Asianet News MalayalamAsianet News Malayalam

ഷാമ്പൂ അങ്ങനെ വെറുതെ ഉപയോഗിക്കല്ലേ; അറിയാം ഈ അഞ്ച് കാര്യങ്ങള്‍...

മുടി വൃത്തിയാക്കാനാണെങ്കിലും ഭംഗിയാക്കാനാണെങ്കിലും എല്ലാ ദിവസവും ഷാമ്പൂ ഉപയോഗിക്കുന്നത് മുടിയുടെ ആരോഗ്യത്തെ അപകടകരമായ രീതിയില്‍ ബാധിക്കും. അതിനാല്‍ ആഴ്ചയില്‍ ഒന്നോ രണ്ടോ എന്ന കണക്കില്‍ ഷാമ്പൂ ഉപയോഗിക്കുന്നതാണ് നല്ലത്

things should care while using shampoo
Author
Trivandrum, First Published Nov 17, 2018, 11:46 PM IST

ഷാമ്പൂ ഉപയോഗിക്കുന്നത് മുടി വൃത്തിയാക്കാനും ഭംഗിയാക്കാനുമെല്ലാമാണല്ലോ? എന്നാല്‍ അത് ഉപയോഗിക്കുന്ന രീതി ശരിയായില്ലെങ്കില്‍ നേര്‍വിപരീത ഫലങ്ങളും ഉണ്ടായേക്കാമെന്ന് എത്ര പേര്‍ക്കറിയാം! ചില ചെറിയ കാര്യങ്ങള്‍ കരുതിയാല്‍ തന്നെ ഇത്തരം പ്രശ്‌നങ്ങളൊഴിവാക്കാവുന്നതേയുള്ളൂ. ഷാമ്പൂ ഉപയോഗിക്കുമ്പോള്‍ ഇത്രയും കരുതിയാല്‍ മതി...

ഒന്ന്...

ഓരോരുത്തരുടെയും മുടിയുടെ സ്വഭാവം വ്യത്യസ്തമാണ്. ഇതിന് അനുസരിച്ച് വേണം മുടിയിലുപയോഗിക്കുന്ന ഷാമ്പൂ ഉള്‍പ്പെടെയുള്ള ഉത്പന്നങ്ങള്‍ തെരഞ്ഞെടുക്കാനും. ഇതാണ് ആദ്യമായി ശ്രദ്ധിക്കേണ്ട കാര്യം. നമ്മുടെ മുടിയുടെ സ്വഭാവത്തിന് ഇണങ്ങുന്ന ഷാമ്പൂ തെരഞ്ഞെടുക്കുക. ആവശ്യമെന്ന് തോന്നുന്നുവെങ്കില്‍ ഇതിന് ഒരു ഹെയര്‍ സ്‌പെഷ്യലിസ്റ്റിന്റെ സഹായം തേടാവുന്നതുമാണ്. 

രണ്ട്...

ഷാമ്പൂ മുടിയില്‍ പ്രയോഗിക്കും മുമ്പ് മുടി നന്നായി നനയ്ക്കണം. മുടി നന്നായി നനഞ്ഞെങ്കില്‍ മാത്രമേ ഷാമ്പൂവിന്റെ യഥാര്‍ത്ഥ ഗുണം മുടിയില്‍ കാണൂ. നേരാംവണ്ണം നനയാത്ത മുടിയില്‍ ഷാമ്പൂ തേക്കുന്നത് മുടിയുടെ ആരോഗ്യത്തിന് അപകടവുമാണ്. മൂന്നോ നാലോ മിനുറ്റ് മുടി നനയ്ക്കാന്‍ വേണ്ടിത്തന്നെ ക്ഷമയോടെ മാറ്റിവയ്ക്കുക. 

മൂന്ന്...

ഷാമ്പൂ തേയ്ക്കുമ്പോള്‍, അത് മുടിയിലല്ല മറിച്ച് തലയോട്ടിയിലാണ് നന്നായി പിടിക്കേണ്ടത് എന്ന് മനസ്സിലാക്കുക. മുടിയില്‍ അല്‍പസ്വല്‍പം തേച്ചുപോവുകയും തലയോട്ടിയില്‍ സാമാന്യം നല്ലരീതിയില്‍ തന്നെ പിടിപ്പിക്കുകയും ചെയ്യുക. എന്നാല്‍ കണ്ടീഷ്ണര്‍ ഉപയോഗിക്കുമ്പോള്‍ നേരെ തിരിച്ച് മുടിയിലാണ് നല്ലരീതിയില്‍ പ്രയോഗിക്കേണ്ടത്. തലയോട്ടിയില്‍ അത്ര കാര്യമായി ഇത് തേയ്‌ക്കേണ്ടതില്ല. 

നാല്...

ഷാമ്പൂ തേച്ചതും ഉടന്‍ തന്നെ കഴുകിക്കളയാന്‍ വെപ്രാളം കൂട്ടല്ലേ. അത് ഒരിക്കലും ഗുണം ചെയ്യില്ല. രണ്ടോ മൂന്നോ മിനുറ്റ് നേരത്തേക്ക് നന്നായി തേച്ച് പിടിപ്പിക്കാന്‍ ശ്രമിക്കുക. പിന്നീട് തണുത്ത വെള്ളമുപയോഗിച്ച് കഴുകിക്കളയാം. ഓര്‍ക്കുക, ഷാമ്പൂ ഉപയോഗിച്ച ശേഷം മുടി കഴുകാന്‍ തണുത്ത വെള്ളമേ എടുക്കാവൂ. 

അഞ്ച്...

മുടി വൃത്തിയാക്കാനാണെങ്കിലും ഭംഗിയാക്കാനാണെങ്കിലും എല്ലാ ദിവസവും ഷാമ്പൂ ഉപയോഗിക്കുന്നത് മുടിയുടെ ആരോഗ്യത്തെ അപകടകരമായ രീതിയില്‍ ബാധിക്കും. അതിനാല്‍ ആഴ്ചയില്‍ ഒന്നോ രണ്ടോ എന്ന കണക്കില്‍ ഷാമ്പൂ ഉപയോഗിക്കുന്നതാണ് നല്ലത്. ഷാമ്പൂ ഉപയോഗിക്കും മുമ്പ് മുടി അല്‍പം എണ്ണ പുരട്ടി നല്ലരീതിയില്‍ ഒന്ന് മസാജ് ചെയ്യുന്നത് വളരെ നല്ലതാണ്.

Follow Us:
Download App:
  • android
  • ios