Asianet News MalayalamAsianet News Malayalam

'നോ ബ്രാ ഡേ'യില്‍ അറിയാൻ, 'ബ്രാ'യെ കുറിച്ച് ചില സ്വകാര്യങ്ങള്‍...

പ്രത്യേകിച്ച് പ്രശ്നങ്ങളൊന്നുമില്ലെങ്കിലും ചിലപ്പോള്‍ അകാരണമായി അസ്വസ്ഥതയും ദേഷ്യവും വരുന്ന സ്ത്രീകള്‍ ഒന്ന് കരുതണം. കാരണം ഒരുപക്ഷേ നിങ്ങളുപയോഗിക്കുന്ന ബ്രാ ആയിരിക്കാം ഇതിന് കാരണം

things to know about bra on no bra day
Author
Trivandrum, First Published Oct 13, 2018, 2:41 PM IST

ശരീരത്തിന്‍റെ ആവശ്യം എന്നതിലധികം മനസ്സിന്‍റെ ആവശ്യമായിട്ടാണ് മിക്ക സ്ത്രീകളും ബ്രാ ധരിക്കുന്നത്. പലപ്പോഴും അതൊരു ശീലത്തിന്‍റെ ഭാഗമാണ്. അറിഞ്ഞോ അറിയാതെയോ പരിചയിച്ചും പഴകിയും പോയ ഒരു ശീലം. യഥാര്‍ത്ഥത്തില്‍ എന്തിനാണ് ഇത് ധരിക്കുന്നതെന്ന് പോലും ചിന്തിക്കാതെയാണ് ബഹുഭൂരിപക്ഷം സ്ത്രീകളും ബ്രാ വാങ്ങുന്നതും ഉപയോഗിക്കുന്നത്. സ്തനങ്ങളുടെ ആകൃതി കാത്തുസൂക്ഷിക്കാനാണ് ബ്രാ ധരിക്കുന്നതെന്നാണ് പൊതുവേയുള്ള അവകാശവാദം. എന്നാല്‍ 'സൗന്ദര്യം സംരക്ഷിക്കാനായി സ്ത്രീകളുടെ മേല്‍ അടിച്ചേല്‍പിക്കപ്പെട്ട അസ്വാതന്ത്ര്യമാണ് 'ബ്രാ'യെന്നാണ് പല സ്ത്രീകളും പറയുന്നത്. ശീലമായി മാറിയത് കൊണ്ടുതന്നെ ഉപേക്ഷിക്കാനാകാത്തതിനാലാണ് ഇപ്പോഴും ബ്രാ ഉപയോഗിക്കുന്നതെന്ന് പറയുന്ന സ്ത്രീകളും കുറവല്ല. 

'ബ്രാ' വില്ലനാകുന്നത്....

സംഗതി ഒരു ചെറിയ അടിവസ്ത്രമാണെങ്കിലും ബ്രാ വില്ലനാകുന്ന ചില സന്ദര്‍ഭങ്ങളുണ്ട്. സ്തനങ്ങളെ സംരക്ഷിക്കേണ്ട ചുമതലയുള്ള ബ്രാ തന്നെ സ്തനങ്ങളെ നശിപ്പിക്കുന്ന അവസ്ഥ. ഇത് പ്രധാനമായും ധരിക്കുന്നവരുടെ അശ്രദ്ധ കൊണ്ട് കൂടി സംഭവിക്കുന്നതാണ്. പലപ്പോഴും തങ്ങളുടെ അളവിനുള്ള ബ്രായല്ല, സ്ത്രീകള്‍ ഉപയോഗിക്കുന്നത്. ഇത് പിന്നീട് മാരകമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഇടയാക്കും. മിക്കവാറും തങ്ങള്‍ക്കാവശ്യമായ സൈസില്‍ നിന്ന് ഒരുപടി ചെറിയ സൈസുള്ള ബ്രായാണ് പലരും ഉപയോഗിക്കുന്നത്. 

