മഴക്കാടിനോട് അടുത്തുകിടക്കുന്ന മേഖലയിലാണ് സ്‌കൂള്‍ ക്യാംപസുള്ളത്. അതിനാല്‍ തന്നെ പല മൃഗങ്ങളെയും ജീവികളെയുമെല്ലാം സ്‌കൂള്‍ പരിസരത്ത് കാണാറുണ്ട്. അത്തരത്തില്‍ കുട്ടികള്‍ കണ്ടെത്തിയതാണ് ചിത്രത്തില്‍ കാണുന്ന ജീവിയെയും 

ഫേസ്ബുക്കില്‍ ചിലയിടങ്ങളിലായി കഴിഞ്ഞ ദിവസങ്ങളില്‍ പങ്കുവയ്ക്കപ്പെട്ട് കണ്ട രണ്ട് ചിത്രങ്ങളാണിവ. ഒറ്റനോട്ടത്തില്‍ തവളയാണെന്ന് തോന്നിക്കുമെങ്കിലും സംഗതി തവളയല്ല. എലിയോടും സാദൃശ്യം തോന്നിയേക്കാം, എന്നാലിത് എലിയുമല്ല. 

ഓസ്‌ട്രേലിയയിലെ ക്വീന്‍സ്ലാന്‍ഡിലുള്ള മൗണ്ട് കോട്ടണ്‍ സ്‌കൂള്‍ തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ച ചിത്രങ്ങളാണിത്. മഴക്കാടിനോട് അടുത്തുകിടക്കുന്ന മേഖലയിലാണ് സ്‌കൂള്‍ ക്യാംപസുള്ളത്. അതിനാല്‍ തന്നെ പല മൃഗങ്ങളെയും ജീവികളെയുമെല്ലാം സ്‌കൂള്‍ പരിസരത്ത് കാണാറുണ്ട്. 

അത്തരത്തില്‍ കുട്ടികള്‍ കണ്ടെത്തിയതാണ് ചിത്രത്തില്‍ കാണുന്ന ജീവിയെയും. പുതിയ കെട്ടിടത്തിന്റെ പണി നടക്കുന്നയിടത്ത് നിന്നാണ് കുട്ടികള്‍ ആദ്യമായി ഇതിനെ കണ്ടെത്തിയത്. സത്യത്തില്‍ ഇതെന്താണെന്ന് മനസിലാക്കാന്‍ അധ്യാപകര്‍ക്ക് വരെ സമയം വേണ്ടിവന്നു. 

പ്രത്യേക ഇനത്തില്‍ പെട്ട നിശാശലഭമാണത്രേ ഇത്. ഇത്രയും വണ്ണവും വലിപ്പവുമുള്ള ശലഭത്തിനെ മിക്കവരും കണ്ടിരിക്കില്ല. കാരണം ഇത് മനുഷ്യരുടെ കണ്‍വെട്ടത്ത് അപൂര്‍വ്വമായി മാത്രം പ്രത്യക്ഷപ്പെടുന്ന ഒന്നാണ്. സ്വന്തം ശരീരത്തിന്റെ കനം കാരണം പാറാന്‍ പോലും ഇവയ്ക്ക് സാധിക്കാറില്ലത്രേ. അതിനാല്‍ തന്നെ ഇണയെ ആകര്‍ഷിക്കാന്‍ പോലും ഇവ ഒരിടത്ത് വെറുതെ ഇരിക്കുകയേ ഉള്ളത്രേ. 

മരക്കൊമ്പുകളിലോ മറ്റോ ആണ് മിക്കപ്പോഴും ഇവ സമയം ചെലവിടുന്നത്. പെട്ടെന്ന് പറക്കാന്‍ സാധിക്കാത്തതിനാല്‍ തന്നെ ശത്രുക്കളുടെ കണ്ണ് വെട്ടിച്ച് പാത്തും പതുങ്ങിയുമെല്ലാം എങ്ങനെയെങ്കിലും കഴിച്ചുകൂട്ടുക എന്നതാണ് പൊതുവേയുള്ള രീതി. മുപ്പത് ഗ്രാമോളം ഭാരം വരുന്ന ശലഭത്തിനെയാണ് സ്‌കൂള്‍ കുട്ടികള്‍ കണ്ടെത്തിയിരിക്കുന്നത്. ഏതാണ്ട് 25 സെ.മീറ്ററളോളം ചിറകിന് വലിപ്പവും കാണുമെന്ന് ക്വീന്‍സ്ലാന്‍ഡ് മ്യൂസിയത്തിലെ ഷ്ഡ്പദശാസ്ത്ര വിഭാഗം മേധാവിയായ ഡോ. ക്രീസ്റ്റീന്‍ പറയുന്നു. 

ഏതായാലും രാക്ഷസ ശലഭത്തിന്റെ വരവ് കുട്ടികള്‍ ആഘോഷമാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ചിത്രങ്ങളെടുത്ത ശേഷം അധ്യാപകരുടെ കൂടി സഹായത്തോടെ കുട്ടികള്‍ തന്നെ ഇതിനെ കാട്ടിനകത്തേക്ക് വിടുകയും ചെയ്തിട്ടുണ്ട്. ജൈവവൈവിധ്യങ്ങളെ കുറിച്ച് അറിയാനാഗ്രഹിക്കുകയും പഠിക്കാനാഗ്രഹിക്കുകയും ചെയ്യുന്നവര്‍ക്ക് വലിയ കൗതുകമാണ് ഈ വാര്‍ത്തയും ചിത്രങ്ങളും സമ്മാനിച്ചിരിക്കുന്നത്. നിരവധി പേരാണ് ഫേസ്ബുക്കില്‍ ഇതെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവയ്ക്കുന്നതും. 

Also Read:- മച്ചിനു മുകളിൽ പതുങ്ങിയിരുന്നത് പത്തടി നീളമുള്ള കൂറ്റൻ പെരുമ്പാമ്പ്; വൈറലായി വീഡിയോ...