മാനസികവും ശാരീരികവുമായ ആരോഗ്യസംരക്ഷണത്തില്‍ ഏറ്റവും പ്രധാനപ്പെട്ട പങ്കാണ് യോഗയ്ക്ക് ഉള്ളത്. വിവിധ യോഗ മുറകള്‍ ദൈനംദിനമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ശാശ്വതപരിഹാരമേകുമെന്ന് അനുഭവത്തിലൂടെ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ അവതരിപ്പിക്കുന്ന പ്രതിവാര യോഗാഭ്യാസ പരിശീലന പരിപാടിയായ യോഗാരോഗ്യം രണ്ടാം ഭാഗത്തില്‍ വജ്രാസനം എന്ന യോഗമുറയാണ് വായനക്കാര്‍ക്കായി പങ്കുവെയ്ക്കുന്നത്. ഈ യോഗമുറ സ്ഥിരമായി അഭ്യസിക്കുന്നതുവഴി ദഹനേന്ദ്രിയങ്ങളെ ശക്തിപെടുത്താനും, ഷുഗര്‍, ആര്‍ത്തവസംബന്ധമായ അസുഖങ്ങള്‍, എന്നിവയ്ക്കും ജനനേന്ദ്രിയങ്ങളുമായി ബന്ധപ്പെട്ട നാഡീഞരമ്പുകള്‍ക്ക് ശക്തി ലഭിക്കുന്നതിനും സഹായകരമാകും.

വജ്രാസനം
~~~~~~~~~
ധ്യാന നിലയ്ക്ക് ഏറെ ഉചിതമായ ഒരാസനമാണ് വജ്രാസനം.

കാലുകള്‍ ചേര്‍ത്തുവെച്ച് കൈകള്‍ ഇരുവശങ്ങളില്‍ വെച്ച് നിവര്‍ന്നിരിക്കുക. 'സ്ഥിതി' എന്ന് പറയുന്ന ഈ പൊസിഷനില്‍ ഇരുന്നുകൊണ്ടാണ് വജ്രാസനം ആരംഭിക്കുന്നത്. ആദ്യം വലതുകാല്‍ വലതുവശത്തു കൂടി സാവധാനത്തില്‍ മടക്കുക അതുപോലെ തന്നെ ഇടതുകാലും ഇടതു വശത്തുകൂടി സാവധാനത്തില്‍ മടക്കി വെക്കുക. ഇരു പാദങ്ങളിലെയും വിരലുകളുടെ ഭാഗം ചേര്‍ത്തു വെച്ച് അതേ സമയം ഉപ്പൂറ്റികള്‍ അകറ്റി വെച്ച് തറയില്‍ അമര്‍ന്നിരിക്കുക. കൈകള്‍ രണ്ടും കാല്‍മുട്ടിനു മുകളില്‍ വെച്ച് നട്ടെല്ല് വളയാതെ നിവര്‍ന്നിരിക്കുക.

ഈ പൊസിഷനില്‍ ഇരുന്നുകൊണ്ട് 10 മുതല്‍ 25 തവണ വരെ ദീര്‍ഘമായി ശ്വാസോച്ച്വസം ചെയ്യാം. കാല്‍ മുട്ട്, കണങ്കാല്‍, തുടയിലെ മസിലുകള്‍ എന്നിവയ്ക്കാണ് വജ്രാസനം ഏറ്റവും ഇഫക്‌ട് ചെയ്യുന്നത്. കൈകളും കാലുകളും സ്വതന്ത്രമാക്കി കാലുകള്‍ നീട്ടിവെച്ച് 'സ്ഥിതി'യിലേക്ക് തിരിച്ചു വരിക. ശ്വാസോച്ച്വസം ക്രമപ്പെടുത്തി വിശ്രമാവസ്ഥയില്‍ എത്തിച്ചിട്ടുവേണം വജ്രാസനം അവസാനിപ്പിക്കുന്നത്.

ദഹനേന്ദ്രിയങ്ങളെ ശക്തിപെടുത്താനും, ഷുഗര്‍, ആര്‍ത്തവസംബന്ധമായ അസുഖങ്ങള്‍, എന്നിവയ്ക്കും ജനനേന്ദ്രിയങ്ങളുമായി ബന്ധപ്പെട്ട നാഡീഞരമ്പുകള്‍ക്ക് ശക്തി ലഭിക്കുന്നതിനും വജ്രാസനം ദിനവും പരിശീലിക്കുന്നത് വളരെ നല്ലതാണ്.