സെക്‌സിനിടെ ഏകപക്ഷീയമായ തീരുമാനത്തില്‍ കോണ്ടം മാറ്റുന്നത് പലപ്പോഴും സ്ത്രീയുടെ ആരോഗ്യസുരക്ഷയെ പ്രതികൂലമായി ബാധിക്കും. താല്‍പര്യമില്ലാത്ത ഗര്‍ഭധാരണം, ലൈംഗികരോഗങ്ങളുടെ പകര്‍ച്ച തുടങ്ങി ഗൗരവമുള്ള പല പ്രശ്‌നങ്ങളും ഇതുമൂലം സംഭവിക്കാം

ഉഭയസമ്മത പ്രകാരമുള്ള സംഭോഗത്തിനിടെ ആണെങ്കിലും പങ്കാളിയുടെ അനുവാദമില്ലാതെ ( Without Consent )പുരുഷന്‍ കോണ്ടം ( Condom ) ഊരിമാറ്റുന്നത് നിയമവിരുദ്ധമായി അംഗീകരിച്ച് കാലിഫോര്‍ണിയ. യുഎസില്‍ തന്നെ ആദ്യമായാണ് ഒരു സ്റ്റേറ്റില്‍ ഇത്തരമൊരു ബില്ല് പാസാക്കപ്പെടുന്നത്. 

നിയമസഭാംഗമായ ക്രിസ്റ്റീന ഗാര്‍ഷ്യയാണ് ഈ ബില്ല് അവതരിപ്പിച്ചിരുന്നത്. വ്യാഴാഴ്ചയോടെ ഗവര്‍ണര്‍ ഗവിന്‍ ന്യൂസം ബില്ലില്‍ ഒപ്പ് വയ്ക്കുകയായിരുന്നു. തുടര്‍ന്ന് ഇക്കാര്യം ട്വിറ്ററിലൂടെ അദ്ദേഹം പങ്കുവയ്ക്കുകയും ചെയ്തു. 'കണ്‍സന്റ്' അഥവാ പങ്കാളിയുടെ അനുമതി എന്നത് എത്രമാത്രം പ്രധാനമാണെന്ന് അടിവരയിട്ട് ഉറപ്പിക്കുന്നതിനാണ് ഈ ബില്ല് പാസാക്കിയതെന്ന് ഗവര്‍ണര്‍ ട്വീറ്റിലൂടെ പറയുന്നു. 

'സെക്‌സിനിടെ ഈ രീതിയില്‍ പെരുമാറുന്നത് ധാര്‍മ്മികമല്ല, എന്നാല്‍ ധാര്‍മ്മികതയുടെ മാത്രം വിഷയമായി തുടരേണ്ട ഒന്നായിരുന്നില്ല ഇത്, ഇപ്പോഴിത് നിയമവിരുദ്ധം കൂടിയായിരിക്കുന്നു...'- ബില്ല് പാസാക്കപ്പെട്ട ശേഷം ക്രിസ്റ്റീന ഗാര്‍ഷ്യ പ്രതികരിച്ചു. 

സെക്‌സിനിടെ ഏകപക്ഷീയമായ തീരുമാനത്തില്‍ കോണ്ടം മാറ്റുന്നത് പലപ്പോഴും സ്ത്രീയുടെ ആരോഗ്യസുരക്ഷയെ പ്രതികൂലമായി ബാധിക്കും. താല്‍പര്യമില്ലാത്ത ഗര്‍ഭധാരണം, ലൈംഗികരോഗങ്ങളുടെ പകര്‍ച്ച തുടങ്ങി ഗൗരവമുള്ള പല പ്രശ്‌നങ്ങളും ഇതുമൂലം സംഭവിക്കാം. ഇത്തരം പരാതികളും ഉയര്‍ന്നുവരാറുണ്ട്. എന്നാല്‍ നിയമത്തിന്റെ പരിധിയില്‍ ഉള്‍ക്കൊള്ളുന്നതല്ല എന്നതിനാല്‍ തന്നെ ഇങ്ങനെയുള്ള കേസുകളില്‍ പരാതിക്കാരായ സ്ത്രീകള്‍ നിസഹായരായി പോകുന്ന കാഴ്ചയാണ് കാണാന്‍ സാധിച്ചിട്ടുള്ളതെന്നും ക്രിസ്റ്റീന പറയുന്നു. 

2017 മുതല്‍ തന്നെ ഈ ബില്ലിന് അംഗീകാരം നല്‍കണമെന്ന ആവശ്യവുമായി ക്രിസ്റ്റീന രംഗത്തുണ്ട്. സ്ത്രീപക്ഷവാദികളും, മനുഷ്യാവകാശപ്രവര്‍ത്തകരുമടക്കം നിരവധി പേര്‍ ബില്ലിനെ അനുകൂലിക്കുകയും ചെയ്തിരുന്നു. എന്തായാലും ചരിത്രപരമായൊരു ചുവടുവയ്പാണ് ഇതോടെ കാലിഫോര്‍ണിയ നടത്തിയിരിക്കുന്നത്. 

ലൈംഗിക വിദ്യാഭ്യാസത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഇന്ത്യയിലും ചൂടുപിടിക്കുന്ന ഈ സാഹചര്യത്തില്‍ ഇത്തരം വാര്‍ത്തകള്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്നുണ്ട്. ലൈംഗികതയില്‍ സ്ത്രീക്കും പുരുഷനും തുല്യ അവകാശമാണുള്ളതെന്നും അക്കാര്യത്തില്‍ നിയമപരമായ പരിരക്ഷ സ്ത്രീക്ക് ആവശ്യമെങ്കില്‍ അത് ലഭ്യമാകണമെന്നുമുള്ള ആരോഗ്യപരമായ മാതൃകയാണ് കാലിഫോര്‍ണിയ മുന്നോട്ടുവയ്ക്കുന്നത്. 

Also Read:- ഒന്നിലധികം ആളുകളുമായി സെക്സിലേർപ്പെടുന്നത് സെർവിക്കൽ കാൻസറിനുള്ള സാധ്യത വർദ്ധിപ്പിക്കുമോ?