സൈസ് കൂടിയത് ഉപയോഗിക്കുന്നതിനെക്കാള്‍ ഗുരുതരമായ പ്രശ്നങ്ങളാണ് സൈസ് കുറവുള്ള, ഇടുങ്ങിയ ബ്രാ ഉപയോഗിക്കുന്നത് മൂലം ഉണ്ടാവുക. കപ്പ് സൈസാണ് കുറവെങ്കില്‍ ഇത് സ്തനങ്ങളില്‍ വേദനയുണ്ടാക്കും. സ്ട്രാപ്പിലുള്ള വ്യത്യാസങ്ങള്‍ ചുമല്‍ വേദനയും നടുവേദനയുമുണ്ടാക്കും. 

things to know about bra on no bra day

തെറ്റായ സൈസിലെ ബ്രാ ധരിക്കുന്നത് ലിംഫ് നോഡുകളെയും പ്രതികൂലമായി ബാധിക്കും. സ്തനങ്ങള്‍ അമര്‍ന്നിരിക്കുന്നതിനാല്‍ ലിംഫ് വാള്‍വുകള്‍ അട‍ഞ്ഞിരിക്കും. ഇത് ക്രമേണ ലിംഫ് നോഡുകളെ നശിപ്പിച്ചേക്കും. ഇതിന് പുറമെ സ്തനങ്ങള്‍ അമര്‍ത്തിക്കെട്ടി വയ്ക്കുന്നത് രക്തയോട്ടത്തെയും കാര്യമായി ബാധിക്കും. രക്തയോട്ടം കുറയുന്നത് പല തരത്തിലുള്ള ശാരീരിക ബുദ്ധിമുട്ടുകള്‍ക്കും അസുഖങ്ങള്‍ക്കും ഇടയാക്കും. 

ഇനി സൈസ് കൂടിയ ബ്രാ ധരിക്കുകയാണെങ്കിലോ! ഒരേയൊരു പ്രശ്നമേയുള്ളൂ. സ്തനങ്ങളുടെ ആകൃതി ബ്രാ ധരിച്ചില്ലെങ്കില്‍ ഉണ്ടായിരിക്കുന്നതിനെക്കാള്‍ മോശമാകും. 

'ബ്രാ' ഇടപെട്ട് മാറ്റുന്ന മാനസികാവസ്ഥകള്‍...

പ്രത്യേകിച്ച് പ്രശ്നങ്ങളൊന്നുമില്ലെങ്കിലും ചിലപ്പോള്‍ അകാരണമായി അസ്വസ്ഥതയും ദേഷ്യവും വരുന്ന സ്ത്രീകള്‍ ഒന്ന് കരുതണം. കാരണം ഒരുപക്ഷേ നിങ്ങളുപയോഗിക്കുന്ന ബ്രാ ആയിരിക്കാം ഇതിന് കാരണം. കളിയല്ല, ബ്രാ നിങ്ങളുടെ സ്തനങ്ങള്‍ മാത്രമല്ല മാനസികാവസ്ഥകളേയും നിയന്ത്രിക്കുന്നുണ്ട്. 

ഇതിന് നേരത്തേ സൂചിപ്പിച്ചത് പോലെ ബ്രായുടെ സൈസ് വളരെ പ്രധാനമാണ്. അതുപോലെ പ്രധാനമാണ് മെറ്റീരിയലും. ഏതുതരം തുണി കൊണ്ടുള്ള ബ്രായാണ് ധരിക്കുന്നത്, എന്ത് തരം സ്ട്രാപ്പാണ്- ഇതെല്ലാം പ്രധാനം തന്നെ. കാലാവസ്ഥയ്ക്കനുസരിച്ച് അടിവസ്ത്രങ്ങള്‍ ധരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. ഇത് ഒരു പരിധി വരെ പ്രശ്നങ്ങള്‍ പരിഹരിക്കും. 

things to know about bra on no bra day

അമിതമായി നിയന്ത്രിക്കുന്ന രീതിയില്‍ ബ്രാ ഇറുകിപ്പിടിക്കുമ്പോള്‍ സ്വാഭാവികമായും ഒരസ്വസ്ഥത നിങ്ങളിലുണ്ടാകും. ഈ അസ്വസ്ഥത ശീലമായവര്‍ വരെയുണ്ടാകാം. തെറ്റായ അളവിലുള്ള ബ്രാ ഉണ്ടാക്കുന്ന നടുവേദന, കഴുത്തുവേദന, ചുമല്‍ വേദന- ഇവയെല്ലാം മൂഡ് മാറ്റങ്ങള്‍ക്കും പെട്ടെന്ന് ദേഷ്യം വരുന്നതിനും തലവേദനയ്ക്കുമെല്ലാം കാരണമാകും. 

