ഗർഭപാത്രം മാറ്റിവെച്ച സ്​ത്രീ അമേരിക്കയിൽ ആദ്യമായി കുഞ്ഞിന്​ ജന്മം നൽകി. ഡല്ലാസിലെ ബെയ്​ലർ യൂനിവേഴ്​സിറ്റി മെഡിക്കൽ സെന്‍ററിൽ നടത്തിയ ക്ലിനിക്കൽ ട്രയലിലാണ്​ സ്​ത്രീ കുഞ്ഞിന്​ ജന്മം നൽകിയത്​. ഇവരുടെ പ്രവർത്തനക്ഷമമല്ലാത്ത ഗർഭപാത്രം നീക്കുകയും മറ്റൊരു സ്​ത്രീ ദാനം നൽകിയ ഗർഭപാത്രം ഇവരിലേക്ക്​ മാറ്റിവെക്കുകയുമായിരുന്നു.

കുട്ടികൾ ഇല്ലാത്തവർക്ക്​ അതിന്​ അവസരം എന്ന നിലയിലാണ്​ ടെയ്​ലർ സെയിലർ എന്ന സ്​ത്രീ ഗർഭപാത്രം ദാനം നൽകിയത്​. ഗർഭപാത്രം മാറ്റിവെച്ചുള്ള ഗർഭധാരണ ​ശ്രമത്തിൽ അമേരിക്കയിൽ പരീക്ഷണം നടന്നുവരികയാണെങ്കിലും ആദ്യമായാണ്​ ഇതുവഴി സ്​ത്രീക്ക്​ കുഞ്ഞിക്കാല്‍​ കാണാൻ ഭാഗ്യമുണ്ടായത്​. നേരത്തെ സ്വീഡനിൽ പരീക്ഷണം വിജയം കണ്ടിട്ടുണ്ട്​.

ഒരു ദിവസം ത​ന്‍റെ കുഞ്ഞുങ്ങൾക്ക്​ പുറമെ തന്നെ ഏറെ ആഹ്ലാദവാനാക്കിയ കുഞ്ഞി​ന്‍റെ കരച്ചിലാണ്​ ഇപ്പോൾ താൻ ​കേട്ടതെന്നാണ്​ ഗർഭപാത്രം മാറ്റിവെക്കൽ ശസ്​ത്രക്രിയക്ക്​ ​നേതൃത്വം നൽകിയ ഗ്രിഗറി മെക്കന്ന പ്രതികരിച്ചത്​. ഗർഭപാത്രം മാറ്റിവെച്ചവർ അടുത്ത ആർത്തവകാലത്തിനായി കാത്തിരിക്കണം. സാധാരണഗതിയിൽ നാലാഴ്​ച കൊണ്ട്​ ആർത്തവം സംഭവിക്കും. എങ്കിൽ മാത്രമേ മാറ്റിവെക്കൽ വിജയകരമായി എന്ന്​ പറയാനാകൂ. പിന്നീടാണ്​ ​ഐ.വി.എഫ്​ ചികിത്സാ രീതിയിലൂടെ ഗർഭധാരണം നടത്താൻ ശ്രമിക്കുന്നത്​.