Asianet News MalayalamAsianet News Malayalam

ജോഗിങിനിടെ ഡ്രെയിനേജില്‍ നിന്ന് ഇങ്ങനെയൊരാള്‍ മുന്നിലേക്ക് ചാടിയാലോ!

തുറന്നുകിടക്കുന്ന ഡ്രെയിനേജിനകത്ത് നിന്ന് പുറത്തേക്ക് തല നീട്ടിക്കിടക്കുന്ന ഒരു ജീവിയെ കാല്‍നടയാത്രക്കാരാണ് ആദ്യം കണ്ടത്. നഗരമധ്യത്തിലെ ഓടയില്‍ ആരെങ്കിലും ചീങ്കണ്ണിയെ പോലൊരു ജീവിയെ പ്രതീക്ഷിക്കുമോ! എങ്കിലും വൈകാതെ തന്നെ പ്രദേശവാസികള്‍ അത് ചീങ്കണ്ണിയാണെന്ന് ഉറപ്പുവരുത്തി

alligator found in storm drain in florida
Author
Florida, First Published Dec 23, 2020, 1:21 PM IST

നടക്കാന്‍ പോകുന്നവര്‍ക്ക് എപ്പോഴും പേടിസ്വപ്‌നമാണ്, അലക്ഷ്യമായി തുറന്നിട്ട ഡ്രെയിനേജുകള്‍. അബദ്ധത്തില്‍ കാല്‍ വഴുതി അതിനകത്തേക്കെങ്ങാന്‍ വീണാല്‍ ഒരുപക്ഷേ ജീവന്‍ തന്നെ കയ്യില്‍ നിന്ന് നഷ്ടമാകുന്ന സാഹചര്യമുണ്ടായേക്കാം. 

എന്നാല്‍ ഇങ്ങനെ തുറന്നുകിടക്കുന്ന ഓടകളുടെ പാളിയിലൂടെ അപ്രതീക്ഷിതമായി ഏതെങ്കിലും ജീവികള്‍ മുന്നോട്ട് ചാടിയാലോ! തീര്‍ച്ചയായും നമ്മള്‍ ഭയന്നുപോകും അല്ലേ? കേള്‍ക്കുമ്പോള്‍ തന്നെ ഒരു ആനിമേഷന്‍ ചിത്രത്തിന്റെ സീന്‍ പോലെ തോന്നാം. ഇത്തരത്തിലൊരു സംഭവം യഥാര്‍ത്ഥത്തില്‍ അരങ്ങേറിയിരിക്കുകയാണ് ഫ്‌ളോറിഡയിലെ ഒരു നഗരത്തില്‍. 

തുറന്നുകിടക്കുന്ന ഡ്രെയിനേജിനകത്ത് നിന്ന് പുറത്തേക്ക് തല നീട്ടിക്കിടക്കുന്ന ഒരു ജീവിയെ കാല്‍നടയാത്രക്കാരാണ് ആദ്യം കണ്ടത്. നഗരമധ്യത്തിലെ ഓടയില്‍ ആരെങ്കിലും ചീങ്കണ്ണിയെ പോലൊരു ജീവിയെ പ്രതീക്ഷിക്കുമോ! എങ്കിലും വൈകാതെ തന്നെ പ്രദേശവാസികള്‍ അത് ചീങ്കണ്ണിയാണെന്ന് ഉറപ്പുവരുത്തി. 

ഉടനെ ഈ വിവരം അവര്‍ പൊലീസിനെ വിളിച്ചറിയിക്കുകയും ചെയ്തു. ഓടയ്ക്കകത്തും പുറത്തും എന്ന നിലയില്‍ ചീങ്കണ്ണി കുടുങ്ങിക്കിടക്കുകയായിരുന്നു. അങ്ങനെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെത്തി രക്ഷാപ്രവര്‍ത്തനത്തിലൂടെ അതിനെ ഓടയില്‍ നിന്ന് മാറ്റി. 

ആറടി നീളവും സാമാന്യം വണ്ണവുമുള്ള വലിയ ചീങ്കണ്ണിയായിരുന്നു അതെന്നാണ് പൊലീസ് അറിയിക്കുന്നത്. ഓടയില്‍ കുടുങ്ങിയില്ലായിരുന്നുവെങ്കില്‍ തീര്‍ച്ചയായും പൊതുജനത്തിന് ഭീഷണിയാകുമായിരുന്നുവെന്നും ഇവര്‍ പറയുന്നു. ഫ്‌ളോറിഡയില്‍ മുമ്പും പലയിടങ്ങളിലും ഇത്തരത്തില്‍ ചീങ്കണ്ണികളെ കണ്ടെത്തിയിട്ടുണ്ട്. പല ജലാശയങ്ങളെയും ആശ്രയിച്ച് ജീവിക്കുന്ന 1. 25 മില്യണ്‍ ചീങ്കണ്ണികളാണ് ഫ്‌ളോറിഡയില്‍ മാത്രമുള്ളത് എന്നാണ് കണക്ക്.

Also Read:- നഗരം 'വിറപ്പിച്ച്' ആട്ടിന്‍കൂട്ടം; വൈറലായ വീഡിയോ...

Follow Us:
Download App:
  • android
  • ios