അടിയൊഴുക്കുള്ള ഒരു പുഴയ്ക്കരികില്‍ നില്‍പുറപ്പിച്ചിരിക്കുന്ന ഏതാനും ആനകള്‍. ഇതിനിടെ പുഴയ്ക്ക് നടുവിലൂടെ ഒരാള്‍ ഒഴുകുന്നത് കാണാം. അത് കൂട്ടത്തിലെ കുഞ്ഞന്‍ ആനയായ ഖാം ലായുടെ പരിചാരകനും 'സേവ് എലിഫന്റ് ഫൗണ്ടേഷന്‍' പ്രവര്‍ത്തകനുമായ ഡെറിക് തോംസണ്‍ ആണ്

മൃഗങ്ങളുടെ സ്‌നേഹത്തിനും കരുതലിനുമൊപ്പം ചേര്‍ത്തുവയ്ക്കാന്‍ ലോകത്ത് മറ്റൊന്നിനുമാകില്ലെന്നാണ് മൃഗസ്‌നേഹികളെല്ലാം തന്നെ വാദിക്കാറ്. ഈ വാദം ശരിയാണെന്ന് തോന്നിപ്പിക്കുന്ന പല സന്ദര്‍ഭങ്ങളും നമുക്കും അനുഭവമുണ്ടായിരിക്കാം. ചില സംഭവങ്ങള്‍, ചില വാര്‍ത്തകള്‍, ദൃശ്യങ്ങള്‍ എല്ലാം ഇതേ അനുഭവം നമ്മളിലുണ്ടാക്കാറുണ്ട്. 

അത്തരമൊരു വീഡിയോയെ കുറിച്ചാണ് പറഞ്ഞുവരുന്നത്. തായ്‌ലാന്‍ഡിലെ ചിയാംഗ് മായില്‍ നിന്നാണ് ഈ വീഡിയോ. 'സേവ് എലിഫന്റ് ഫൗണ്ടേഷന്‍' എന്ന സംഘടനയിലെ പ്രവര്‍ത്തകരാണ് വീഡിയോ പകര്‍ത്തിയിരിക്കുന്നത്. 

അടിയൊഴുക്കുള്ള ഒരു പുഴയ്ക്കരികില്‍ നില്‍പുറപ്പിച്ചിരിക്കുന്ന ഏതാനും ആനകള്‍. ഇതിനിടെ പുഴയ്ക്ക് നടുവിലൂടെ ഒരാള്‍ ഒഴുകുന്നത് കാണാം. അത് കൂട്ടത്തിലെ കുഞ്ഞന്‍ ആനയായ ഖാം ലായുടെ പരിചാരകനും 'സേവ് എലിഫന്റ് ഫൗണ്ടേഷന്‍' പ്രവര്‍ത്തകനുമായ ഡെറിക് തോംസണ്‍ ആണ്. 

അദ്ദേഹം പുഴയിലെ ഒഴുക്കില്‍ പെട്ട് മുങ്ങിത്താഴുകയാണെന്നാണ് ഒറ്റനോട്ടത്തില്‍ മനസിലാവുക. എന്നാല്‍ ഡെറിക് അപകടത്തില്‍ പെട്ടതായിരുന്നില്ല. പക്ഷേ ഖാം ലാ, ഡെറിക് അപകടത്തില്‍ പെട്ടിരിക്കുകയാണെന്ന് തന്നെ ഉറപ്പിച്ചു. മുതിര്‍ന്ന ആനകളെയൊന്നും കാത്തുനില്‍ക്കാതെ അത് ഒഴുക്കിലേക്ക് അതിവേഗം ഇറങ്ങുകയാണ്. 

തനിക്ക് പ്രശ്‌നമൊന്നുമില്ലെന്നും, ഇങ്ങോട്ട് വരേണ്ടതില്ലെന്നും ഡെറിക് ഉറക്കെ വിളിച്ചുപറയുന്നുണ്ട്. എന്നാല്‍ അതൊന്നും ഖാം ലാ കൂട്ടാക്കിയില്ല. ശക്തമായ ഒഴുക്കിനെ അവഗണിച്ച് അത് ഡെറികിനരികിലേക്ക് നടന്നെത്തി. കുട്ടിയാനയുടെ ഈ സ്‌നേഹവായ്പിന് മുന്നില്‍ കീഴടങ്ങുന്ന ഡെറികിനെയും വീഡിയോയില്‍ കാണാം. അത് തന്റെ പരിചാരകനെ താന്‍ സാഹസികമായി രക്ഷപ്പെടുത്തിയെന്ന് തന്നെ നിനയ്ക്കുന്നുണ്ടാകണം. 

'പ്രൊട്ടക്ട് ആള്‍ വൈല്‍ഡ് ലൈഫ്' എന്ന ഫേസ്ബുക്ക് പേജില്‍ പങ്കുവച്ച വീഡിയോ ലക്ഷക്കണക്കിന് പേരാണ് ഇതിനോടകം കണ്ടിരിക്കുന്നത്. ആയിരക്കണക്കിന് പേര്‍ ഈ ഹൃദ്യമായ വീഡിയോ പങ്കുവയ്ക്കുകയും ചെയ്തിരിക്കുന്നു. മൃഗങ്ങളോളം നന്ദിയും സ്‌നേഹവും മനുഷ്യനുണ്ടാകുമോ എന്ന മൃഗസ്‌നേഹികളുടെ വാദത്തെ വീഡിയോ തീര്‍ത്തും ശരിവയ്ക്കുകയാണ്. 

വീഡിയോ കാണാം...

Also Read:- 'കരുതലിന്റെ മാതൃക'; ആനകളുടെ രസകരമായ വീഡിയോ