കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് രാജ്യം സമ്പൂര്‍ണ്ണമായി അടച്ചുപൂട്ടിയപ്പോഴാണ് പലതിന്റേയും മൂല്യം നമ്മള്‍ മനസിലാക്കുന്നത്. നിത്യജീവിതത്തില്‍ വളരെ ലാഘവത്തോടെ കണ്ടിരുന്ന പലതിനും പ്രാധാന്യമേറി. അക്കൂട്ടത്തില്‍ എടുത്തുപറയേണ്ട ഒന്നാണ് സലൂണുകളുടെ കാര്യം. 

പുരുഷന്മാരാണ് ഇക്കാര്യത്തില്‍ ഏറ്റവും വലിയ പ്രതിസന്ധികള്‍ നേരിടുന്നത്. മുടി വെട്ടാനും ഷേവ് ചെയ്യാനുമെല്ലാം സലൂണുകളെ ആശ്രയിച്ചിരുന്നവര്‍ ഏറെയാണ്. എന്നാല്‍ അവശ്യസേവനങ്ങളില്‍ ഇത് പെടുത്താതിരുന്നത് കൊണ്ട് തന്നെ ആഴ്ചകളോളമായി വളര്‍ന്ന മുടിയിലും താടിയിലുമൊക്കെ സ്വന്തമായി പരീക്ഷണങ്ങള്‍ നടത്തിയതിന്റെ വിശേഷങ്ങളാണ് പലരും പങ്കുവയ്ക്കുന്നത്. 

സ്ത്രീകളെ ഇത് അത്ര തന്നെ ബാധിക്കുന്ന വിഷയമല്ല. എങ്കില്‍പ്പോലും വെറുതെ മുടിയൊന്ന് ട്രിം ചെയ്യണമെന്ന് തോന്നിയാല്‍ തന്നെ അതിനുള്ള വഴി പോലും മുന്നിലില്ലെന്നത് വാസ്തവം. ആകെയുള്ള ഒരു മാര്‍ഗം വീട്ടില്‍ തന്നെയുള്ള ആരെയെങ്കിലും ഇതിനായി ആശ്രയിക്കാം എന്നതാണ്. അങ്ങനെയാണെങ്കിലും 'പ്രൊഫഷണലുകള്‍' കൈ വയ്ക്കുന്നത് പോലെയാകില്ലല്ലോ. ചിലരാണെങ്കിലോ, പരീക്ഷണം നടത്തി പുറത്തിറങ്ങാന്‍ പോലുമാകാത്ത അവസ്ഥയിലെത്തിയിട്ടുമുണ്ട്. 

Also Read:- ലോക്ക്ഡൗണ്‍ കാലത്തെ ഹെയര്‍ 'ലുക്ക്' പങ്കുവച്ച് താരപത്‌നി...

കാര്യങ്ങള്‍ ഇങ്ങനെയെല്ലാമാണെങ്കിലും ചുരുക്കം ചിലരെങ്കിലും ലോക്ക്ഡൗണ്‍ കാലത്തെ ഈ 'ഹെയര്‍സ്റ്റൈല്‍ പരീക്ഷണങ്ങള്‍' സോഷ്യല്‍ മീഡിയയിലൂടെയും മറ്റും പങ്കുവയ്ക്കുന്നുമുണ്ട്. 

അത്തരത്തില്‍ കാമുകനെക്കൊണ്ട് മുടി ട്രിം ചെയ്യിക്കുകയാണ് നടിയും മോഡലുമായ പത്രലേഖ. ബോളിവുഡില്‍ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ശ്രദ്ധേയമായ നിരവധി വേഷങ്ങള്‍ ചെയ്ത രാജ്കുമാര്‍ റാവുവാണ് പത്രലേഖയുടെ ആണ്‍ സുഹൃത്ത്. ഇരുവരും ലോക്ക്ഡൗണ്‍ കാലത്ത് ഒരുമിച്ചാണ് താമസം. 

 

 
 
 
 
 
 
 
 
 
 
 
 
 

जहाँ चाह वहाँ राह 💇🏽 @rajkummar_rao ❤️⭐️

A post shared by Patralekhaa (@patralekhaa) on Apr 16, 2020 at 10:21pm PDT

 

മുടി നനച്ച ശേഷം ട്രിമ്മറുപയോഗിച്ച് മുറിക്കുന്നതിന്റെ വീഡിയോ ആണ് പത്രലേഖ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. നമ്മള്‍ തീരുമാനിച്ചുറപ്പിച്ചാല്‍ അത് നടത്താവുന്നതേയുള്ളൂ എന്നര്‍ത്ഥം വരുന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. നിരവധി പേരാണ് രസകരമായ കമന്റുകളോടെ വീഡിയോക്ക് പ്രതികരണങ്ങള്‍ അറിയിച്ചിരിക്കുന്നത്. 

നീളമുള്ള മുടിയായതിനാലും അധികമൊന്നും പരീക്ഷണങ്ങള്‍ നടത്താത്തത് കൊണ്ടും അത്ര അപകടമൊന്നുമില്ലെന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്. എന്തായാലും മുടിയുടെ നീളം പറ്റെ കുറച്ച് അല്‍പം കടന്ന പരീക്ഷണങ്ങള്‍ ഇക്കാലത്ത് നടത്താതിരിക്കുകയാണ് നല്ലതെന്നാണ് പൊതുവേ സ്ത്രീകള്‍ക്കിടയിലുള്ള അഭിപ്രായം. മാത്രമല്ല, അഥവാ പാളിപ്പോയാലും ആണുങ്ങളെപ്പോലെ മൊത്തമായി തല ഷേവ് ചെയ്ത് കളയാനൊന്നും പെണ്ണുങ്ങള്‍ തയ്യാറാവുകയുമില്ലല്ലോ. അതിനാല്‍ ചെറിയ പരീക്ഷണങ്ങള്‍ മതി, കൂടുതല്‍ വേണ്ട എന്ന നിലപാടില്‍ തന്നെയാണ് മിക്ക സ്ത്രീകളും പെണ്‍കുട്ടികളുമുള്ളത്.