Asianet News MalayalamAsianet News Malayalam

കൊവിഡ് മൂലം വരുമാനമില്ല; പച്ചക്കറി കച്ചവടം ചെയ്ത് ബോളിവുഡ് നടന്‍

നീണ്ട കാലത്തെ കാത്തിരിപ്പിന് ശേഷം 2018 മുതലാണ് സിനിമകളില്‍ ചെറിയ ആക്ഷന്‍ രംഗങ്ങളിലെല്ലാം അഭിനയിക്കാന്‍ സാഹൂവിന് അവസരം ലഭിക്കുന്നത്. രണ്ട് വര്‍ഷം കൊണ്ട് പല സിനിമകളിലും ചെറിയ വേഷങ്ങള്‍ ചെയ്തുവെങ്കിലും ഒന്നും കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. 2020 സാഹൂവിനെ സംബന്ധിച്ച് ഏറെ പ്രതീക്ഷയുള്ള വര്‍ഷമായിരുന്നു

bollywood actor sells vegetables to survive covid 19 pandemic
Author
Bhubaneswar, First Published Jul 25, 2020, 8:37 PM IST

കൊവിഡ് 19 വ്യാപകമായതോടെ തൊഴില്‍ നഷ്ടപ്പെട്ടവരും തൊഴില്‍ പ്രതിസന്ധി നേരിടുന്നവരും നിരവധിയാണ്. പലരും മുമ്പ് ചെയ്തിരുന്ന ജോലി പാടെ ഉപേക്ഷിച്ച് ഉപജീവനത്തിനായി മറ്റ് പല വഴികളിലേക്കും തിരിയുകയാണ്. ഇക്കൂട്ടത്തിലിപ്പോള്‍ ശ്രദ്ധേയനാവുകയാണ് ബോളിവുഡ് നടന്‍ കാര്‍ത്തിക സാഹൂ. 

ഒഡീഷയിലെ ഗരഡ്പൂര്‍ സ്വദേശിയായ കാര്‍ത്തിക സാഹൂ, ബോളിവുഡ് ആഗ്രഹവുമായി പതിനേഴാം വയസിലാണ് മുംബൈയിലേക്ക് വണ്ടി കയറുന്നത്. ആദ്യകാലങ്ങളില്‍ സിനിമാ താരങ്ങളുടെയും ക്രിക്കറ്റ് താരങ്ങളുടെയുമെല്ലാം ബോഡിഗാര്‍ഡായിരുന്നു സാഹൂ. അമിതാഭ് ബച്ചന്‍, സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ തുടങ്ങിയ മിന്നും താരങ്ങള്‍ക്കെല്ലാം ഒപ്പം കാവലായി സാഹൂ കൂടി.  

നീണ്ട കാലത്തെ കാത്തിരിപ്പിന് ശേഷം 2018 മുതലാണ് സിനിമകളില്‍ ചെറിയ ആക്ഷന്‍ രംഗങ്ങളിലെല്ലാം അഭിനയിക്കാന്‍ സാഹൂവിന് അവസരം ലഭിക്കുന്നത്. രണ്ട് വര്‍ഷം കൊണ്ട് പല സിനിമകളിലും ചെറിയ വേഷങ്ങള്‍ ചെയ്തുവെങ്കിലും ഒന്നും കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. 2020 സാഹൂവിനെ സംബന്ധിച്ച് ഏറെ പ്രതീക്ഷയുള്ള വര്‍ഷമായിരുന്നു. 

എന്നാല്‍ കൊവിഡ് 19 ആ ഭാഗ്യപരീക്ഷണത്തില്‍ നിന്നും അദ്ദേഹത്തെ പിറകോട്ട് വലിക്കുകയായിരുന്നു. അക്ഷയ് കുമാറിന്റെ 'സൂര്യവംശി'യാണ് സാഹൂ ഏറ്റവും ഒടുവില്‍ ചെയ്ത ചിത്രം. ഇതില്‍ അക്ഷയ്‌ക്കൊപ്പം ഒരു ഫൈറ്റ് സീനിലാണ് സാഹൂ അഭിനയിച്ചത്. 

'സൂര്യവംശി'യിലൂടെ ശ്രദ്ധിക്കപ്പെട്ടാല്‍ കൂടുതല്‍ അവസരങ്ങള്‍ തന്നെ തേടിയെത്തുമെന്ന പ്രതീക്ഷയിലിരിക്കെയായിരുന്നു കൊറോണയെന്ന വില്ലന്റെ കടന്നുവരവ്. അതോടെ സിനിമയില്‍ നിന്ന് തീര്‍ത്തും മാറിനില്‍ക്കേണ്ട അവസ്ഥയായി. മാര്‍ച്ചിന് ശേഷം വരുമാനമൊന്നുമില്ലാത്ത സാഹചര്യമായി. 

കയ്യിലുണ്ടായിരുന്ന ചെറിയ സമ്പാദ്യവും തീര്‍ന്നു. ഇതോടെ കുടുംബത്തെ മുന്നോട്ടുകൊണ്ടുപോകാനായി പച്ചക്കറി കച്ചവടത്തിലേക്ക് തിരിഞ്ഞിരിക്കുകയാണ് സാഹൂ. ഭുബനേശ്വറിലെ റസൂല്‍ഗഡില്‍ വഴിയരികിലായാണ് സാഹൂ കച്ചവടം തുടങ്ങിയിരിക്കുന്നത്. 

കൊവിഡ് കാലത്ത് ഒരുപാട് പേര്‍ പ്രതിസന്ധിയിലാണെന്നും അവരില്‍ താന്‍ വ്യത്യസ്തനല്ലെന്നുമാണ് സാഹൂവിന്റെ പക്ഷം. ഈ മോശം കാലം തീര്‍ന്നാല്‍ വീണ്ടും ബോളിവുഡില്‍ ഭാഗ്യം തേടാന്‍ തന്നെയാണ് തീരുമാനമെന്നും സിനിമയില്‍ ഇനിയും പ്രതീക്ഷകള്‍ ബാക്കി നില്‍ക്കുന്നുണ്ടെന്നും സാഹൂ പറയുന്നു. 

കൊവിഡ് കാലത്ത് ഏറ്റവും വലിയ പ്രതിസന്ധി നേരിട്ട വിഭാഗമാണ് സിനിമയില്‍ ചെറിയ വേഷങ്ങള്‍ ചെയ്യുന്നവരും ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും ടെക്‌നിക്കല്‍ ജോലിക്കാരുമെല്ലാം. കാര്യമായ സമ്പാദ്യങ്ങളില്ലാത്തതിനാല്‍ തന്നെ പലരും കടുത്ത പ്രയാസങ്ങളിലൂടെയാണ് നിലവില്‍ കടന്നുപോകുന്നത്. ഇവരുടെയെല്ലാം പ്രതിനിധിയാവുകയാണ് ഇപ്പോള്‍ സാഹൂവും.

Also Read:- ഉപജീവനത്തിനായി വഴിയോരത്ത് പച്ചക്കറി വിറ്റ് സംസ്ഥാന ചാമ്പ്യന്‍; സഹായഹസ്തം നീട്ടി ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി...

Follow Us:
Download App:
  • android
  • ios