പലതരം ശാരീരിക പ്രത്യേകതകളുമായി കുഞ്ഞുങ്ങള്‍ ജനിക്കാറുണ്ട്. ചില അവയവങ്ങള്‍ പൂര്‍ണതയെത്താതെയോ, ചിലത് പൂര്‍ണമായും ഇല്ലാത്ത അവസ്ഥയിലുമൊക്കെ കുഞ്ഞുങ്ങള്‍ ജനിക്കാറുണ്ട്. ഇവിടെയിതാ, യോനി ഇല്ലാതെ ജനിച്ച പെണ്‍കുട്ടിയെക്കുറിച്ച് അറിയാം. അമേരിക്കയിലെ അരിസോണ സ്വദേശിനിയായ കെയ്‌ലി മോട്ട്സ് ആണ് യോനിമുഖം ഇല്ലാത്ത മയേര്‍ റോകിറ്റാന്‍സ്‌കി കുസ്റ്റര്‍ ഹൗസര്‍ സിന്‍ഡ്രോം എന്ന ആരോഗ്യ അവസ്ഥയുമായി ജനിച്ചത്. ലോകത്ത് 4500ല്‍ ഒരാള്‍ക്ക് മാത്രം സംഭവിച്ചേക്കാവുന്ന അവസ്ഥയാണിത്. സ്‌ത്രീകളിലെ പ്രത്യുല്‍പാദന അവയവങ്ങളുടെ സങ്കരമായ ഗര്‍ഭപാത്രം, സെര്‍വിക്‌സ്, യോനി എന്നിവ പൂര്‍ണവളര്‍ച്ചയെത്താതോ, ഒട്ടും രൂപപ്പെടാത്തതോ ആയ അവസ്ഥയാണിത്. ഇതേക്കുറിച്ച് സ്വന്തം ഫേസ്ബുക്ക് പേജിലൂടെ കെയ്‌ലി തന്നെയാണ് വെളിപ്പെടുത്തിയത്. അടുത്ത സുഹൃത്തുക്കള്‍ക്ക് പോലും കെയ്‌ലിയുടെ ഇത്തരമൊരു അവസ്ഥയെക്കുറിച്ച് അറിയില്ലായിരുന്നു. ഇക്കാര്യം തുറന്നു പറയാന്‍ നേരത്തെ ആശങ്കയുണ്ടായിരുന്നു. എന്നാല്‍ കാമുകന്‍ റോബി ലിമ്മറുടെ പ്രോല്‍സാഹനത്താലാണ് ഇപ്പോള്‍ ഇത് വെളിപ്പെടുത്തുന്നതെന്നും കെയ്‌ലി പറയുന്നു.

ആധുനികവൈദ്യശാസ്‌ത്രത്തില്‍ കെയ്‌ലി മോട്ട്‌സിന്റെ ശാരീരിക അവസ്ഥയ്‌ക്ക് പരിഹാരമുണ്ട്. വജൈനല്‍ ഡിലേറ്റേഴ്‌സ്, വജൈനോപ്ലാസ്റ്റി എന്നീ ചികില്‍സകളിലൂടെ ഇത് പരിഹരിക്കാം. യോനിമുഖം ചെറുതാണെങ്കില്‍ അത് വലുതാക്കുന്ന ചികില്‍സായണ് വജൈനല്‍ ഡിലേറ്റേഴ്‌‌സ്. യോനിമുഖം ഇല്ലാത്ത സ്‌ത്രീകളില്‍ ശസ്‌ത്രക്രിയയിലൂടെ അത് രൂപപ്പെടുത്തുന്ന ചികില്‍സയാണ് വജൈനോപ്ലാസ്റ്റി. കെയ്‌ലി മോട്ട്‌സിന്റെ പ്രശ്‌നം വജൈനോപ്ലാസ്റ്റിയിലൂടെ പരിഹരിക്കുകയായിരുന്നു. ഇന്ന് കാമുകന്‍ റോബി ലിമ്മറുമൊത്ത് ഏറെ സന്തോഷത്തോടെ ജീവിക്കുകയാണ് കെയ്‌ലി. മറ്റു സ്‌ത്രീകളെപ്പോലെ തന്നെ സാധാരണജീവിതം നയിക്കാനാകുന്നുണ്ടെന്ന് കെയ്‌ലി പറയുന്നു. ആദ്യമൊക്കെ ഈ അവസ്ഥയില്‍ വിഷമം തോന്നിയെങ്കിലും ഇന്ന് അത്തരത്തില്‍ പ്രത്യേകമായി ഒന്നും തോന്നാറില്ലെന്ന് കെയ്‌ലി പറയുന്നു.