22 വയസ്സുകാരന്‍റെ വയറ്റില്‍ നിന്ന് നീക്കം ചെയ്തത് വലിയ കുടലിന്റെ 30 ഇഞ്ച്. വര്‍ഷങ്ങളായി വളര്‍ന്നു കൊണ്ടിരിക്കുകയായിരുന്നു ഇത്. ചൈനയിലെ ഷാന്‍ഗായിയിലെ ആശുപത്രിയിലാണ് ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയത്. കുടലിന്‍റെ വളര്‍ച്ച കാരണം യുവാവിനെ കണ്ടാല്‍ ഗര്‍ഭിണിയാണെന്നായിരുന്നു തോന്നുന്നത്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി പല ആശുപത്രിയിലെയും മരുന്നുകള്‍ ഇതിനായി കഴിച്ചിരുന്നു.

എന്നാല്‍ യുവാവിന്റെ വയറ്റിലെ വേദനയോ കുടലിന്റെ വളര്‍ച്ചയോ തടയാന്‍ സാധിച്ചിരുന്നില്ല. നീക്കം ചെയ്ത കുടല്‍ കണ്ടാല്‍ എപ്പോള്‍ വേണമെങ്കിലും പൊട്ടിത്തെറിക്കുന്ന രീതിയിലായിരുന്നുവെന്ന് ഡോക്ടര്‍ പറയുന്നു. കടുത്ത വേദനയോടെയാണ് യുവാവ് ആശുപത്രിയില്‍ എത്തിയത്. തുടര്‍ന്ന് ടെസ്റ്റുകള്‍ക്ക് വിധേയനാക്കിയ ശേഷം യുവാവിനെ ഓപ്പറേഷന്‍ തിയേറ്ററിലേക്ക് കൊണ്ടു പോവുകയായിരുന്നു. 

തുടര്‍ന്ന് മൂന്നു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയ്ക്ക് ശേഷമാണ് ഇത് നീക്കം ചെയ്തത്. ഈ കുടലിന്‍റെ തൂക്കം 13 കിലോ വരുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ശസ്ത്രക്രിയയ്ക്ക് ശേഷം യുവാവ് സുഖമായി ഇരിക്കുന്നുവെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.