
1934 മാര്‍ച്ച് അഞ്ചിനാണ് ലോകത്താദ്യമായി മദർ ഇൻ ലോ ദിനം ആഘോഷിച്ചു തുടങ്ങിയത്. അമേരിക്കന്‍ നഗരമായ ടെക്സസിലെ അമരില്ലോയിലെ ഒരു പ്രാദേശിക പത്രത്തിന്‍റെ എഡിറ്ററായിരുന്നു അതിനു നേതൃത്വം നല്‍കിയത്. പക്ഷേ മദേഴ്‍സ് ഡേയും ഫാദേഴ്സ് ഡേയും ലഭിച്ച പോലുള്ള സ്വീകാര്യത മദർ ഇൻ ലോക്ക് കിട്ടിയില്ലെന്നു മാത്രം.
പിന്നീട് വര്‍ഷങ്ങള്‍ക്കു ശേഷം 2002 മുതല്‍ എല്ലാവര്‍ഷവും ആ ദിനം മുടങ്ങാതെ ആഘോഷിച്ചു തുടങ്ങി. പക്ഷേ അപ്പോഴും ആഘോഷം ഏതാനും രാജ്യങ്ങളില്‍ മാത്രമായോതുങ്ങി. ഈ ദിനത്തില്‍ അമ്മായിയമ്മമാരെ ആദരിക്കാം. സഹായിക്കാം. നല്ല ഭക്ഷണമുണ്ടാക്കിക്കൊടുത്തോ വസ്ത്രം വാങ്ങിനല്‍കിയോ എഫ് ബിയില്‍ പോസ്റ്റിട്ടോ സന്തോഷിപ്പിക്കാം. അമ്മായിയമ്മയെ കൂട്ടി ഔട്ടിങ്ങിനു പോവാം.

ഇന്നത്തെ കാലത്ത്, കീരിയും പാമ്പും പോലുള്ള അമ്മായിയമ്മയും മരുമകളും സീരിയല്‍ കഥകളില്‍ മാത്രമേയുണ്ടാകൂ. ഇന്നു കാണുന്ന സീരിയലുകളിലും മറ്റും അമ്മായിയമ്മമാരെ കുശുമ്പും കുന്നായ്മയും മാത്രം അറിയാവുന്ന ദുഷ്ടകഥാപാത്രങ്ങളായാണ് ചിത്രീകരിക്കുന്നത്. എന്നാല്‍ അമ്മായിയമ്മമാരും ആദരിക്കപ്പെടേണ്ടവരല്ലേ? സ്വന്തം മാതാവിനെ പോലെ തന്നെ അമ്മായിയമ്മയെയും മരുമക്കൾ സ്നേഹിക്കേണ്ടതല്ലേ? ഇതിനുത്തരം നൽകേണ്ടത് ഓരോ മരുമക്കളുമാണ്.

ഇതാ അമ്മായിയമ്മമാരെ കൈയ്യിലെടുക്കാന്‍ 7 പൊടിക്കൈകള്‍
1. ആദ്യം അമ്മായിയമ്മയും അമ്മ തന്നെയാണെന്ന് അംഗീകരിച്ചു സ്നേഹിക്കുക
2. അമ്മായിയമ്മയുടെ സ്വഭാവം അതേ പോലെ അംഗീകരിക്കുക
3. നമ്മുടെ ഇഷ്ടങ്ങൾ ഒരിക്കലും അവരിൽ അടിച്ചേൽപ്പിക്കാതിരിക്കുക
4. അവരുടെ ഇഷ്ടങ്ങൾ മനസിലാക്കി അതിനനുസരിച്ചു പെരുമാറാൻ ശ്രമിക്കുക
5. പൊരുത്തക്കേടുകൾ മനസിൽ സൂക്ഷിക്കാതെ തുറന്നു പറയുക
6. തീരുമാനങ്ങളില്‍ അവരുടെ അഭിപ്രായവും പരിഗണിക്കുക
7. എല്ലാം തുറന്നു പറയാവുന്ന ഒരു നല്ല സുഹൃത്താക്കി മാറ്റുക
സ്നേഹം കൊണ്ടു മാറ്റാൻ പറ്റാത്ത രോഗമില്ല. മനസറിഞ്ഞു സ്നേഹിക്കുക. അങ്ങനെ എല്ലാ അമ്മായിയമ്മമാരെയും അമ്മമാരാക്കുക. അപ്പോള്‍ അവരും ഉയരും. എല്ലാ മരുമക്കളും സ്വന്തം മക്കളാകും. ലോക അമ്മായിയമ്മ ദിനത്തിൽ എല്ലാ അമ്മായിയമ്മമാർക്കും ആശംസകൾ.

