Asianet News MalayalamAsianet News Malayalam

Pressure Cooker : നിലവാരമില്ലാത്ത പ്രഷര്‍ കുക്കറുകള്‍ വിറ്റു; ആമസോണിന് ഒരു ലക്ഷം പിഴ

ഓണ്‍ലൈൻ കച്ചവടമേഖലയില്‍ പ്രമുഖശക്തിയായ ആമസോണ്‍. ഇന്ത്യയില്‍ തന്നെ ഏറ്റവുമധികം ഉപഭോക്താക്കളുള്ള, വിശ്വാസ്യതയുള്ള ഒരു സൈറ്റാണ് ആമസോണ്‍ എന്ന് പറയാം. എന്നാല്‍ ഇത്തരമൊരു പരാതി തീര്‍ച്ചയായും ഉത്പന്നങ്ങള്‍ വാങ്ങിക്കുമ്പോള്‍ ഉപഭോക്താക്കളെ രണ്ടാമതൊന്ന് കൂടി ചിന്തിക്കാൻ പ്രേരിപ്പിക്കുന്നതാണ്. 

amazon face penalty after selling sub standard pressure cookers
Author
Delhi, First Published Aug 4, 2022, 8:11 PM IST

ഏതുതരം ഉത്പന്നങ്ങളാണെങ്കിലും അവയ്ക്ക് അടിസ്ഥാനപരമായി ചില സവിശേഷതകള്‍ നിര്‍ബന്ധമായും ഉണ്ടെങ്കില്‍ മാത്രമേ സര്‍ക്കാര്‍ വില്‍പനാവകാശം നല്‍കൂ. ഇത്തരത്തില്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ വിപണിയിലിറക്കുന്ന ഉത്പന്നങ്ങള്‍ അത് കണ്ടെത്തപ്പെട്ട് കഴിഞ്ഞാല്‍ തിരിച്ചെടുപ്പിക്കുകയും അതാത് കമ്പനികള്‍ നിയമനടപടികള്‍ നേരിടേണ്ടിവരികയും ചെയ്യാറുണ്ട്. 

അത്തരത്തില്‍ നിയമനടപടി നേരിട്ടിരിക്കുകയാണ് ഓണ്‍ലൈൻ കച്ചവടമേഖലയില്‍ പ്രമുഖശക്തിയായ ആമസോണ്‍ ( Amazone Shopping). ഇന്ത്യയില്‍ തന്നെ ഏറ്റവുമധികം ഉപഭോക്താക്കളുള്ള, വിശ്വാസ്യതയുള്ള ഒരു സൈറ്റാണ് ആമസോണ്‍ എന്ന് പറയാം. എന്നാല്‍ ഇത്തരമൊരു പരാതി തീര്‍ച്ചയായും ഉത്പന്നങ്ങള്‍ വാങ്ങിക്കുമ്പോള്‍ ഉപഭോക്താക്കളെ രണ്ടാമതൊന്ന് കൂടി ചിന്തിക്കാൻ പ്രേരിപ്പിക്കുന്നതാണ്. 

പ്രത്യേകിച്ച് ആമസോണ്‍ നിലവില്‍ നിയമനടപടി നേരിട്ടിരിക്കുന്നത് പ്രഷര്‍ കുക്കറിന്‍റെ ( Pressure Cooker ) പേരിലാണെന്നതും ശ്രദ്ധേയമാണ്. നിലവാരമില്ലാത്ത പ്രഷര്‍ കുക്കറുകള്‍ വിറ്റഴിച്ചു എന്ന് കണ്ടെത്തിയതിന് പിന്നാലെ 'സെൻട്രല്‍ കണ്‍സ്യൂമര്‍ പ്രോട്ടക്ഷൻ അതോറിറ്റി' (സിസിപിഎ) ആണ് ആമസോണിനെതിരെ നടപടിയെടുത്തിരിക്കുന്നത്. 

2,265 കുക്കറുകളാണ് ( Pressure Cooker ) ആകെ ഇത്തരത്തില്‍ വിറ്റഴിച്ചിരിക്കുന്നത്. ഇവയെല്ലാം ഉപഭോക്താക്കളുടെ പക്കല്‍ നിന്ന് തിരിച്ചെടുപ്പിക്കണം. അതിന്‍റെ വില ഉപഭോക്താക്കള്‍ക്ക് തിരികെ നല്‍കുകയും വേണം. കൂട്ടത്തില്‍ മാനദണ്ഡങ്ങള്‍ അനുസരിക്കാതെ ഉത്പന്നം വിറ്റഴിച്ചതിനും ഉപഭോക്താക്കളുടെ അവകാശങ്ങള്‍ ലംഘിച്ചതിനുമായി ഒരു ലക്ഷം രൂപ പിഴയും ആമസോണ്‍ ( Amazone Shopping) അടയ്ക്കണം. ഇതാണ് സിസിപിഎയുടെ നടപടി. 

ആകെ 6,14,825 രൂപ കുക്കറുകള്‍ വിറ്റ ഇനത്തില്‍ ആമസോണിന് കിട്ടിയിട്ടുണ്ട്. എന്നാല്‍ ഈ പണമത്രയും ഇവര്‍ തിരികെ ഉപഭോക്താക്കള്‍ക്ക് തന്നെ നല്‍കേണ്ടിവരും. ഇത്തരത്തിലുള്ള നിയമനടപടികള്‍ ഓണ്‍ലൈൻ സൈറ്റുകള്‍ നേരിടുന്നതും അവ വാര്‍ത്തയാകുന്നതും അത്ര സാധാരണമല്ല. എന്നാല്‍ ഓണ്‍ലൈൻ സൈറ്റുകള്‍ മുഖാന്തരം വാങ്ങുന്ന ഉത്പന്നങ്ങളുടെ പേരില്‍ വിവിധ തരത്തിലുള്ള പരാതികള്‍ ഉയരുന്നത് സാധാരണവുമാണ്. 

Also Read:- 'അലൂമിനിയ പാത്രങ്ങളില്‍ ഭക്ഷണം പാകം ചെയ്യേണ്ട'; കാരണം...

Follow Us:
Download App:
  • android
  • ios