ഉറക്കത്തില്‍ ശ്വാസമെടുക്കുമ്പോള്‍, മൂക്കിനും വായ്ക്കും പിന്നിലായി വായുവിന് സുഗമമായി കടന്നുപോകാനുള്ള സൗകര്യമില്ലാതാകുന്നതോടെയാണ് കൂര്‍ക്കംവലിക്കുന്നത്. ഏതെങ്കിലും തരത്തില്‍ വായു കടന്നുപോകുന്നതിന് തടസ്സം നേരിടുന്നതാണ് ഇതിന് കാരണമാകുന്നത്

കൂര്‍ക്കംവലി ഒരു തീരാശാപമാണെന്നും അതിന് ചികിത്സയില്ലെന്നും കരുതി വിഷമിക്കുന്നവര്‍ ധാരാളമാണ്. ഇത് കൃത്യമായി കൂര്‍ക്കംവലിയുടെ കാരണങ്ങളെ കുറിച്ച് അറിവില്ലാത്തത് കൊണ്ടുള്ള പ്രശ്‌നം കൂടിയാണ്. കാരണങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞാല്‍ ഇതിനും ചികിത്സയുണ്ട്. 

ഉറക്കത്തില്‍ ശ്വാസമെടുക്കുമ്പോള്‍, മൂക്കിനും വായ്ക്കും പിന്നിലായി വായുവിന് സുഗമമായി കടന്നുപോകാനുള്ള സൗകര്യമില്ലാതാകുന്നതോടെയാണ് കൂര്‍ക്കംവലിക്കുന്നത്. ഏതെങ്കിലും തരത്തില്‍ വായു കടന്നുപോകുന്നതിന് തടസ്സം നേരിടുന്നതാണ് ഇതിന് കാരണമാകുന്നത്. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിലാണ് കൂര്‍ക്കംവലി സാധാരണഗതിയില്‍ കൂടുതല്‍ കാണാറ്. കുട്ടികളിലും ഇത് കാണപ്പെടാറുണ്ട്. 

കൂര്‍ക്കംവലിയുടെ പ്രധാന കാരണങ്ങള്‍...

ഒന്ന്...

ഉറങ്ങുന്നതിന് മുമ്പായി അമിതമായി മദ്യപിക്കുന്നത് കൂര്‍ക്കംവലിക്ക് ഇടയാക്കും. ആല്‍ക്കഹോള്‍ ഒരു സെഡേറ്റീവ് ആണെന്നറിയാമല്ലോ. ഇത് നല്ലരീതിയില്‍ മയങ്ങാനിടയാക്കും. അതോടെ തൊണ്ടയിലെ പേശികള്‍ മുഴുവനായി 'റിലാക്‌സ്ഡ്' ആകും. ഇതാണ് കൂര്‍ക്കംവലിക്ക് കാരണമാകുന്നത്. 

രണ്ട്...

വലിയ ടോണ്‍സില്‍സ് ഉള്ള കുട്ടികളിലും കൂര്‍ക്കംവലി പതിവാണ്. അതുപോലെ തന്നെ ശരീരവണ്ണം കൂടിയ ആളുകളും നന്നായി കൂര്‍ക്കംവലിക്കാറുണ്ട്. 

മൂന്ന്...

മൂക്കിന്റെ ഘടനയിലെ പ്രത്യേകതകളും ഇക്കാര്യത്തില്‍ വലിയ പങ്ക് വഹിക്കും. പരന്ന്, വലിയ മൂക്കുള്ളവര്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് കൂര്‍ക്കംവലിക്കുള്ള സാധ്യത കൂടുതലാണ്. 

നാല്...

പ്രായമാകുന്നതും കൂര്‍ക്കംവലിയുടെ ഒരു കാരണമാണ്. പ്രായമാകുമ്പോള്‍ തൊണ്ടയിലെ പേശികള്‍ ദുര്‍ബലമാകുന്നതാണ് ഇതിന് കാരണം. 

ചികിത്സകള്‍...

കാരണം മനസ്സിലാക്കിക്കഴിഞ്ഞാല്‍ കൂര്‍ക്കംവലിയുടെ ചികിത്സ വളരെ ലളിതമാണ്. മേല്‍ പറഞ്ഞ കാരണങ്ങളാണ് പൊതുവേ കൂര്‍ക്കംവലിയുണ്ടാക്കുന്നത്. ഇതില്‍ ഏത് പ്രശ്‌നമാണ് ഒരാള്‍ നേരിടുന്നതെന്ന് ഒരു ഡോക്ടര്‍ക്ക് എളുപ്പത്തില്‍ കണ്ടെത്താവുന്നതേയുള്ളൂ. തുടര്‍ന്ന് ആ പ്രശ്‌നത്തിനുള്ള പരിഹാരം ഡോക്ടറുടെ സഹായത്തോടെ തന്നെ തേടാവുന്നതുമാണ്. 

മൂക്കിന്റെ ഘടനയിലുള്ള വ്യതിയാനങ്ങള്‍ ഇത്തരത്തില്‍ ചികിത്സയിലൂടെ പരിഹരിക്കാവുന്നതാണ്. ശരീരവണ്ണമാണ് വില്ലനെങ്കില്‍ അത് നമുക്ക് തന്നെ മുന്‍കയ്യെടുത്ത് കുറക്കാവുന്നതേയുള്ളൂ. മദ്യപാനത്തിന്റെയും മറ്റ് ശീലങ്ങളുടെയും കാര്യത്തിലും പരിഹാരം കണ്ടെത്തേണ്ടത് നമ്മള്‍ തന്നെയാണ്.