Asianet News MalayalamAsianet News Malayalam

അവിഹിതമെന്നപേരിൽ പരിഹസിക്കപ്പെട്ടവർക്കും പറയാൻ ഒരായിരം പ്രണയ കഥകളുണ്ട് ; അരുൺ രാജിന്റെ വ്യത്യസ്തമായ ചിത്രകഥ

അവിഹിതമെന്നു മുദ്രകുത്തപ്പെട്ട നഷ്ടപ്രണയത്തെ തന്റെ ഫോട്ടോ സ്റ്റോറിയിലൂടെ അവതരിപ്പിച്ചിരിക്കുകയാണ് തിരുവനന്തപുരം സ്വദേശി അരുൺ രാജ് എന്ന ഫോട്ടോഗ്രാഫർ. കുറച്ച് ചിത്രങ്ങളിലൂടെ ഒരു സിനിമ തന്നെ സമ്മാനിക്കുന്ന അരുണിന്റെ ദൃശ്യങ്ങൾ ഇതാദ്യമായല്ല കാഴ്ചക്കാരുടെ മനസ്സ് നിറയ്ക്കുന്നത്. 
 

arun raj r nair viral facebook post love-rse-
Author
First Published Oct 19, 2023, 9:34 AM IST

ഭൂമിയിൽ ജീവനായുള്ളവയുടെയെല്ലാം ശാപവാക്കുകൾ മുറിവേൽപ്പിച്ചിട്ടും, അത്രയും മനോഹരമായി അവളെ സ്നേഹിച്ചവൻ. തന്റേതാകില്ലെന്നറിഞ്ഞിട്ടും വിങ്ങുന്ന ഹൃദയവുമായി തന്റെ പ്രണയത്തെ മനസ്സിൽമാത്രം ഒളിപ്പിക്കേണ്ടിവന്നവൾ. അവിഹിതമെന്നു മുദ്രകുത്തപ്പെട്ട നഷ്ടപ്രണയത്തെ തന്റെ ഫോട്ടോ സ്റ്റോറിയിലൂടെ അവതരിപ്പിച്ചിരിക്കുകയാണ് തിരുവനന്തപുരം സ്വദേശി അരുൺ രാജ് എന്ന ഫോട്ടോഗ്രാഫർ.

കുറച്ച് ചിത്രങ്ങളിലൂടെ ഒരു സിനിമ തന്നെ സമ്മാനിക്കുന്ന അരുണിന്റെ ദൃശ്യങ്ങൾ ഇതാദ്യമായല്ല കാഴ്ചക്കാരുടെ മനസ്സ് നിറയ്ക്കുന്നത്. നേരത്തെ വുമൺസ് ഡേയിലും ഫാദേഴ്സ് ഡേയിലുമെല്ലാം വ്യത്യസ്തമായ കൺസെപ്റ്റുകളിലൂടെ അരുൺ കാഴ്ചക്കാരെ പലതവണ അമ്പരപ്പിച്ചിട്ടുണ്ട്. ജീവിതത്തിലെ പ്രണയവും അതിലെ നഷ്ടബോധവും കൂടാതെ സമൂഹത്തിന്റെ നീട്ടിത്തുപ്പിയ ചോദ്യങ്ങൾക്കുള്ള മറുപിടിയും കൂടിയായിരുന്നു അരുണിന്റെ ഇത്തവണത്തെ ചിത്രകഥ.

പ്രണയത്തെ അവിഹിതമെന്നു മുദ്രകുത്തിയ സമൂഹത്തിന്റെ അഴുകിയ ബന്ധനച്ചങ്ങലകളെ തകർത്തെറിഞ്ഞ് പ്രണയത്തിന്റെ അതിതീവ്രതയെ കരൾ അലിയിപ്പിക്കുംവിധം ഒരു നൂലിൽ കോർത്ത ചിത്രങ്ങളായി അരുൺ പങ്കുവച്ചപ്പോൾ കണ്ണീരോടെ ആണെങ്കിലും സോഷ്യൽ മീഡിയ അതിനെ ഏറ്റടത്തു. 

പ്രണയത്തിനെ അതിന്റെ മനോഹാരിത ഒട്ടും തന്നെ നഷ്ടപ്പെടാതെ ഒപ്പിയെടുത്ത അരുണിന്റെ ചിത്രങ്ങൾ നിരവധി കാഴ്ചക്കാരുമായി മുന്നേറുകയാണ്. ദർശന സുരേഷ്, ബിപിൻ ബൈജുരാജ്, അനുപ്രിയ എന്നിവരാണ് ഇതിലെ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്.

