1996ല്‍ ഇന്ത്യ സന്ദര്‍ശനത്തിനെത്തിയ മൈക്കിള്‍ ജാക്‌സണ്‍ ആകസ്മികമായി ബപ്പി ലാഹിരിയെ കണ്ടു. ധാരാളം ആഭരണങ്ങള്‍ അണിഞ്ഞിരിക്കുന്ന ബപ്പി ദായെ കണ്ട് അടുത്തുവന്ന് മൈക്കിള്‍ ജാക്‌സണ്‍ പരിചയപ്പെടുകയായിരുന്നുവത്രേ. താന്‍ സംഗീതസംവിധായകനും ഗായകനുമാണെന്ന് ബപ്പി ദാ സ്വയം പരിചയപ്പെടുത്തി
ഡിസ്‌കോ സംഗീതത്തിലൂടെ ( Disco Music ) ഇന്ത്യന്‍ സംഗീതാസ്വാദകരുടെ മനസില്‍ ( Indian Cinema Music ) എണ്‍പതുകളിലും തൊണ്ണൂറുകളിലും തരംഗം സൃഷ്ടിച്ച ഗായകനും സംഗീത സംവിധായകനുമായ ബപ്പി ലാഹിരിയുടെ ( Bappi Lahiri ) വിയോഗമാണ് ഇന്ന് ബോളിവുഡിനെ ദുഖത്തിലാക്കിയ വാര്‍ത്ത. വിവിധ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് അവശനിലയിലായിരുന്നു അദ്ദേഹം.
ഒടുവില്‍ അറുപത്തിയൊമ്പതാം വയസില്‍ ഈ ലോകത്തോട് യാത്ര ചോദിക്കുമ്പോള്‍ ബപ്പി ലാഹിരിയുമായി, തങ്ങളുടെ സ്വന്തം ബപ്പി ദായുമായി ചേര്‍ത്തുവയ്ക്കാവുന്ന നിരവധി ഓര്‍മ്മകളാണ് ബോളിവുഡ് സിനിമാസ്വാദകര്‍ക്കുള്ളത്.
ഇക്കൂട്ടത്തില്‍ ഏറ്റവും ശോഭയാര്‍ന്ന ഓര്‍മ്മയാവുകയാണ് അദ്ദേഹത്തിന്റെ രൂപം. കഴുത്തിലും കൈകളിലുമെല്ലാം സ്വര്‍ണാഭരണങ്ങളണിഞ്ഞ് തീര്‍ത്തും വ്യത്യസ്തമായ രീതിയിലായിരുന്നു ബപ്പി ലാഹി പൊതുവേദികളിലും മറ്റും പ്രത്യക്ഷപ്പെട്ടിരുന്നത്.
പൊതുവില്‍ പുരുഷന്മാര്‍ മിതമായ രീതിയില്‍ മാത്രം ആഭരണങ്ങള്‍ അണിയുകയും വേഷവിധാനത്തിലോ രൂപത്തിലോ പുരുഷന്മാര്‍ക്കിടയില്‍ കാര്യമായ ഫാഷന്‍ പരീക്ഷണങ്ങള്‍ നടക്കാതിരിക്കുകയും ചെയ്തിരുന്ന കാലത്താണ് ബപ്പി ലാഹിരി ഇത്തരത്തില്‍ ആരുടെയും ശ്രദ്ധ ക്ഷണിക്കും വിധം വ്യത്യസ്തമായി ഒരുങ്ങിയിരുന്നത്.

സ്വര്‍ണാഭരണങ്ങള്‍ തനിക്ക് ഭാഗ്യം സമ്മാനിക്കുമെന്ന വിശ്വാസത്തിന് മുകളിലായിരുന്നു ബപ്പി ലാഹിരി ധാരാളമായി സ്വര്‍ണം ഉപയോഗിച്ചിരുന്നത്. ആദ്യമായി തന്റെ അമ്മയാണ് തനിക്കൊരു സ്വര്‍ണമാല സമ്മാനിച്ചതെന്നും അതിന് പിന്നാലെയാണ് സിനിമാജീവിതത്തിലെ ആദ്യ സൂപ്പര്‍ ചിത്രം പിറന്നതെന്നും പില്‍ക്കാലത്ത് ഒരു അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞിട്ടുണ്ട്.
'ഹരേ രാമ, ഹരേ കൃഷ്ണ' എന്നെഴുതിയ ലോക്കറ്റോടുകൂടിയ ചെയിനാണേ്രത അന്ന് അമ്മ നല്‍കിയത്. അതിന് ശേഷം അദ്ദേഹം സംഗീതം നല്‍കിയ 'സഖ്മി' എന്ന ചിത്രം വമ്പന്‍ ഹിറ്റായി മാറുകയായിരുന്നു. ഇതോടെയാണ് ബപ്പി ലാഹിരി സ്വര്‍ണം ഭാഗ്യം കൊണ്ടുവരുമെന്ന് വിശ്വസിക്കാന്‍ തുടങ്ങിയത്.
