കൊറോണ വൈറസ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ അവശ്യസാധനങ്ങള്‍ക്കായി ചിലയിടങ്ങളിലെങ്കിലും ജനം തിരക്ക് കൂട്ടുന്ന അവസ്ഥ കേരളത്തിലുണ്ട്. എന്നാല്‍ ഇതിന്റെ പേരില്‍ സൂപ്പര്‍മാര്‍ക്കറ്റുകളിലോ, സാധാരണ മാര്‍ക്കറ്റ് പോലുള്ള സ്ഥലങ്ങളിലോ ഒന്നിച്ച് കൂടുന്നതോ തിക്കും തിരക്കും കൂട്ടുന്നതോ ഒട്ടും ആരോഗ്യകരമല്ലെന്ന് മനസിലാക്കുക. 

പരമാവധി ആളുകളുമായുള്ള സമ്പര്‍ക്കം കുറയ്ക്കുക, ശുചിത്വം പാലിക്കുക എന്നിവയാണ് പ്രധാനമായും കൊറോണയെ പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങളെന്നിരിക്കെ, ആളുകള്‍ ഒത്തുകൂടുന്ന സാഹചര്യം ഒഴിവാക്കുകയല്ലേ വേണ്ടത്!

അവശ്യസാധനങ്ങള്‍ വാങ്ങിക്കാന്‍ നിങ്ങള്‍ക്ക് ചെയ്യാവുന്നത് എന്തെന്നാല്‍, തിരക്കുള്ള കച്ചവടസ്ഥാപനങ്ങള്‍ സൂപ്പര്‍മാര്‍ക്കറ്റുകള്‍ ചന്തകള്‍ എന്നിവയെല്ലാം ഒഴിവാക്കാം. പകരം ഒറ്റപ്പെട്ട സ്റ്റേഷനറി സ്റ്റോറുകള്‍, പച്ചക്കറിക്കടകള്‍ എന്നിവയെ എല്ലാം ആശ്രയിക്കാം. അങ്ങനെയുള്ള സ്ഥലങ്ങളിലാകുമ്പോള്‍ കച്ചവടക്കാരനായ ഒരാള്‍ മാത്രമേ മിക്കപ്പോഴും കടയിലുണ്ടാകൂ. പരസ്പരം നിശ്ചിതമായ ദൂരം പാലിച്ചുകൊണ്ട് തന്നെ നിങ്ങള്‍ക്ക് സാധനങ്ങള്‍ വാങ്ങിക്കാനാകും. 

Also Read:- കൊവിഡ് 19; സൂപ്പർമാർക്കറ്റുകളിൽ വൻ തിരക്ക്, കാലിയായി കടകൾ...

അതുപോലെ തന്നെ വീട്ടിലേക്കാവശ്യമായ സാധനങ്ങള്‍ വാങ്ങിക്കുമ്പോള്‍ ഒന്നോ രണ്ടോ ആഴ്ചയിലേക്ക് ആവശ്യമായ സാധനങ്ങള്‍ ഒന്നിച്ച് വാങ്ങാന്‍ ശ്രമിക്കുക. അരി, പയര്‍, പഞ്ചസാര, പാചകത്തിനുപയോഗിക്കുന്ന എണ്ണ, റൊട്ടി, മുട്ട എന്നിങ്ങനെ അധികദിവസത്തേക്ക് കരുതാവുന്ന തരത്തിലുള്ള ഭക്ഷണസാധനങ്ങളെ കൂടുതലായി ആശ്രയിക്കാനാകും. 

ഇത്തരത്തില്‍ പുറത്തുപോകുന്നത് ഒരു വീട്ടില്‍ നിന്ന് ഒരാള്‍ മാത്രമായിരിക്കുന്നതാണ് ഉചിതം. ആ ആള്‍ക്ക് പുറത്തുപോയി വന്നതിന് ശേഷം നന്നായി കുളിച്ച ശേഷം മാത്രം മറ്റുള്ളവരുമായി ഇടപെടാം. അതുപോലെ പുറത്തുപോയപ്പോള്‍ ധരിച്ച വസ്ത്രം അപ്പപ്പോള്‍ കഴുകിയിടുകയും ആവാം. 

നിലവില്‍ പരിഭ്രാന്തിയില്‍ അവശ്യസാധനങ്ങള്‍ വാങ്ങിക്കൂട്ടേണ്ട സാഹചര്യം നമുക്കില്ല. ആളുകളുമായി സമ്പര്‍ക്കം കുറയ്ക്കുന്നതിന്റെ ഭാഗമായി വീട്ടില്‍ തന്നെ കഴിയേണ്ടതിനാല്‍ അവശ്യസാധനങ്ങള്‍ കരുതുന്നു എന്ന് മാത്രം. അതില്‍ക്കവിഞ്ഞ ആശങ്കയോ സമ്മര്‍ദ്ദമോ ഇക്കാര്യത്തില്‍ കാണിക്കേണ്ടതല്ല. ജാഗ്രതയ്ക്ക് വേണ്ടി ചെയ്യേണ്ട ചില കാര്യങ്ങളില്‍ ഒന്ന് മാത്രമായി ഇതിനെയും കണ്ടാല്‍ മതി.