വളര്‍ത്തുമൃഗങ്ങളെ സ്വന്തം മക്കളെപ്പോലെയും പ്രിയപ്പെട്ടവരെപ്പോലെയും സ്‌നേഹിക്കുന്നവരുണ്ട്. അത്രയും കരുതലോടെയും ശ്രദ്ധയോടെയും അവരുടെ ഓരോ കാര്യങ്ങളും ചെയ്യുന്നവരുണ്ട്. എന്നാല്‍ അപ്പോഴൊന്നും അവരുടെ പ്രിയപ്പെട്ടവരെക്കുറിച്ചോ, അവരുടെ അമ്മമാരെ കുറിച്ചോ സഹോദരങ്ങളോ കുറിച്ചോ ഒന്നും നമ്മള്‍ ചിന്തിക്കാറില്ല, അല്ലേ? 

ഒരുപക്ഷേ പിറന്നാള്‍ സമ്മാനമായോ, പരീക്ഷയില്‍ ജയിച്ചതിന് പാരിതോഷികമായോ അച്ഛനോ അമ്മയോ സുഹൃത്തുക്കളോ നമുക്ക് സമ്മാനിച്ചതാകാം അവരെ. അല്ലെങ്കില്‍ ആഗ്രഹം കൊണ്ട് നമ്മള്‍ തന്നെ ആരുടെയെങ്കിലും കയ്യില്‍ നിന്ന് വാങ്ങിയതാകാം. അപ്പോഴും അവര്‍ക്ക് ഒരു കുടുംബം ഉണ്ടാകണമല്ലോ, അല്ലേ? 

അതെപ്പറ്റി നമ്മളത്ര ഓര്‍ക്കാറില്ല. അവര്‍ ആരെയെങ്കിലും 'മിസ്' ചെയ്യുന്നുണ്ടോ? അവര്‍ക്ക് ആരെയെങ്കിലും കാണാന്‍ തോന്നുന്നുണ്ടോയെന്നൊന്നും നമുക്ക് അന്വേഷിച്ചറിയാനും ആകില്ല. എങ്കിലും അത്തരത്തിലുള്ള വൈകാരികതകള്‍ അവര്‍ക്കുണ്ടാകും. ഉണ്ടാകുമെന്നല്ല, ഉണ്ട്. 

ഇതിന് തെളിവാണ് ഇപ്പോള്‍ ട്വിറ്ററില്‍ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു ചിത്രം. കാഴ്ചയില്‍ ഏറെ ഓമനത്തം തോന്നിക്കുന്ന രണ്ട് പട്ടിക്കുഞ്ഞുങ്ങള്‍ റോഡരികില്‍ നിന്ന് പരസ്പരം ആശ്ലേഷിക്കുന്നതാണ് ഈ ചിത്രം. കുഞ്ഞായിരിക്കുമ്പോള്‍ പിരിഞ്ഞുപോയ സഹോദരങ്ങള്‍ അപ്രതീക്ഷിതമായി വഴിയില്‍ വച്ച് കണ്ടുമുട്ടിയതാണ് സംഭവം.

ഉടമസ്ഥരുടെ കൂടെ വൈകുന്നേരം നടക്കാനിറങ്ങിയപ്പോള്‍ യാദൃശ്ചികമായി പത്തുമാസത്തെ വേര്‍പാടിന് ശേഷം കണ്ടപ്പോള്‍ 'മോണ്ടി'ക്കും 'റോസി'നും സന്തോഷം കൊണ്ട് എന്ത് ചെയ്യണമെന്നറിയാതായി. ഇരുവരും കെട്ടിപ്പിടിക്കുന്നതും ഉമ്മ വയ്ക്കുന്നതും കണ്ടപ്പോള്‍ സാധാരണ വീടുകളില്‍ ഒറ്റപ്പെട്ട് കഴിയുന്ന വളര്‍ത്തുപട്ടികള്‍ പരസ്പരം കാണുമ്പോള്‍ പ്രകടിപ്പിക്കുന്ന സ്‌നേഹവും ആശ്രയത്വവും മാത്രമാണെന്നായിരുന്നു ഉടമസ്ഥര്‍ കരുതിയത്. 

 

 

എന്നാല്‍ വളരെ നേരമായിട്ടും ഇരുവരും മടങ്ങാന്‍ കൂട്ടാക്കായതോടെയാണ് ഉടമസ്ഥര്‍ക്ക് സംശയമായത്. അങ്ങനെ അവര്‍ 'മോണ്ടി'യുടേയും 'റോസി'ന്റേയും ചരിത്രമന്വേഷിച്ചു. ആറ് മക്കളുള്ള ഒരു കുടുംബത്തിലെ അംഗങ്ങളായിരുന്നുവത്രേ ഈ സഹോദരനും സഹോദരിയും. പത്ത് മാസം മുമ്പ് 'മോണ്ടി'യെ നിലവിലുള്ള അതിന്റെ ഉടമസ്ഥര്‍ വാങ്ങിക്കൊണ്ടുപോയി. വൈകാതെ 'റോസി'ക്കും പുതിയ ഉടമസ്ഥരായി. 

Also Read:- 'ഞാന്‍ വരുന്നില്ലെന്നേ..' ; ഇത് ലോക്ഡൗണ്‍ കാലത്തെ 'സ്‌പെഷ്യല്‍' വീഡിയോ...

അങ്ങനെ മാസങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടിയതാണ് ഇവര്‍. ഈ കഥയറിഞ്ഞപ്പോള്‍ തങ്ങള്‍ക്ക് അതിശയമായെന്നാണ് ഉടമസ്ഥര്‍ പറയുന്നത്. ഇനി ഏതായാലും ദിവസവും ഇവരെ ഒരുമിച്ച് നടക്കാന്‍ കൊണ്ടുപോകാനാണ് തീരുമാനമെന്നും, അവര്‍ സഹോദരങ്ങള്‍ പരസ്പരം കണ്ടും ചിരിച്ചും സ്‌നേഹിച്ചും തുടരുന്നതില്‍ തങ്ങള്‍ക്ക് സന്തോഷമേയുള്ളൂവെന്നും ഉടമസ്ഥര്‍ പറയുന്നു. ഉടമസ്ഥരിലൊരാളുടെ മകളാണ് ട്വിറ്ററിലൂടെ ഈ ചിത്രം പങ്കുവച്ചത്. 

ഒമ്പത് ലക്ഷത്തിലധികം പേരാണ് ചിത്രത്തോട് ഇതുവരെ പ്രതികരിച്ചത്. നിരവധി പേര്‍ ഇത് വീണ്ടും പങ്കുവച്ചിരിക്കുന്നു. 

Also Read:- ഉപേക്ഷിക്കപ്പെട്ട പട്ടിക്കുട്ടിയും കൂടെ ചങ്ക് പൊള്ളിക്കുന്നൊരു കത്തും!...