നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയതാണ് ലാവണ്ടർ ഓയിൽ. ലാവണ്ടർ ഓയിലിന്‍റെ സുഗന്ധം തന്നെയാണ് ഇതിന്‍റെ പ്രത്യേകത. ചര്‍മ്മത്തിന്‍റെയും തലമുടിയുടെയും ആരോഗ്യത്തിന് ലാവണ്ടർ ഓയിൽ വളരെ നല്ലതാണ്. 

തലവേദനയ്ക്ക് ആശ്വാസം നല്‍കാനും ലാവണ്ടർ ഓയില്‍ ഉപയോഗിക്കാറുണ്ട്. ലാവണ്ടർ ഓയിലിന്‍റെ മറ്റ് ഗുണങ്ങള്‍ നോക്കാം. 

ഒന്ന്...

സ്ട്രെസ് അല്ലെങ്കില്‍  മാനസിക പിരിമുറുക്കത്തെ ലഘൂകരിക്കാന്‍ സഹായിക്കുന്ന ഒന്നാണ് ലാവണ്ടർ ഓയിൽ. ശരീരത്തിനും മനസ്സിനും വിശ്രമം നൽകാന്‍ കഴിയുന്ന സവിശേഷ ഗുണങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു. അതിനാല്‍ ലാവണ്ടർ ഓയില്‍ മണപ്പിക്കുന്നത് മാനസിക പിരിമുറുക്കം കുറയ്ക്കാന്‍ സഹായിക്കുമെന്ന് 'ജേണല്‍ ഓഫ് മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് തായ്ലാന്‍ഡി'ല്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. 

രണ്ട്...

ലാവണ്ടർ ഓയിലിന്റെ ഉപയോഗം ഉറക്കത്തെ പ്രോത്സാഹിപ്പിക്കുന്ന ഒന്നാണ്. ഈ എണ്ണ നിങ്ങളുടെ മാനസികാവസ്ഥയെ മെച്ചപ്പെടുത്താനും നല്ല ഉറക്കം സമ്മാനിക്കാനും സഹായിക്കും. കിടക്കുന്നതിന് മുന്‍പ് ലാവണ്ടർ ഓയിലിന്റെ സുഗന്ധം ലഭ്യമാക്കുന്നത് ഉറക്കത്തിന് നല്ലതാണെന്ന് പഠനങ്ങളും സൂചിപ്പിക്കുന്നു.  സാധാരണ എണ്ണകളോടൊപ്പം ലാവണ്ടർ ഓയിൽ മിക്സ് ചെയ്ത് ശരീരത്തിൽ മസാജ് ചെയ്യുന്നതും നല്ല ഉറക്കം ലഭിക്കാൻ സഹായിക്കും. 

 

മൂന്ന്...

മൈഗ്രേയ്ന്‍ ഉള്ളവര്‍ക്കും ലാവണ്ടർ ഓയില്‍ ആശ്വാസം നല്‍കും.  തലവേദനയുടെ പ്രശ്നങ്ങളെ പൂർണ്ണമായും ചെറുത്തു നിർത്താൻ ലാവണ്ടർ ഓയിൽ ഉപയോഗിക്കാം. ഇതിനായി ഒരു ടിഷ്യൂ പേപ്പറില്‍ ഏതാനും തുള്ളി ലാവണ്ടർ എണ്ണ ഒഴിച്ച്, അതിന്‍റെ മണം ശ്വസിക്കാവുന്നതാണ്. 

നാല്...

എന്തിനും ഏതിനും ഉല്‍കണ്‌ഠ ആണോ?  ഇതിനും ലാവണ്ടർ ഓയിൽ പരിഹാരമാണ്. ഇവ ഇതിനെ നിയന്ത്രണ വിധേയമാക്കും.  കുളിക്കാനുള്ള വെള്ളത്തിലും വേണമെങ്കിൽ ലാവണ്ടർ ഓയിൽ ചേർക്കാം. അല്ലെങ്കിൽ  ശരീരഭാഗങ്ങൾ മസാജ് ചെയ്യാനായും ലാവണ്ടർ ഓയിലുകൾ ഉപയോഗിക്കാം.

Also Read: നല്ല ഉറക്കം ലഭിക്കാന്‍ 'ബനാന ടീ' കുടിക്കാം...