പൊതുവെ സ്ത്രീകളാണ് അവരുടെ മാനസിക സംഘര്‍ഷത്തെ കുറിച്ചും അവര്‍ അനുഭവിക്കുന്ന വിഷാദ രോഗത്തെ കുറിച്ചും എപ്പോഴും തുറന്നുപറയുന്നത്. 

പൊതുവെ സ്ത്രീകളാണ് അവരുടെ മാനസിക സംഘര്‍ഷത്തെ കുറിച്ചും അവര്‍ അനുഭവിക്കുന്ന വിഷാദ രോഗത്തെ കുറിച്ചും എപ്പോഴും തുറന്നുപറയുന്നത്. ബോളിവുഡ് താരമായ ദീപിക പദുകോണ്‍ പോലും താന്‍ അനുഭവിച്ച വിഷാദ രോഗത്തെ കുറിച്ച് പൊതുസമൂഹത്തോട് തുറന്ന് പറഞ്ഞിട്ടുണ്ട്.

എന്നാല്‍ പുരുഷന്‍മാര്‍ ഇത്തരം മാനസിക സംഘര്‍ഷങ്ങളെ കുറിച്ച് തുറന്നുപറയാറില്ല. കാരണം മറ്റൊന്നുമല്ല. മാനസിക പ്രശ്നങ്ങള്‍ അനുഭവിക്കുന്നവരോടുളള സമൂഹത്തിന്‍റെ കാഴ്ചപ്പാട് തന്നെയാണ് ഇതിന് കാരണം. വിഷാദ രോഗം തൊട്ട് പല മാനസിക പ്രശ്നങ്ങള്‍ അനുഭവിക്കുന്നവരോടും സമൂഹത്തിന് ഒരു സഹതാപമാണ്. ചിലപ്പോള്‍ അവരെ മാറ്റിനിര്‍ത്താനുള്ള സാഹചര്യവുമുണ്ട്. ഇതാണ് പലപ്പോഴും ഇത്തരം പ്രശ്നങ്ങള്‍ ആരും തുറന്നുപറയാത്തത്. എന്നാല്‍ ഇതുകൊണ്ട് ആത്മഹത്യ പ്രേരണ പോലും ഇത്തരക്കാരില്‍ ഉണ്ടാകാം. 

 മാനസിക സംഘര്‍ഷം കൊണ്ട് ആത്മഹത്യ ചെയ്ത് പുരുഷന്മാരുടെ എണ്ണം 1999ലെ റിപ്പോര്‍ട്ടിനെ അപേക്ഷിച്ച് നാല് ഇരട്ടി കൂടുതല്‍ എന്നാണ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്‍റല്‍ ഹെല്‍ത്തിന്‍റെ കണക്ക് സൂചിപ്പിക്കുന്നത്. പുരുഷന്മാര്‍ തങ്ങള്‍ക്ക് ഉണ്ടാകുന്ന മാനസിക സംഘര്‍ഷങ്ങള്‍ തുറന്നു പറയാത്തത് തന്നെയാണ് ഇതിന് കാരണമെന്നും പുതിയ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. 

പുരുഷന്മാര്‍ തനിക്ക് ഉണ്ടാകുന്ന മാനസിക സംഘര്‍ഷങ്ങള്‍ ദേഷ്യപ്പെട്ടും വയലന്‍റ് ആയും മദ്യപാനത്തിലൂടെയുമാണ് പലപ്പോഴും പ്രകടപ്പിക്കുന്നത്. അവര്‍ അവരുടെ പ്രശ്നങ്ങള്‍ ആരോടും പറയില്ല. എല്ലാം ഉള്ളില്‍ ഒത്തുക്കി ജീവിക്കും. അവരെ ഇത് തുറന്നു പറയാന്‍ സമ്മതിക്കാത്തത് ചെറുപ്പം മുതലേ അവര്‍ കേട്ട് വളര്‍ന്ന ചില പദങ്ങള്‍ തന്നെയാണ്. 'നീ ആണ് അല്ലേ', ആണ്‍ കുട്ടികള്‍ കരയാന്‍ പാടില്ല, ആണ്‍കുട്ടികള്‍ പേടിക്കാന്‍ പാടില്ല, ധൈര്യം ഉളളവരായിരിക്കണം.. ഇത്തരം ചില കാര്യങ്ങള്‍ നമ്മള്‍ തന്നെ അവരെ പഠിപ്പിച്ചുകഴിഞ്ഞു. അതുകൊണ്ട് തന്നെയാണ് തന്‍റെ വിഷമങ്ങളും തന്‍റെ മാനസിക പ്രശ്നങ്ങളും ഒന്നും തുറന്നുപറയാന്‍ അവര്‍ക്ക് കഴിയാത്തത്. അഞ്ചില്‍ ഒരു പുരുഷന്‍ മാനസിക പ്രശ്നങ്ങള്‍ അനുഭവിക്കുന്നു എന്നാണ് പഠനം പറയുന്നത്.