പെട്ടെന്ന് വിയര്‍ക്കുന്നവരാണെങ്കില്‍ സ്തനങ്ങളില്‍ വിയര്‍പ്പ് കെട്ടിനിന്ന് ചൊറിച്ചിലോ ഫംഗസ് ബാധയോ ഉണ്ടായേക്കാം. ഇത്തരം ബുദ്ധിമുട്ടുകള്‍ തീര്‍ച്ചയായും നിങ്ങളുടെ ആത്മവിശ്വാസത്തെ പ്രതികൂലമായി ബാധിക്കും. 

സന്തോഷത്തോടെ 'ബ്രാ' ധരിക്കാം...

ഏറ്റവും 'കംഫര്‍ട്ടബിള്‍' ആയ തുണിത്തരം കൊണ്ടുള്ളതും കൃത്യമായ അളവിലുള്ളതുമായ ബ്രാകള്‍ മാത്രം ധരിക്കാന്‍ ശ്രദ്ധിക്കുക. സ്തനങ്ങളെ വൃത്തിയായി പിടിച്ചുനിര്‍ത്തുക എന്നതില്‍ കവിഞ്ഞ് കെട്ടിനിര്‍ത്തിയത് പോലെ അനുഭവപ്പെടരുത്. അത്തരം അനുഭവമുണ്ടായാല്‍ അത് ഉടന്‍ പരിഹരിക്കുക. 

things to know about bra on no bra day

മണിക്കൂറുകളോളം ബ്രാ ധരിക്കുന്നത് രക്തയോട്ടത്തെ കാര്യമായ രീതിയില്‍ ബാധിക്കുമെന്നതിനാല്‍ ദിവസത്തില്‍ കുറച്ച് മണിക്കൂറുകള്‍ 'നോ ബ്രാ അവേഴ്സ്' ആയി ആഘോഷിക്കുക. ഉറങ്ങുമ്പോള്‍ പ്രത്യേകിച്ചും ബ്രാ ഒഴിവാക്കാന്‍ ശ്രമിക്കുക. വീട്ടിനകത്തായിരിക്കുമ്പോള്‍ അല്‍പം കൂടി 'ഇന്‍ഫോര്‍മല്‍' ആയ ബ്രാകള്‍ ധരിക്കാന്‍ ശ്രമിക്കുക. വീതിയില്‍ സ്ട്രാപ്പുള്ളതോ, നെഞ്ച് മുഴുവന്‍ മറഞ്ഞുകിടക്കുന്നതോ, തോളിലേക്ക് അധികം ഭാരം വരാത്ത രീതിയില്‍ കഴുത്തിലൂടെ സ്ട്രാപ്പിറങ്ങിയതോ ആയവയാണ് ഇതിന് സൗകര്യം. 

ശീലമായത് മാറ്റുക അസാധ്യമായത് കൊണ്ടുതന്നെ ആ ശീലത്തിനകത്ത് വരുത്താനാകുന്ന ഗുണപരമായ മാറ്റങ്ങള്‍ പരിശീലിക്കുകയാണ് നല്ലത്. ബ്രാ ധരിക്കുന്ന കാര്യത്തിലും ഇത്രമാത്രമേ ശ്രദ്ധിക്കാനുള്ളൂ. സന്തോഷകരമായി മാത്രം വസ്ത്രം ധരിക്കുക, ഇതിലൂടെ നിറഞ്ഞ ആത്മവിശ്വാസവും സന്തോഷവും ഉണ്ടാകട്ടെ. 

Follow Us:
Download App:
  • android
  • ios