ജാപ്പനീസ് കമ്പനിയായ ഹിറ്റാച്ചിയാണ് ലോകത്ത് ആദ്യമായി ഇത്തരമൊരു പരീക്ഷണത്തിന് ഒരുങ്ങുന്നത്.
ക്യാന്‍സര്‍ ഈ കാലഘട്ടത്തിലെ മാരകമായ ഒരു അസുഖമാണ്. അനിയന്ത്രിതമായ കോശവളര്‍ച്ചയും കലകള്‍ നശിക്കുകയും ചെയ്യുന്ന രോഗം. ഓരോ വര്‍ഷവും 1.4 കോടി ജനങ്ങള്‍ ക്യാന്‍സര്‍ രോഗത്തിന് അടിപ്പെടുകയും, അതില്‍ പകുതിയോളം പേര്‍ മരണപ്പെടുകയും ചെയ്യുന്ന ഭീതിജനകമായ അവസ്ഥയാണ് ഇന്നുള്ളത്.
പല കാരണങ്ങള്‍ കൊണ്ട് അര്‍ബുദം വരാം. പലപ്പോഴും ക്യാന്‍സര്‍ വൈകി കണ്ടെത്തുന്നതാണ് ഈ മരണത്തിന് കാരണമാകുന്നത്. അതിനാല്‍ സൂചനകള് ആദ്യമെ കണ്ടെത്തുകയാണ് വേണ്ടത്. ക്യാന്‍സറുണ്ടോയെന്ന് സംശയം തോന്നിയാല്‍ ഡോക്‌ടറുടെ നിര്‍ദ്ദേശാനുസരണം ചില ബ്ലഡ് ടെസ്റ്റുകളാണ് ചെയ്യുന്നത്. ഇനി ഇതാ ക്യാന്‍സര്‍ കണ്ടെത്താം മൂത്രപരിശോധനയിലൂടെ. ജാപ്പനീസ് കമ്പനിയായ ഹിറ്റാച്ചിയാണ് ലോകത്ത് ആദ്യമായി ഇത്തരമൊരു പരീക്ഷണത്തിന് ഒരുങ്ങുന്നത്.
സാധാരണ ഊഷ്മാവില്‍ സൂക്ഷിച്ചിരിക്കുന്ന 250 മൂത്രസാമ്പിളുകളാണ് പരീക്ഷണത്തിന് ഉപയോഗിക്കുന്നത്. മൂത്രപരിശോധനയിലൂടെ സ്ത്രീകളില്‍ കാണപ്പെടുന്ന സ്തനാര്‍ബുദം കണ്ടുപിടിക്കാനുള്ള സാങ്കേതികവിദ്യ മുമ്പ് എഞ്ചിനീയറിങ്, ഐടി സ്ഥാപനമായ ഹിറ്റാച്ചി വികസിപ്പിച്ചെടുത്തിരുന്നു.
ഈ സംവിധാനം ക്യാന്‍സര്‍ പരിശോധന വളരെ എളുപ്പമാവും എന്നാണ് ഹിറ്റാച്ചി വക്താവ് പറയുന്നത്. മൂത്രങ്ങളിലെ മലിനവസ്തുക്കള്‍ തിരിച്ചറിഞ്ഞ് രോഗബാധ കണ്ടെത്തുന്ന രീതിയാണ് ഇത്. കുട്ടികളെ ബാധിക്കുന്ന ക്യാന്‍സര്‍ രോഗം കണ്ടെത്താനും ഈ രീതി ഉപയോഗിക്കാം.
