ക്രാഫ്റ്റ് ജോലികള്‍ ചെയ്യുന്ന അച്ഛനാണ് തന്റെ പ്രചോദനമെന്ന് എറിക് പറയുന്നു. ആറ് വയസുള്ളപ്പോള്‍ മുതല്‍ തന്നെ എറിക് ഇങ്ങനെയുള്ള ക്രാഫ്റ്റ് പരീക്ഷണങ്ങള്‍ ചെയ്ത് തുടങ്ങിയതാണ്. എന്തായാലും സ്വപ്‌നം കണ്ടത് പോലെ ലോക റെക്കോര്‍ഡ് നേടാനായതിന്റെ ആഹ്ലാദത്തിലാണ് ഈ കുഞ്ഞ് വിരുതന്‍

വീട്ടില്‍ ഉപയോഗശൂന്യമായി കിടക്കുന്ന സാധനങ്ങള്‍ കൊണ്ട് കരകൗശല വസ്തുക്കളോ കളിപ്പാട്ടങ്ങളോ മറ്റോ നിര്‍മ്മിക്കുന്ന ധാരാളം പേരുണ്ട്. കുട്ടികള്‍ തന്നെ ഇത്തരത്തിലുള്ള ക്രിയാത്മകമായ കാര്യങ്ങള്‍ ഏറെ ചെയ്യാറുണ്ട്, അല്ലേ? 

അത്തരത്തില്‍ ഒഴിവുസമയത്തെ വിനോദം ഇതാ ഒരു പന്ത്രണ്ടുകാരനെ ലോക റെക്കോര്‍ഡിന് ഉടമയാക്കിയിരിക്കുകയാണ്. ചിക്കാഗോയിലെ നേപര്‍വില്‍ സ്വദേശിയായ എറിക് ക്ലാബെലിനാണ് ഈ അപൂര്‍വ്വാവസരം ലഭിച്ചിരിക്കുന്നത്. 

ഐസ്‌ക്രീം- ഐസ്ഫ്രൂട്ട് സ്റ്റിക്കുകള്‍ ഉപയോഗിച്ച് എറിക് നിര്‍മ്മിച്ച 20.20 അടി നീളമുള്ള ടവറാണ് ഗിന്നസ് ലോക റെക്കോര്‍ഡിന് അര്‍ഹമായിരിക്കുന്നത്. നേരത്തെ ഇത്തരത്തിലുള്ള നിര്‍മ്മിതികള്‍ക്ക് ലഭിച്ചിരിക്കുന്ന ഗിന്നസ് റെക്കോര്‍ഡുകളെ കുറിച്ചുള്ള വീഡിയോകള്‍ കണ്ട ശേഷമാണ് എറികിനും ലോക റെക്കോര്‍ഡ് ആഗ്രഹമുണ്ടാകുന്നത്.

എന്നാല്‍ തുടക്കത്തില്‍ ആ ആഗ്രഹം വെറുമൊരു വിദൂരചിന്ത മാത്രമായിരുന്നുവെന്നും പിന്നീട് തന്റെ കഠിനാധ്വാനത്തില്‍ ഭംഗിയായി ടവര്‍ ഉയര്‍ന്നുതുടങ്ങിയപ്പോള്‍ ഉള്ളില്‍ പ്രതീക്ഷ ഉണരുകയായിരുന്നുവെന്നും റെക്കോര്‍ഡ് സ്വന്തമാക്കിയ ശേഷം എറിക് പ്രതികരിക്കുന്നു. 

കൃത്യമായ അനുപാതത്തില്‍ നിര്‍മ്മിച്ചില്ലെങ്കില്‍ ടവര്‍ ഇടയ്ക്ക് വച്ച് തകര്‍ന്നുവീഴും. ആ കണക്ക് നോക്കി ടവര്‍ നിര്‍മ്മിക്കുകയെന്നത് അല്‍പം ബുദ്ധിമുട്ടുള്ള പണി ആയിരുന്നുവെന്നാണ് എറിക് പറയുന്നത്. 1750 സ്റ്റിക്കുകളാണ് ആകെ ടവര്‍ നിര്‍മ്മിക്കാന്‍ എറിക് ഉപയോഗിച്ചിരിക്കുന്നത്. പശ വച്ച് ഇത് പരസ്പരം ഒട്ടിച്ചിരിക്കുകയാണ്. ഒരു മാസം കൊണ്ടാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. 

Also Read:- തവളയല്ല, എലിയുമല്ല; പിന്നെയെന്താണെന്ന് പറയാമോ?...

ക്രാഫ്റ്റ് ജോലികള്‍ ചെയ്യുന്ന അച്ഛനാണ് തന്റെ പ്രചോദനമെന്ന് എറിക് പറയുന്നു. ആറ് വയസുള്ളപ്പോള്‍ മുതല്‍ തന്നെ എറിക് ഇങ്ങനെയുള്ള ക്രാഫ്റ്റ് പരീക്ഷണങ്ങള്‍ ചെയ്ത് തുടങ്ങിയതാണ്. എന്തായാലും സ്വപ്‌നം കണ്ടത് പോലെ ലോക റെക്കോര്‍ഡ് നേടാനായതിന്റെ ആഹ്ലാദത്തിലാണ് ഈ കുഞ്ഞ് വിരുതന്‍. എറികിന്റെ ആത്മാര്‍ത്ഥമായ പ്രയത്‌നത്തിന് അര്‍ഹിക്കുന്ന അംഗീകാരമാണ് ലഭിച്ചതെന്ന് കുടുംവും പറയുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona