കൊവിഡ് കാലത്ത് മിക്ക സ്ത്രീകളും  ആരോഗ്യത്തിലും പാചകത്തിലും ഫിറ്റ്നസിലും പിന്നെ  സൗന്ദര്യ സംരക്ഷണത്തിലുമാണ് ശ്രദ്ധ നല്‍കിയിരിക്കുന്നത്. ബോളിവുഡ് താരങ്ങളാകട്ടെ ഫിറ്റ്നസ് വീഡിയോകളും സൗന്ദര്യ സംരക്ഷണ ടിപ്സുകളുമായി ആരാധകരുടെ മുന്‍പില്‍ നിരന്തരം എത്തുന്നുണ്ട്. അക്കൂട്ടത്തില്‍ ബിപാഷ ബസുവുമുണ്ട്. 

ബോളിവുഡിലെ ഗ്ലാമറസും ഹോട്ടുമായ നടിയാണ് ബിപാഷ ബസു. ഫിറ്റ്നസില്‍ യാതൊരു വിട്ടുവീഴ്ചയുമില്ലാത്ത ബിപാഷ ഇപ്പോഴിതാ തന്‍റെ സൗന്ദര്യ രഹസ്യമാണ് ആരാധകരുമായി പങ്കുവയ്ക്കുന്നത്. ഫേസ് പാക്ക് ഇട്ടുനില്‍ക്കുന്ന ചിത്രമാണ്  തന്‍റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ ബിപാഷ പങ്കുവച്ചിരിക്കുന്നത്. 

കടലമാവ്, ചെമ്പരത്തിപ്പൊടി, കറ്റാർവാഴ എന്നിവ കൊണ്ടു ഉണ്ടാക്കിയതാണ് ഈ ഫേസ് പാക്ക്. ആരോഗ്യമുള്ള ചര്‍മ്മത്തിന് എന്നാണ് ചിത്രത്തോടൊപ്പം ബിപാഷ കുറിച്ചത്. 

 

പണ്ടുകാലം മുതൽക്കെ സൗന്ദര്യ സംരക്ഷണത്തിന് ഉപയോ​ഗിച്ച് വരുന്ന ഒന്നാണ് കടലമാവ്. ശരീരത്തിലെയും മുഖത്തെയും കരവാളിപ്പ് അകറ്റാനും ചര്‍മ്മത്തിന് നല്ല നിറം നല്‍കാനും കടലമാവ് സഹായിക്കും. ചെമ്പരത്തിപ്പൊടിയിൽ വിറ്റാമിൻ സിയും ആന്റിഓക്സിഡന്റുകളും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഏറേ നല്ലതാണ്. സൗന്ദര്യ സംരക്ഷണത്തിന്‍റെ കാര്യത്തില്‍ കറ്റാര്‍വാഴയുടെ ഉപയോഗത്തെ കുറിച്ച് പറയേണ്ടതില്ലല്ലോ.

ആന്റി ഓക്‌സിഡന്റുകളുടെയും വിറ്റാമിനുകളുടെയും ശേഖരമാണ് കറ്റാര്‍വാഴ. ചര്‍മ്മത്തിന് ഈര്‍പ്പം നല്‍കുമെന്നതിനാല്‍ ക്രീമുകള്‍ക്ക് പകരവും കറ്റാര്‍വാഴ ഉപയോഗിക്കാം. 

Also Read: മുഖത്തെ എണ്ണമയം അകറ്റാന്‍ കിടിലന്‍ ഫേസ് പാക്കുമായി മേക്കപ്പ് ആര്‍ട്ടിസ്റ്റ് അനില ജോസഫ് !