ആറ് ആഴ്ചയാണ് സാധാരണഗതിയില്‍ പ്രസവശേഷം ലൈംഗിക ജീവിതത്തിലേക്ക് തിരിച്ചുവരാനെടുക്കുന്ന ആരോഗ്യകരമായ ഇടവേള. ഇത് നീണ്ടുപോകുന്നത് ക്രമേണ വലിയ പ്രശ്നങ്ങളാണ് പങ്കാളികള്‍ക്കിടയില്‍ സൃഷ്ടിക്കുക

ആദ്യപ്രസവത്തിന് ശേഷം സ്ത്രീ, ശാരീരികമായും മാനസികമായും മറ്റൊരാളായി രൂപപ്പെടുന്നു. ഒരു സ്ത്രീയുടെ ജിവിതത്തില്‍ സംഭവിക്കുന്ന ഏറ്റവും വലിയ മാറ്റമാണ് ഇവരില്‍ സംഭവിക്കുന്നത്. എന്നാല്‍ പലപ്പോഴും ഇതിനെ വളരെ സ്വാഭാവികമായി ഉള്‍ക്കൊള്ളാന്‍ ആദ്യ പ്രസവസമയത്ത് മിക്ക സ്ത്രീകള്‍ക്കും കഴിയാറില്ല. ഇവര്‍ക്ക് ഗര്‍ഭധാരണ സമയത്തുള്ള സന്തോഷത്തില്‍ നിന്ന് വ്യത്യസ്തമായി ആശങ്കകള്‍ നിറഞ്ഞതാകുന്നു പ്രസവം. 

ആദ്യപ്രസവം ആശങ്കകള്‍ നിറഞ്ഞതാണെങ്കില്‍ തുടര്‍ന്നുള്ള ലൈംഗിക ജീവിതത്തെയും ഇത് കാര്യമായി ബാധിക്കുന്നു. വിവിധ കാരണങ്ങള്‍ കൊണ്ട് സ്ത്രീകള്‍ പ്രസവാനന്തര ലൈംഗികതയില്‍ നിന്ന് വിട്ടുനില്‍ക്കാറുണ്ട്. സാധാരണഗതിയില്‍ ആറ് ആഴ്ചയാണ് ഇതിന്റെ കാലയളവ്. ചിലപ്പോള്‍ ഇത് മൂന്ന് മാസം വരെ പോകാറുണ്ട്. മറ്റ് ചിലരാകട്ടെ ആറ് മാസം മുതല്‍ ഒരു വര്‍ഷം വരെ ഇടവേളയെടുക്കുന്നു. ഇടവേളയുടെ നീളം കൂടുന്നതിനനുസരിച്ച് പങ്കാളികള്‍ തമ്മിലുള്ള ബന്ധത്തിനും ഉലച്ചില്‍ സംഭവിക്കുന്നു. എന്നാല്‍ വളരെ ലളിതമായ ചില മാര്‍ഗങ്ങളിലൂടെ ഈ പ്രശ്‌നങ്ങളെ മറികടക്കാവുന്നതേയുള്ളൂ. 

തുറന്ന ചര്‍ച്ച

ഇതിനായി, സ്ത്രീകള്‍ ആദ്യം ചെയ്യേണ്ടത് തങ്ങള്‍ കടന്നുപോകുന്ന ശാരീരിക-മാനസികാവസ്ഥകളെ കുറിച്ച് പങ്കാളിയോട് തുറന്നുപറയലാണ്. പുരുഷന്മാര്‍ക്ക് തികച്ചും അപരിചിതമായ വിഷയങ്ങളായിരിക്കും ഇവ. തുറന്നുള്ള ചര്‍ച്ചകളോടെ പരസ്പരം മനസ്സിലാക്കാന്‍ കഴിയുകയും, അഭിമുഖീകരിക്കുന്ന പ്രതിസന്ധിയില്‍ ഇത് അല്‍പം ആശ്വാസം പകരുകയും ചെയ്യും. 

നല്ല ഉറക്കം നേടുക

കുഞ്ഞുങ്ങളെ പരിപാലിക്കുന്ന കാലങ്ങളില്‍ പൊതുവേ സ്ത്രീക്കും പുരുഷനും ആഴത്തിലുള്ള ഉറക്കം നഷ്ടപ്പെടാറുണ്ട്. കുഞ്ഞിനെ മുലയൂട്ടുന്നതിനാല്‍ പ്രത്യേകിച്ച് സ്ത്രീകള്‍ക്കാണ് കൂടുതല്‍ ഉറക്കവും നഷ്ടപ്പെടുക. ആവശ്യമുള്ള ഉറക്കം ലഭിക്കാത്ത അവസ്ഥയും ലൈംഗിക ജീവിതത്തെ പ്രതികൂലമായി ബാധിക്കും. കുഞ്ഞുങ്ങളുടെ ഉറക്കസമയം നോക്കി സ്വന്തം ഉറക്കവും ഇതോടൊപ്പം നടത്താനായാല്‍ ഒരു പരിധി വരെ ഈ പ്രശ്‌നം പരിഹരിക്കാം

