ഇന്നത്തെ കാലത്ത് വീടോ മറ്റു കെട്ടിടമോ നിര്‍മ്മിക്കുന്നതിന് മുമ്പ് വാസ്‌തു വിദഗ്ദ്ധന്റെ നിര്‍ദ്ദേശങ്ങള്‍ തേടുന്നത് സാധാരണമാണ്. വാസ്‌തു അന്ധവിശ്വാസമാണെന്നും, അതല്ല, നെഗറ്റീവ് എനര്‍ജി ഒഴിവാക്കി, പോസ്റ്റീവ് എനര്‍ജി സ്വീകരിക്കുന്നവിധം നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കുമെന്നും വാദങ്ങളുണ്ട്. അതൊക്കെ പോകട്ടെ, പ്രിയതമയ്‌ക്കൊപ്പമുള്ള നിമിഷങ്ങള്‍ ചെലവഴിക്കുന്നതിന് മുമ്പ് വാസ്‌തു വിദഗ്ദ്ദനെ കാണുന്നത് നല്ലതാണെന്ന് പറഞ്ഞാലോ? ചിരിച്ചുതള്ളണ്ട... ഇതാ പ്രണയനിമിഷങ്ങള്‍ക്ക് മുമ്പ് ശ്രദ്ധിക്കേണ്ട ചില വാസ്‌തു നിര്‍ദ്ദേശങ്ങള്‍...

1, തെക്ക്-പടിഞ്ഞാറന്‍ ഭാഗം...

ജീവിതത്തില്‍ വിവാഹം, കുടുംബബന്ധങ്ങളുടെ സന്തുഷ്‌ടി, ആളുകള്‍ തമ്മിലുള്ള ഇഴയടുപ്പം, പ്രണയം എന്നീ പ്രധാനപ്പെട്ട നിമിഷങ്ങള്‍ ചെലവഴിക്കേണ്ടത്, വാസ്‌തുപ്രകാരം തെക്ക്-പടിഞ്ഞാറന്‍ ഭാഗത്താണത്രെ. ഈ ഭാഗത്ത് ഒരു കാരണവശാലും ശുചിമുറി വരാന്‍ പാടില്ല. അത് സന്തോഷനിമിഷങ്ങള്‍ക്ക് വിഘ്നം ഉണ്ടാക്കും. ഇതു മാത്രമല്ല, ഈ ഭാഗത്ത് ചുവപ്പ്, നീല നിറങ്ങളിലുള്ള പെയിന്റ്, വസ്‌ത്രങ്ങള്‍ മറ്റ് വസ്‌തുക്കള്‍ എന്നിവ ഒഴിവാക്കണമെന്നും വാസ്‌തു നിര്‍ദ്ദേശിക്കുന്നു...

2, കിഴക്കിന്റെ മദ്ധ്യത്തില്‍നിന്ന് വടക്ക്-കിഴക്ക് ഭാഗത്തേക്ക്...

ഒരു വീടിന്റെ അല്ലെങ്കില്‍ കെട്ടിടത്തിന്റെ കിഴക്കിന്റെ മദ്ധ്യത്തില്‍നിന്ന് വടക്ക്-കിഴക്ക് വരെയുള്ള ഭാഗം സന്തോഷത്തിന്റേതും വിനോദത്തിന്റേതുമാണ്. അതുകൊണ്ടുതന്നെ ഒരുകാരണവശാലും ഈ ഭാഗത്ത് ശുചിമുറി വരാന്‍ പാടില്ലെന്നും വാസ്‌തുനിര്‍ദ്ദേശിക്കുന്നു.

3, തെക്കിന്റെ മദ്ധ്യത്തില്‍നിന്ന് തെക്ക്-പടിഞ്ഞാറന്‍ ഭാഗത്തേക്ക്...

 ഒരു കെട്ടിടത്തിന്റെ പാഴ്‌വസ്തുക്കള്‍ നിക്ഷേപിക്കുന്നതിനുള്ള സ്ഥലമാണിത്. പ്രധാനമായും ശുചിമുറിയും കുളിമുറിയുമൊക്കെ വരേണ്ട ഭാഗം. ഇവിടെ ഒരിക്കലും പ്രണയനിമിഷങ്ങള്‍ പങ്കിടാന്‍ അനുയോജ്യമായ സ്ഥലമല്ല.

4, വടക്ക്-കിഴക്ക് ഭാഗം...

ദൈവം ഇരിക്കുന്ന ഭാഗമായാണ് ഇതിനെ കണക്കാക്കുന്നത്. ആത്മീയമായ ശക്തി കൂടുതലായി അനുഭവപ്പെടുന്ന ഭാഗമാണിത്. അതുകൊണ്ടുതന്നെ പ്രണയനിമിഷങ്ങള്‍ക്കായി ചെലവിടേണ്ട സ്ഥലമല്ല ഇത്. ഇവിടെ ധ്യാനം, യോഗ എന്നിവ അഭ്യസിക്കുന്നതിന് ഏറെ അനുയോജ്യമായ സ്ഥലമാണ്.

5, വടക്കിന്റെ മദ്ധ്യത്തില്‍നിന്ന് വടക്കു-പടിഞ്ഞാറ് ഭാഗത്തേക്ക്...

വിവാഹിതരായ ദമ്പതികള്‍ കഴിയാന്‍ ഏറ്റവും അനുയോജ്യമായ സ്ഥലമാണിത്. പങ്കാളികള്‍ തമ്മിലുള്ള ഇഴയടുപ്പം വര്‍ദ്ധിപ്പിക്കാനും ആസ്വാദ്യകരമായ ദാമ്പത്യജീവിതം നയിക്കാനും ഏറ്റവും പറ്റിയ ഭാഗവും ഇതാണ്. അതുകൊണ്ടുതന്നെ വീട്ടിലെ ഗൃഹനാഥനും ഭാര്യയും കഴിയേണ്ടത് ഈ ഭാഗത്തുള്ള കിടപ്പുമുറിയിലാണ്.