ ഒരു തുടര്‍ച്ച മനസ്സില്‍ ബാക്കി കിടപ്പുണ്ടെങ്കില്‍ അതും ഒരുപക്ഷേ കുഞ്ഞിനെ ബാധിച്ചേക്കാം
 

stress in pregnant woman may affect the weight of infant
Author
New York, First Published Sep 20, 2018, 11:12 AM IST

ഗര്‍ഭിണിയായിരിക്കുമ്പോള്‍ സന്തോഷമായിരിക്കണമെന്ന് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഉപദേശിക്കുന്നത് കാണാം. എന്നാല്‍ എന്താണ് ഇതിന് പിന്നിലുള്ള രഹസ്യം? ഗര്‍ഭിണികള്‍ സന്തോഷവതികളല്ലെങ്കില്‍ അത് എങ്ങനെയാണ് കുഞ്ഞിനെ ബാധിക്കുക. ഈ വിഷയത്തില്‍ ന്യൂയോര്‍ക്കില്‍ നിന്നുള്ള ഒരു ഗവേഷകസംഘം വിശദമായ പഠനം നടത്തി. ന്യൂയോര്‍ക്കിലെ ഇഖാന്‍ സ്‌കൂള്‍ ഓഫ് മെഡിസിനില്‍ നിന്നുള്ള സംഘമാണ് പഠനം നടത്തിയത്. 

ഗര്‍ഭാവസ്ഥയില്‍ മാനസിക സമ്മര്‍ദ്ദത്തിനടിപ്പെട്ടാല്‍ അത് കുഞ്ഞുങ്ങളുടെ തൂക്കത്തെയാണത്രേ ബാധിക്കുക. മോശം മാനസികാവസ്ഥയിലൂടെ കടന്നുപോയ ഒരു സ്ത്രീക്കുണ്ടാകുന്ന കുഞ്ഞിന്റെ തൂക്കം കുറവായിരിക്കുമെന്നാണ് പഠനത്തിന്റെ കണ്ടെത്തല്‍. ആണ്‍കുഞ്ഞുങ്ങളുടെ കാര്യത്തിലാണത്രേ ഈ പ്രശ്‌നം പൊതുവില്‍ ഉണ്ടാകാറ്. അമ്മയുടെ മാനസികാവസ്ഥകള്‍ ഏത് തരത്തിലാണെങ്കിലും ഏറ്റവുമധികം ബാധിക്കുക ആണ്‍കുഞ്ഞുങ്ങളെയാണത്രേ. മുമ്പ് നടന്ന പഠനങ്ങളും ഇക്കാര്യം ഉറപ്പിക്കുന്നുണ്ടെന്നും ഗവേഷകര്‍ പറയുന്നു.

ഗര്‍ഭാവസ്ഥയില്‍ കടുത്ത മാനസിക സമ്മര്‍ദ്ദം അനുഭവിക്കുമ്പോള്‍ കോര്‍ട്ടിസോള്‍ എന്ന ഹോര്‍മോണ്‍ കൂടുതലായി ഉത്പാദിപ്പിക്കപ്പെടും. ഇതാണ് കുഞ്ഞുങ്ങളുടെ തൂക്കത്തെ ബാധിക്കുന്നത്. ഗര്‍ഭിണിയാകുന്നതിന് മുമ്പ് അനുഭവിച്ച വിഷമതകളുടെ ഒരു തുടര്‍ച്ച മനസ്സില്‍ ബാക്കി കിടപ്പുണ്ടെങ്കില്‍ അതും ഒരുപക്ഷേ കുഞ്ഞിനെ ബാധിച്ചേക്കാം. 

stress in pregnant woman may affect the weight of infant

അതേസമയം സമ്മര്‍ദ്ദം നേരിടുന്ന എല്ലാ സ്ത്രീകളുടെയും കുഞ്ഞുങ്ങളില്‍ തൂക്കത്തിന്റെ പ്രശ്‌നം കാണണമെന്നില്ലെന്നും പഠനം ഓര്‍മ്മിപ്പിക്കുന്നു. പല തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളായി അവ അമ്മയിലും കുഞ്ഞിലും ഭാഗിക്കപ്പെട്ട് കിടക്കാനും മതിയത്രേ. അതായത് ഗര്‍ഭകാലത്ത് സ്ത്രീയുടെ മുന്‍കാല മാനസികനിലയും അപ്പോഴുള്ള മാനസികനിലയുമെല്ലാം കൃത്യമായി വിലയിരുത്തി, അതിനാവശ്യമായ പരിഗണനകള്‍ നല്‍കല്‍ നിര്‍ബന്ധമാണ്. ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ സംഭവിക്കുന്നതായി കണ്ടെത്തിയാല്‍ അതിന് ആവശ്യമായ ചികിത്സകളും തേടാവുന്നതാണ്. 

സ്ത്രീയുടെ സാമൂഹികവും, സാമ്പത്തികവുമായ അവസ്ഥകളും കുഞ്ഞുങ്ങളെ ബാധിക്കുമെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു. നല്ല രീതിയില്‍ ഭക്ഷണം കഴിച്ചും, മാനസികോല്ലാസങ്ങളില്‍ ഏര്‍പ്പെട്ടും ജീവിച്ച സ്ത്രീയുടെ കുഞ്ഞിനെക്കാള്‍ ആരോഗ്യപരമായി പിറകിലായിരിക്കും അത്തരത്തില്‍ ജീവിക്കാത്ത സത്രീയുടെ കുഞ്ഞെന്ന് ഇവര്‍ അവകാശപ്പെടുന്നു. മതിയായ സൗകര്യങ്ങളില്‍ ഗര്‍ഭിണികളെ പരിചരിക്കുന്നതിലൂടെ ചെറിയ ശതമാനം വരെ ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്നും ഇവര്‍ നിര്‍ദേശിക്കുന്നു. 'ദ ജേണല്‍ ഓഫ് പീഡിയാട്രിക്‌സ്' എന്ന പ്രസിദ്ധീകരണമാണ് പഠനത്തിന്റെ മുഴുവന്‍ വിശദാംശങ്ങളും പുറത്തുവിട്ടത്.
 

Follow Us:
Download App:
  • android
  • ios