അമിതവണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ പല തരം ഡയറ്റ് പ്ലാനുകള്‍ പരീക്ഷിക്കുന്നുണ്ടാകാം. ചിലര്‍ ഭക്ഷണത്തിന്‍റെ അളവ് നന്നായി കുറയ്ക്കും. ഇത്തരത്തില്‍ ഭക്ഷണം കുറയ്ക്കുന്നത് വിശപ്പ് കൂടാന്‍ കാരണമാകും. ശരിയായ ഭക്ഷണരീതിയിലൂടെയും വ്യായാമത്തിലൂടെയും മാത്രമേ വണ്ണം കുറയ്ക്കാന്‍ കഴിയുകയുള്ളൂ. 

വിശപ്പിനെ നിയന്ത്രിക്കുന്ന, വയറു നിറഞ്ഞതായി തോന്നിക്കുന്ന ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണം. വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 

ഒന്ന്...

സൂപ്പാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വണ്ണം കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു ഭക്ഷണമാണ് സൂപ്പ്. ഡയറ്റ് ചെയ്യുന്നവര്‍ക്ക് ഇടയ്ക്ക് വിശക്കുന്നുണ്ടെങ്കില്‍, സൂപ്പ് കുടിക്കാം. വെള്ളം കൂടുതല്‍ അടങ്ങിയ സൂപ്പില്‍ കലോറി വളരെ കുറവാണ്.

രണ്ട്...

നാരുകള്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം. ഇവ വിശപ്പിനെ നിയന്ത്രിക്കുകയും ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ ലഭ്യമാക്കുകയും ചെയ്യും. 

മൂന്ന്... 

അമിതവണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഉറപ്പായും മുട്ട ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. പ്രോട്ടീനുകളുടെ കലവറയാണ് മുട്ട. ഒപ്പം കലോറി വളരെ കുറവുമായതിനാല്‍ ഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കഴിക്കാവുന്ന ഭക്ഷണമാണിത്. 

നാല്...

ആപ്പിൾ കഴിച്ചാൽ ഡോക്ടറെ മാത്രമല്ല അമിത വിശപ്പിനെയും അകറ്റാവുന്നതാണ്. ഫൈബര്‍ ധാരാളം അടങ്ങിയ പഴവർഗമാണ് ആപ്പിൾ. ആപ്പിൾ കഴിക്കുമ്പോൾ വിശപ്പ് പെട്ടെന്നു ശമിക്കുകയും കൂടുതൽ ഭക്ഷണം കഴിക്കുന്നതു തടയുകയും ചെയ്യും.

അഞ്ച്...

കടല, ബീൻസ് പോലുള്ള പയർ വർഗങ്ങൾ വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ നിർബന്ധമായും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. ഇവ അമിത വിശപ്പിനെ നിയന്ത്രിക്കും. 

Also Read: വണ്ണം കുറയ്ക്കണോ? ഈ പത്ത് ഭക്ഷണങ്ങള്‍ ഒഴിവാക്കൂ...