മുംബൈയ്ക്കടുത്താണ് സോംനാഥ് മാത്രെ എന്ന പതിനെട്ടുകാരൻ താമസിച്ചിരുന്നത്. നമ്മുടെ വാവ സുരേഷിനെ പോലെ ഒരാൾ. എവിടെ പാമ്പ് വന്നാലും സോംനാഥിന് വിളി വരും. ഉടൻ അവിടെയെത്തി നിഷ്പ്രയാസം പാമ്പിനെ പിടികൂടി നാട്ടുകാരുടെ ഭീതിയകറ്റും. പാമ്പിനെ പിടികൂടുകമാത്രമല്ല, വാവ സുരേഷിനെ പോലെ, ചില ബോധവൽക്കരണ പരിപാടികളും സോംനാഥ് നടത്താറുണ്ട്. ഇതിന്റെ ഭാഗമായി പിടികൂടുന്ന പാമ്പിനെ ചുംബിക്കുന്ന പരിപാടി ഒഴിവാക്കാനാകാത്തതാണ്. എന്നാൽ പാമ്പിനോടുള്ള സാഹസികത കഴിഞ്ഞ ദിവസം സോംനാഥിന്റെ ജീവനെടുത്തു. ഒരു മൂർഖൻ പാമ്പിനെ ചുംബിക്കുന്ന ഫോട്ടോ എടുക്കുന്നതിനിടെയാണ് പെട്ടെന്ന് സോംനാഥിന് കടിയേറ്റത്. ആദ്യം തലയ്ക്ക് കടിയേറ്റ സോംനാഥ് താഴേക്ക് മറിഞ്ഞുവീണു. പാമ്പും ഒപ്പം സോംനാഥിന്റെ പുറത്തേക്ക് വീണു. തുടർന്ന്, സോംനാഥിന്റെ നെഞ്ചത്ത് പാമ്പിന്റെ പല്ലുകൾ തുടരെത്തുടരെ ആഴ്ന്നിറങ്ങി. വൈകാതെ സോംനാഥിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും, അഞ്ചു ദിവസം ഗുരുതരാവസ്ഥയിൽ കിടന്ന ശേഷം മരണം സംഭവിക്കുകയായിരുന്നു. മഹാരാഷ്ട്രയിലെ ബെലാപുർ ജില്ലയിൽ ഒരു കാറിൽനിന്ന് പിടികൂടിയ പാമ്പാണ് സോംനാഥിന്റെ ജീവനെടുത്തത്. ബെലാപുരിൽനിന്ന് പിടികൂടിയ പാമ്പുമായി തൊട്ടടുത്ത് മറ്റൊരു പാമ്പിനെ പിടികൂടാനെത്തിയ, സോംനാഥ് ആൾക്കൂട്ടത്തിന് മുന്നിൽ അഭ്യാസപ്രകടനം കാണിക്കവെയാണ് അപകടമുണ്ടായത്. ഇതിനോടകം നൂറിലേറെ പാമ്പുകളെ സോംനാഥ് പിടികൂടിയിട്ടുണ്ട്. മഹാരാഷ്ട്രയിലെ അറിയപ്പെടുന്ന മൃഗസംരക്ഷണ പ്രവർത്തകൻ കൂടിയാണ് സോംനാഥ്.