ഏറെ പോഷകഗുണമുള്ള സമീകൃത ആഹാരമാണ് മുട്ട. മുട്ട കഴിച്ചാല്‍ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഇതൊന്നും പുതിയ കാര്യങ്ങളല്ല. എന്നാല്‍ സ്‌ത്രീകളെ സംബന്ധിച്ച് മുട്ട കഴിച്ചാല്‍ ഗുണമുള്ള ഒരു കാര്യം പറഞ്ഞുതരാം. ദിവസവും ഓരോ മുട്ടവെച്ച് കഴിച്ചാല്‍ സ്‌ത്രീകളിലെ സ്‌തനാര്‍ബുദം ഒരളവ് വരെ കുറയ്‌ക്കാനാകുമെന്നാണ് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. ജേര്‍ണല്‍ ബ്രസ്റ്റ് ക്യാന്‍സര്‍ റിസര്‍ച്ചില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ട് പ്രകാരം ദിവസവും ഓരോ മുട്ടയും നാരുകള്‍ അടങ്ങിയ ഭക്ഷണവും പച്ചക്കറികളും കഴിക്കുന്ന സ്‌ത്രീകളില്‍ സ്‌തനാര്‍ബുദം പിടിപെടാനുള്ള സാധ്യത 18 ശതമാനത്തില്‍ അധികം കുറയും. എപിഡെമിയോളജി, ബയോമാര്‍ക്കേഴ്‌സ് ആന്‍ഡ് പ്രിവന്‍ഷന്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച മറ്റൊരു പഠനത്തില്‍ പറയുന്നത് ഒരാഴ്‌ചയില്‍ ആറു മുട്ടകള്‍ വരെ കഴിച്ചാല്‍ സ്‌തനാര്‍ബുദ സാധ്യത 44 ശതമാനം വരെ കുറയുമെന്നാണ്. ഏതായാലും മുട്ട കഴിച്ചാല്‍ സ്‌തനാര്‍ബുദം കുറയുമെന്നാണ് വിവിധ പഠനങ്ങള്‍ പറയുന്നത്. മുട്ടയുടെ മഞ്ഞക്കരുവില്‍ ധാരാളം കൊളസ്‌ട്രോള്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ മഞ്ഞക്കരു ഒഴിവാക്കി, വെള്ളക്കരു മാത്രം കഴിക്കുന്നതാണ് ഉത്തമമെന്നും വിദഗ്ദ്ധര്‍ നിര്‍ദ്ദേശിക്കുന്നു.