Asianet News MalayalamAsianet News Malayalam

മൂന്ന് വയസ്സിനുള്ളില്‍ 22 ശസ്ത്രക്രിയക്ക് വിധേയനായ കുഞ്ഞ്...

തല അസാധാരണമാം വിധം വലുതായിരിക്കും ഈ രോഗാവസ്ഥയില്‍. ഇപ്പോള്‍ ഡേവി നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നവും ഇതുതന്നെയാണ്. കാണുന്നവരെല്ലാം ആദ്യം നോക്കുന്നത് ഡേവിയുടെ തലയിലേക്കായിരിക്കും.
 

three year old boy undergone 22 surgeries
Author
Pennsylvania, First Published Nov 18, 2018, 11:44 PM IST

ശസ്ത്രക്രിയയെന്ന് കേള്‍ക്കുമ്പേഴേ തലകറങ്ങുന്നവരാണ് മിക്കവാറും പേരും. എന്നാല്‍ മൂന്ന് വയസ്സിനുള്ളില്‍ 22 ശസ്ത്രക്രിയകള്‍ക്ക് വിധേയനായ ഒരു കുഞ്ഞുണ്ട്. പെന്‍സില്‍വാനിയയ്ക്കാരനായ ഡേവി റെയ്ഡ് എന്ന മൂന്ന് വയസ്സുകാരനാണ് ദുര്‍വിധിയോട് പൊരുതി ജീവിക്കുന്നത്. 

14 മാസമുള്ളപ്പോഴാണ് ഡേവിക്ക് 'ഹൈഡ്രോസെഫാലസ്' എന്ന രോഗമാണെന്ന് കണ്ടെത്തിയത്. തലച്ചോറിനകത്ത് അമിതമായ രീതിയില്‍ സ്രവമുണ്ടാകുന്ന അപൂര്‍വ്വാവസ്ഥയാണിത്. ക്രമേണ തലച്ചോറിന്റെ വിവിധ പ്രവര്‍ത്തനങ്ങളെ ഇത് ബാധിക്കും. കാഴ്ചശക്തിയെയും, അവയവങ്ങളുടെ പ്രവര്‍ത്തനത്തെയുമെല്ലാം പ്രതികൂലമായി ബാധിക്കും. 

തല അസാധാരണമാം വിധം വലുതായിരിക്കും ഈ രോഗാവസ്ഥയില്‍. ഇപ്പോള്‍ ഡേവി നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നവും ഇതുതന്നെയാണ്. കാണുന്നവരെല്ലാം ആദ്യം നോക്കുന്നത് ഡേവിയുടെ തലയിലേക്കായിരിക്കും. ഇത് തങ്ങളുടെ കുഞ്ഞിന്റെ മാനസികനിലയെ കൂടി ബാധിക്കുമോയെന്നാണ് ഡേവിയുടെ മാതാപിതാക്കളുടെ ഭയം. 

തലച്ചോറിനകത്ത് അമിതമായി ഉണ്ടാകുന്ന സ്രവം കുത്തിയെടുക്കുകയെന്ന ഏക ചികിത്സയേ ഈ രോഗത്തിനുള്ളൂ. ഡേവിക്ക് നടത്തിയ 22 ശസ്ത്രക്രിയകളും ഇതിന് വേണ്ടിയുള്ളതായിരുന്നു. 

ഇനിയും ശസ്ത്രക്രിയകള്‍ വേണ്ടിവരുമെന്നാണ് ഡോക്ടര്‍മാര്‍ അറിയിക്കുന്നത്. ഡോക്ടര്‍മാരുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് ചികിത്സയുമായി മുന്നോട്ടുപോവുകയെന്ന ഏകമാര്‍ഗമേ തങ്ങള്‍ക്ക് മുമ്പിലുള്ളൂവെന്ന് ഡേവിയുടെ അമ്മ ജേസിയും അച്ഛന്‍ ഡേവിഡ് റെയ്ഡും പറയുന്നു. ഏഴുവയസ്സുകാരനായ സഹോദരന്‍ നോഹാണ് ആശുപത്രികളില്‍ കഴിയുമ്പോള്‍ ഡേവിക്ക് കൂട്ട്. കുഞ്ഞനുജന്റെ അസുഖത്തെ കുറിച്ചറിയാതെ അവനോടൊപ്പം കളിച്ചും വഴക്കിട്ടും കഴിയുകയാണ് നോഹും.
 

Follow Us:
Download App:
  • android
  • ios