അരുൺ രാജിന്റെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണരൂപം...

മറ്റൊരാൾക്ക് സ്വന്തമെന്ന് വിധിക്കപ്പെട്ടതിനെ പ്രണയിക്കേണ്ടി വന്നിട്ടുണ്ടോ. മനപ്പൂർവ്വമല്ലാഞ്ഞിട്ടുപോലും പ്രണയത്തിന്റെ ഒരായിരം മാന്ത്രികനൂലുകളാൽ ഹൃദയങ്ങൾ ഇഴപിരിയാത്ത വിധം ചേർത്തു പിടിച്ചിട്ടുണ്ടോ? സമൂഹത്തിന്റെ നീട്ടിത്തുപ്പിയ ഭൃഷ്ടുകൾക്കുമപ്പുറത്ത്, വിഹിതക്കണക്കുകളുടെ അഴുകിയ ബന്ധനച്ചങ്ങലകൾ തകർത്തെറിഞ്ഞ് സ്നേഹത്തിന്റെ മാത്രമായൊരാലിംഗനത്തിൽ മുഴുകിയിട്ടുണ്ടോ? എന്നാൽ അങ്ങനെയും രണ്ടു പേരുണ്ടായിരുന്നു. കെട്ടുപാടുകളുടെയും, വാക്കുറപ്പിക്കലുകളുടെയും കണക്കു പുസ്തകങ്ങളിൽ മുങ്ങിപ്പോയ ഒരുവനും, അവനെ മറ്റെന്തിനെക്കാളും സ്നേഹിച്ച ഒരുവളും. നിറഞ്ഞ പ്രണയമായിരുന്നു അവൾക്ക്. കണ്ണുകളിൽ, വാക്കുകളിൽ, ചലനങ്ങളിലെല്ലാം അടങ്ങാത്ത തീക്ഷണയായിരുന്നു അവനോട്. ഭൂമിയിൽ ജീവനായുള്ളവയുടെയെല്ലാം ശാപവാക്കുകൾ മുറിവേൽപ്പിച്ചിട്ടും, ഇത്രയും മനോഹരമായി, ഇത്രയും അഗാധമായി അവനെ സ്നേഹിക്കാൻ അവൾക്ക് കഴിഞ്ഞിരുന്നു. ഒരു പക്ഷേ അവൾക്ക് മാത്രമേ നിബന്ധനകളില്ലാതെ, ഉപാധികളില്ലാതെ അവനെ സ്നേഹിക്കാൻ കഴിഞ്ഞതും. അതാവും ആളുന്ന പേമാരിയിലും ആടിയുലയാതെ അവനെ പിടിച്ചു നിർത്തിയതും, തന്റേതാകില്ലെന്നറിഞ്ഞിട്ടും വിങ്ങുന്ന അവളുടെ ഹൃദയത്തെ തന്റെ ഹൃദയച്ചെപ്പിലൊളിച്ചതും. അതു തന്നെയാകും അവൻ അറിയരുതെന്നു കരുതി പണ്ടെങ്ങോ പുസ്തകത്താളുകളിൽ കുറിച്ചോരാഗ്രഹം പറയാതവനറിഞ്ഞതും, പറിഞ്ഞു പോയ പ്രാണന്റെ പാതിയെ തന്റെ വിരൽത്തുമ്പിനാൽ സുമംഗലിയാക്കിയതും,  ചുംബിച്ചു പഴകിയോരാ ചുണ്ടുകളെ മറന്ന് തന്റെ ഹൃദയ രക്തത്താൽ ചുവന്ന അവളുടെ സീമന്തരേഖയിൽ അവസാനത്തെ മുത്തമായ് വിടചൊല്ലിയതും, ഓർമ്മകളുടെ തീരാത്ത പുകപടലങ്ങൾ ശ്വാസം മുട്ടിച്ചതറിഞ്ഞ് ആളുന്ന ചിതയിൽ ദഹിക്കുന്നത് അവൾ മാത്രമല്ലന്നു തിരിച്ചറിഞ്ഞതും. 
"ഒടുവിൽ നീ ജയിച്ചല്ലോ പെണ്ണേ, നീ കൊതിച്ചതു പോലെ നീയാദ്യം മരിച്ചല്ലോ.. സുമംഗലിയായി, എന്റെ മാത്രം സുമിത്രയായി..."

 

 

Latest Videos
Follow Us:
Download App:
  • android
  • ios