ശാരീരിക വിഷമതകള്‍ക്ക് മരുന്ന് തേടുക

വേദന, അസ്വസ്ഥത, ഡ്രൈനെസ്സ് തുടങ്ങിയ ശാരീരികമായ വിഷമതകളാണ് ലൈംഗിക ജീവിതത്തില്‍ നിന്ന് പിന്നോട്ട് വലിക്കുന്നതെന്ന് തോന്നിയാല്‍ ഉടന്‍ തന്നെ ഒരു ഡോക്ടറെ കാണാവുന്നതാണ്. ലൂബ്രിക്കന്റ് ഉള്‍പ്പെടെയുള്ള പ്രതിവിധികള്‍ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം ഉപയോഗിച്ചുനോക്കാം. 

മാനസികമായ അകല്‍ച്ച മാറ്റാം

പ്രസവാനന്തരം പങ്കാളികള്‍ തമ്മില്‍ മാനസികമായ അന്തരമുണ്ടാകുന്നത് അത്ര അപൂര്‍വ്വം സംഭവമല്ല. മിക്ക സ്ത്രീകളിലും ഇത്തരം സ്വാഭാവികമായ മാറ്റങ്ങളുണ്ടാകുന്നുണ്ട്. ഇതിന് അനുസരിച്ച് ശരീരവും പ്രവര്‍ത്തിക്കുന്നതിലൂടെ ലൈംഗിക ജീവിതത്തിന് താല്‍ക്കാലികമായെങ്കിലും പൂട്ട് വീഴുന്നു. എന്നാല്‍ പതിയെ പതിയെ ശരീരത്തെ പഴയ ശീലങ്ങളിലേക്ക് തിരിച്ചെത്തിക്കാവുന്നതാണ്. ആലിംഗനം പോലുള്ള ചെറിയ അടുപ്പങ്ങളിലൂടെ സമയമെടുത്ത് ഇത്തരത്തില്‍ ശരീരത്തെ പരിശീലിപ്പിക്കാം. 

അപകര്‍ഷതാബോധത്തെ മറികടക്കാം

ശരീരത്തിന് സംഭവിച്ച മാറ്റത്തില്‍ അപകര്‍ഷത തോന്നുന്നതും വളരെ സാധാരണമാണ്. സ്ത്രീകളെ സംബന്ധിച്ചിടത്തോളം ശരീരവുമായി ബന്ധപ്പെട്ട ചിന്തകള്‍ പുരുഷനെക്കാള്‍ കൂടുതലുമാണ്. അതുകൊണ്ടുതന്നെ അപകര്‍ഷതാബോധത്തിനുള്ള സാധ്യതകളും കൂടുതലാണ്. ആരോഗ്യാവസ്ഥ കൂടി കണക്കിലെടുത്ത് ലളിതമായ വ്യായാമങ്ങള്‍ ചെയ്ത് ശരീര സൗന്ദര്യം പതിയെ വീണ്ടെടുക്കാവുന്നതേയുള്ളൂ. 

ആശങ്കകള്‍ ഒഴിവാക്കാം

ആദ്യപ്രസവം അല്‍പം ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചിരുന്നുവെങ്കില്‍ തീര്‍ച്ചയായും സ്ത്രീകളില്‍ ആശങ്കയും പേടിയും ബാക്കിയായേക്കും. വീണ്ടും പെട്ടെന്ന് തന്നെ ഗര്‍ഭം ധരിക്കാന്‍ സാധ്യതയുണ്ടോയെന്ന പേടിയാണ് ഇതിലേറ്റവും പ്രധാനം. എന്നാല്‍ യുക്തിപൂര്‍വ്വം ചിന്തിച്ച് ഈ ആശങ്കയെ മറികടക്കാവുന്നതേയുള്ളൂ. സ്വയം ചികിത്സിക്കാനായില്ലെങ്കില്‍ ഒരു കൗണ്‍സിലിംഗ് തേടാവുന്നതുമാണ്. 

നല്ല ഭക്ഷണം കഴിക്കുക

കുഞ്ഞിനെ പരിപാലിക്കുകയും മുലയൂട്ടുകയും ചെയ്യുന്നതിനാല്‍ തന്നെ ആരോഗ്യകാര്യങ്ങളില്‍ ഒട്ടും വിട്ടുവീഴ്ച വരുത്തരുത്. ധാരാളം ഫലങ്ങളും, പച്ചക്കറികളും കഴിക്കുക. ശരീരത്തിലെ ജലാംശം കുറയുന്നതും ശ്രദ്ധിക്കുക. ഭക്ഷണത്തിലെ അശ്രദ്ധ മൂലമുണ്ടാകുന്ന തളര്‍ച്ചയും ലൈംഗികതയോടുള്ള വിരക്തിയായി കണക്കാക്കപ്പെടും. അതിനാല്‍ തന്നെ ശരീരം നന്നായി കരുതാന്‍ ഓര്‍ക്കുക.