തുടര്‍ന്ന് ബപ്പി ലാഹിരി കൂടുതലായി സ്വര്‍ണാഭരണങ്ങള്‍ വാങ്ങാന്‍ തുടങ്ങി. അദ്ദേഹത്തോട് ഏറെ അടുപ്പമുള്ളവരെല്ലാം തന്നെ സമ്മാനമായി അദ്ദേഹത്തിന് നല്‍കിയിരുന്നത് സ്വര്‍ണാഭരണങ്ങളായിരുന്നു. വലിയ ഗണപതി ഭക്തനായിരുന്ന ബപ്പി ലാഹിരിക്ക് ഒരിക്കല്‍ ഗണപതിയുടെ രൂപമുള്ള ലോക്കറ്റോട് കൂടിയ മാല സമ്മാനിച്ചു. ആ മാല വന്നതിന് ശേഷം ചെയ്ത രണ്ട് ചിത്രങ്ങള്‍ കൂടി വിജയിച്ചതോടെ അദ്ദേഹത്തിന്റെ വിശ്വാസം ഒന്നുകൂടി ഉറപ്പിക്കപ്പെട്ടു.
1996ല്‍ ഇന്ത്യ സന്ദര്‍ശനത്തിനെത്തിയ മൈക്കിള്‍ ജാക്‌സണ്‍ ആകസ്മികമായി ബപ്പി ലാഹിരിയെ കണ്ടു. ധാരാളം ആഭരണങ്ങള്‍ അണിഞ്ഞിരിക്കുന്ന ബപ്പി ദായെ കണ്ട് അടുത്തുവന്ന് മൈക്കിള്‍ ജാക്‌സണ്‍ പരിചയപ്പെടുകയായിരുന്നുവത്രേ. താന്‍ സംഗീതസംവിധായകനും ഗായകനുമാണെന്ന് ബപ്പി ദാ സ്വയം പരിചയപ്പെടുത്തി.
അന്ന് ബപ്പി ലാഹിരി സംഗീതം ചെയ്ത 'ഡിസ്‌കോ ഡാന്‍സര്‍' എന്ന ചിത്രത്തിലെ 'ജിമ്മി... ജിമ്മി.....' എന്ന ഗാനത്തിന്റെ ആരാധകനാണ് താനെന്ന് മൈക്കിള്‍ ജാക്‌സണ്‍ പറഞ്ഞുവത്രേ.

ആഭരണങ്ങള്‍ അണിയുന്നതിന്റെ പേരില്‍ ഏറെ വിമര്‍ശനങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും ട്രോളുകള്‍ക്കുമെല്ലാം വിധേയനായിട്ടുണ്ട് ബപ്പി ലാഹിരി. എന്നാല്‍ ഒരു ഘട്ടത്തിലും തന്റെ ശൈലിയില്‍ നിന്ന് പിറകോട്ട് പോകാന്‍ അദ്ദേഹം തയ്യാറായില്ല. ഒരിക്ക്ല്‍ ഒരു അവാര്‍ഡ് ഷോയില്‍ വച്ച് ബോളിവുഡ് സൂപ്പര്‍ താരം രാജ് കുമാര്‍ പരസ്യമായി ബപ്പി ലാഹിരിയെ ആഭരണങ്ങള്‍ അണിയുന്നതിന്റെ പേരില്‍ പരിഹസിച്ചു.
'താലിയുടെ ഒരു കുറവേയുള്ളൂ...' എന്നായിരുന്നു രാജ് കുമാര്‍ പരിഹസിച്ചത്. എന്നാല്‍ ഇതൊന്നും തന്നെ ബപ്പി ദായെ ബാധിച്ചില്ല. എവിടെ പോകുമ്പോഴും തനിക്ക് ആഭരണങ്ങള്‍ അണിയണമെന്നും അപ്പോഴൊക്കെ ദൈവങ്ങള്‍ തന്റെ കൂടെയുണ്ടെന്ന തോന്നലാണെന്നും അദ്ദേഹം ഇതിനെല്ലാം മറുപടിയായി പറഞ്ഞു.
ഇന്ത്യന്‍ സിനിമാസംഗീതചരിത്രത്തില്‍ തന്നെ ചെറുതല്ലാത്തൊരിടം നേടിയ ബപ്പി ദാ, ഏവരുടെയും ഓര്‍മ്മകളില്‍ ഇനിയുമേറെ കാലം തിളങ്ങിനില്‍ക്കുമെന്നതില്‍ സംശയമില്ല. 'അയാം എ ഡിസ്‌കോ ഡാന്‍സര്‍'..., 'യാര്‍ ബിനാ ചേന് കഹാന്‍ രേ'..., 'തമ്മാ തമ്മാ ലോഗേ'..., 'കോയി യഹാ നാചേ നാചേ'... തുടങ്ങി എത്രയോ ഹിറ്റ് ഗാനങ്ങളാണ് ബപ്പി ദായുടെ സംഗീതവിസ്മയത്തില്‍ വിരിഞ്ഞിട്ടുള്ളത്. ഇവയൊന്നും തന്നെ അത്ര പെട്ടെന്നൊന്നും നാം മറന്നുപോകുന്നവയല്ല.
Also Read:- വിവാഹശേഷം സാരികളില്‍ തിളങ്ങി നടി അങ്കിത; ഫോട്ടോകള്‍ കാണാം
