Asianet News MalayalamAsianet News Malayalam

ദുരന്തം ബാക്കി വച്ചവര്‍; ചികിത്സയിലിരിക്കുന്ന കുട്ടിയെ തേടിയെത്തിയ ഭാഗ്യം...

അപകടത്തില്‍ പരുക്കേറ്റത് മാത്രമല്ല- പ്രിയപ്പെട്ടവരെ കാണാതെ പോയവര്‍, അവര്‍ക്ക് എന്തെങ്കിലും സംഭവിച്ചോ എന്ന് പോലും അറിയാതെ തുടരുന്നവര്‍, ദുരന്തത്തിന്‍റെ ആഘാതം മനസിന്‍റെ സമനില തെറ്റിച്ചവര്‍ എന്നിങ്ങനെ ദുരന്തമുഖത്ത് നിന്നുള്ള കാഴ്ചകള്‍ തീര്‍ച്ചയായും ഉള്ളുലയ്ക്കുന്നതാണ്.

boy who is in treatment after odisha train accident identified parents on tv channel hyp
Author
First Published Jun 8, 2023, 10:33 AM IST

രാജ്യം നടുങ്ങിയ ദുരന്തമായിരുന്നു ജൂണ്‍ 2ന് ഒഡീഷയിലെ ബാലസോറില്‍ വച്ചുനടന്ന ട്രെയിനപകടം. ഇതുവരെ 290ഓളം മരണമാണ് ദുരന്തത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ആയിരത്തിലധികം പേര്‍ ഇപ്പോഴും ആശുപത്രിയില്‍ തന്നെ തുടരുകയാണ്. ഇവരില്‍ അമ്പതോളം പേരുടെ നില ഗുരുതരമാണെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചത്. തിരിച്ചറിയപ്പെടാതെ കിടക്കുന്ന മൃതദേഹങ്ങള്‍ വേറെയും. വിവിധ ആശുപത്രികളിലായി 90 മൃതദേഹങ്ങള്‍ തിരിച്ചറിയപ്പെടാതെ തുടരുന്നുണ്ടെന്നാണ് ബാലസോറില്‍ നിന്ന് ലഭ്യമായിരുന്ന വിവരം. 

കാല്‍നൂറ്റാണ്ടിനിടെ രാജ്യം കണ്ട ഏറ്റവും വലിയട്രെയിനപകടമാണിത്. സുരക്ഷാവീഴ്ചയും മറ്റും വലിയ രീതിയില്‍ ചര്‍ച്ചകളും പ്രതിഷേധങ്ങളും ഉയര്‍ത്തുന്നതിനിടെ ദുരന്തത്തില്‍ നിന്ന് ബാക്കിയായവര്‍ നേരിടുന്ന പ്രതിസന്ധികള്‍ പലതാണ്. 

അപകടത്തില്‍ പരുക്കേറ്റത് മാത്രമല്ല- പ്രിയപ്പെട്ടവരെ കാണാതെ പോയവര്‍, അവര്‍ക്ക് എന്തെങ്കിലും സംഭവിച്ചോ എന്ന് പോലും അറിയാതെ തുടരുന്നവര്‍, ദുരന്തത്തിന്‍റെ ആഘാതം മനസിന്‍റെ സമനില തെറ്റിച്ചവര്‍ എന്നിങ്ങനെ ദുരന്തമുഖത്ത് നിന്നുള്ള കാഴ്ചകള്‍ തീര്‍ച്ചയായും ഉള്ളുലയ്ക്കുന്നതാണ്.

ഇപ്പോഴിതാ അപകടത്തില്‍ പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന ഒരു കുട്ടിയെ തേടിയെത്തിയ ഭാഗ്യമാണ് വാര്‍ത്തകളില്‍ ഇടം നേടുന്നത്. നേപ്പാള്‍ സ്വദേശിയായ രാമാനന്ദ പസ്വാൻ എന്ന പതിനഞ്ചുകാരൻ ഐസിയുവില്‍ ചികിത്സയില്‍ കഴിയുകയാണ്. 

ഇതിനിടെ ആശുപത്രി കിടക്കയില്‍ കിടന്നുകൊണ്ട് തന്നെ ടിവിയില്‍ തന്‍റെ മാതാപിതാക്കളെ കണ്ടിരിക്കുകയാണ് രാമാനന്ദ. ഇക്കാര്യം കുട്ടി അടുത്തുണ്ടായിരുന്നവരോട് അറിയിച്ചു. മകനെ കാണാനില്ലെന്ന കാര്യം മാധ്യമങ്ങളുടെ ക്യാമറയ്ക്ക് മുന്നില്‍ നിന്ന് സംസാരിക്കുകയായിരുന്നു രാമാനന്ദയുടെ മാതാപിതാക്കള്‍. 

മൂന്ന് ബന്ധുക്കള്‍ക്കൊപ്പമായിരുന്നുവത്രേ കുട്ടി അന്ന് യാത്ര ചെയ്തിരുന്നത്. അപകടം നടന്ന വിവരം അറിഞ്ഞ് നാട്ടില്‍ നിന്ന് ഓടിയെത്തിയ ഇവര്‍ ബന്ധുക്കളുടെ മരണവിവരമാണ് അറിഞ്ഞത്. കൂടെയുണ്ടായിരുന്ന മൂന്നുപേരും മരിച്ചു എന്നറിഞ്ഞതോടെ ഇവര്‍ ഏറെ ആശങ്കയിലായിരുന്നു. ആശുപത്രികളില്‍ നിന്ന് ആശുപത്രികളിലേക്ക് അലഞ്ഞുകൊണ്ടിരിക്കുകയും മകന് വേണ്ടി തിരച്ചില്‍ നടത്തുകയും ചെയ്തുകൊണ്ടിരുന്നു. 

ഒടുവില്‍ ഭുബനേശ്വറിലെ എയിംസ് ആശുപത്രിക്ക് മുന്നില്‍ നില്‍ക്കുമ്പോള്‍ ലോക്കല്‍ ടിവി ചാനലിന്‍റെ റിപ്പോര്‍ട്ടര്‍ ഇവരെ സമീപിക്കുകയായിരുന്നു. ടിവി ക്യാമറയ്ക്ക് മുമ്പില്‍ നിന്നുകൊണ്ട് ഇവര്‍ തങ്ങളുടെ വേദന പങ്കുവച്ചു. ഭാഗ്യവശാല്‍ ഇത് മകൻ തന്നെ കണ്ടു. 

തുടര്‍ന്ന് ആശുപത്രി അധികൃതരുടെ നേതൃത്വത്തില്‍ ഇവരും മകനും കണ്ടു. തനിക്ക് മകനെ ലഭിച്ചതിലുള്ള സന്തോഷവും ആശ്വാസവും പറഞ്ഞറിയിക്കാൻ സാധിക്കില്ലെന്ന് ശേഷം രാമാനന്ദയുടെ അച്ഛൻ ഹരി പസ്വാൻ അറിയിച്ചു. 

Photo : Reuters

Also Read:- ട്രെയിനപകടത്തിന്‍റെ അവശേഷിപ്പുകള്‍; വേദനയായി ഈ കാഴ്ചകള്‍...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

 

Follow Us:
Download App:
  • android
  • ios