ഡോണള്‍ഡ് ട്രംപ് അമേരിക്കൻ പ്രസിഡന്റായ ശേഷമുള്ള ആദ്യ മെഡിക്കൽ പരിശോധനാ റിപ്പോര്‍ട്ട് പുറത്ത് വന്നു. എഴുപത്തിയൊന്നുകാരനായ ട്രംപിന്റെ ആരോഗ്യസ്ഥിതി ഏറ്റവും മികച്ചതാണെന്നാണ് ഡോക്‌ടര്‍മാര്‍ സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്. വാള്‍ട്ടര്‍ റീഡ് നാഷണൽ മിലിട്ടറി മെഡിക്കൽ സെന്ററിലെ ഡോക്‌ടര്‍മാരാണ് ട്രംപിന്റെ ആരോഗ്യസ്ഥിതി പരിശോധിച്ചത്. ബോഡി മാസ് ഇന്‍ഡക്‌സ്, റെസ്റ്റിങ് ഹാര്‍ട്ട് റേറ്റ്, രക്തസമ്മര്‍ദ്ദം, രക്തത്തിലേക്കുള്ള ഓക്‌സിജന്റെ ആഗിരണം എന്നിവയാണ് പ്രാഥമികമായി പരിശോധിച്ചത്. അതിനുശേഷം ഹൃദയം, ശ്വാസകോശം, കാഴ്‌ച, കൊളസ്ട്രോള്‍, രക്തത്തിലെ പഞ്ചസാര എന്നിവ വിശദമായി പരിശോധിച്ചു. മുൻ പ്രസിഡന്റുമാരുടെ മാനസികാരോഗ്യം പരിശോധിച്ചിരുന്നെങ്കിലും ട്രംപിന്റെ കാര്യത്തിൽ അതുണ്ടായില്ല. ട്രംപിന്റെ മാനസികാരോഗ്യം ശരിയല്ലെന്നും, അത് പരിശോധിക്കണമെന്നും വിമര്‍ശനമുണ്ടായിരുന്നു. പരിശോധനകള്‍ക്ക് ഒടുവിൽ ട്രംപിന് എന്തെങ്കിലും മരുന്നോ ചികിൽസയോ നൽകേണ്ടതില്ലെന്നും ഡോക്‌ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. ഭക്ഷണശീലം കൃത്യസമയത്ത് തന്നെ തുടരണമെന്നും വ്യായാമം മുടക്കരുതെന്നും ഡോക്‌ടർമാര്‍ ഉപദേശിച്ചിട്ടുണ്ട്.