ലോകമൊട്ടാകെ കനത്ത നഷ്ടം വിതച്ചുകൊണ്ട് കൊറോണ വൈറസ് വ്യാപിക്കുമ്പോള്‍ പ്രതിരോധമെന്നോണം നമുക്കാകെ ചെയ്യാനുള്ളത് വീട്ടില്‍ നിന്ന് പുറത്തിറങ്ങാതിരിക്കുക എന്നതാണ്. ഇനി എന്തെങ്കിലും അവശ്യകാര്യങ്ങള്‍ക്കായി പുറത്തിറങ്ങിയാല്‍ത്തന്നെ സാമൂഹികാകലം പാലിക്കേണ്ടതും അത്യാവശ്യമാണ്. 

സ്വന്തം സുരക്ഷ മാത്രമല്ല, പ്രിയപ്പെട്ടവരുടേയും നാടിന്റേയും തന്നെ സുരക്ഷ ഇത്തരത്തില്‍ നമ്മുടെ ചിട്ടയായ പെരുമാറ്റത്തിലാണ് ഈ സാഹചര്യത്തില്‍ നിലനില്‍ക്കുന്നത്. എന്നാല്‍ പലപ്പോഴും ഇക്കാര്യങ്ങളെല്ലാം മനസിലാക്കാതെ അനാവശ്യമായി പുറത്തിറങ്ങി നടക്കുകയും കൂട്ടം കൂടുകയും ചെയ്യുന്നവരുണ്ട്. അവരെയാണെങ്കിലോ പൊലീസും ഉദ്യോഗസ്ഥരും ചേര്‍ന്ന് പിടികൂടുന്നുമുണ്ട്.

ഇത്തരക്കാര്‍ക്കെതിരെ നിയമനടപടിയെടുക്കാനാണ് മിക്കയിടങ്ങളിലും ഭരണാധികാരികളുടെ ഉത്തരവ്. ചില അവസരങ്ങളില്‍ ചെറിയ ശിക്ഷകള്‍ നല്‍കിയോ താക്കീത് ചെയ്‌തോ ഇവരെ പറഞ്ഞുവിടാനും പൊലീസ് ശ്രമിക്കുന്നുണ്ട്. അങ്ങനെ പറഞ്ഞാല്‍ അനുസരിക്കാത്ത ആളുകളെ അനുസരണ പഠിപ്പിക്കാന്‍ വ്യത്യസ്തമായ മാര്‍ഗവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്തൊനേഷ്യയിലെ സ്രാഗെന്‍ ഭരണാധികാരിയായ കുസ്ദിനാര്‍ അണ്‍ടങ്.

ക്വാരന്റൈന്‍ ലംഘിച്ച് പുറത്തുകടക്കുന്നവരെ പിടികൂടിയ ശേഷം, അവരെ പ്രേതബാധയുള്ള വീടുകളില്‍ താമസിപ്പിക്കാനാണ് ഇദ്ദേഹത്തിന്റെ തീരുമാനം. കേള്‍ക്കുമ്പോള്‍ നമുക്കല്‍പം വിചിത്രം എന്ന് തോന്നുമെങ്കിലും ഇന്തോനേഷ്യക്കാരെ സംബന്ധിച്ച് ഈ തീരുമാനം അത്ര വിചിത്രമോ തമാശയോ ഒന്നുമല്ല. 

ധാരാളം മിത്തുകളാല്‍ സമ്പന്നമാണ് ഇന്തോനേഷ്യയിലെ മിക്കയിടങ്ങളും. നാടോടിക്കഥകളും അവയിലെ മോക്ഷം കിട്ടാത്ത പ്രേതാത്മാക്കളുമെല്ലാം ഇവിടങ്ങളിലെ മനുഷ്യരെ സംബന്ധിച്ച് ഭയമുണര്‍ത്തുന്ന ഓര്‍മ്മകളും അനുഭവങ്ങളുമാണ്. അതിനാല്‍ത്തന്നെ പ്രേതബാധയുണ്ടെന്ന് പറയപ്പെടുന്ന വീടുകളില്‍ താമസിക്കുകയെന്നാല്‍ ജീവപര്യന്തത്തിന് വിധിക്കുന്നതിനെക്കാള്‍ ഗൗരവത്തോടെ അവര്‍ എടുത്തേക്കാം. അത്തരത്തില്‍ മനശാസ്ത്രപരമായ ശിക്ഷയായിത്തന്നെയാണ് ഇത് തീരുമാനിക്കപ്പെട്ടിരിക്കുന്നതും. 

ഇതുവരെ അഞ്ച് പേരെയാണ് ക്വാരന്റൈന്‍ ലംഘനത്തെ തുടര്‍ന്ന് പ്രേതബാധയുള്ള വീടുകളിലേക്ക് മാറ്റിയിട്ടുള്ളത്. അതത് ഗ്രാമങ്ങളില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കിടക്കുന്ന 'പ്രേതഭവനങ്ങള്‍ട ഇതിനായി ഉപയോഗിക്കാന്‍ പ്രാദേശിക ഭരണനേതൃത്വങ്ങള്‍ക്ക് ഉത്തരവും ലഭിച്ചിട്ടുണ്ട്. 

Also Read:- ഈ ​ഗ്രാമത്തിൽ നെെറ്റ് പെട്രോളിംഗ് നടത്തുന്നത് പൊലീസല്ല പ്രേതങ്ങളാണ്, സന്ധ്യ കഴിഞ്ഞാൽ ആരും പുറത്തിറങ്ങില്ല...

നേരത്തേ നിയമം ലംഘിച്ച് ആളുകള്‍ കൂട്ടമായി പുറത്തിറങ്ങുന്ന സാഹചര്യമുണ്ടായതിനെ തുടര്‍ന്ന് ഇന്തോനേഷ്യയിലെ ജാവാ ദ്വീപില്‍ ഭരണാധികാരികള്‍ പ്രേതവേഷം കെട്ടിച്ച് രാത്രിയില്‍ യുവാക്കളെ പുറത്തിറക്കിയിരുന്നു. ഈ തന്ത്രം നല്ലതോതില്‍ ഫലം കണ്ടതായും ഭരണാധികാരികള്‍ അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് നിയമലംഘകര്‍ക്ക് 'പ്രേതഭവനങ്ങളില്‍ താമസം' എന്ന ശിക്ഷയുമായി ഇവരെത്തിയിരിക്കുന്നത്. 

ഇതുവരെ ഏഴായിരത്തിലധികം പേര്‍ക്കാണ് ഇന്തോനേഷ്യയില്‍ കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇതില്‍ 616 പേര്‍ മരിച്ചു. 842 പേര്‍ രോഗത്തെ അതിജീവിക്കുകയും ചെയ്തിട്ടുണ്ട്.