അതിസാഹസികരുടെ അഭ്യാസ പ്രകടനങ്ങള്‍ കാണുന്നത് സാധാരണക്കാരെ സംബന്ധിച്ച് ഒരു കൗതുകമാണ്. എന്നാല്‍ ഇത്തരത്തില്‍ കൗതുകവും ശ്രദ്ധയുമെല്ലാം പിടിച്ചുപറ്റാനായി അപകടസാധ്യതയുള്ള തരം അഭ്യാസങ്ങളിലേര്‍പ്പെട്ടാലോ!

അത്തരമൊരു വീഡിയോ ആണ് കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയത്. മുംബൈയിലാണ് സംഭവം. സിനിമയില്‍ സ്റ്റണ്ട് വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന മൂന്ന് യുവാക്കള്‍. ഇവരിലൊരാള്‍ 23 നിലയുള്ള ഒരു കെട്ടിടത്തിന്റെ മുകളിലെ നിലയിലെ സണ്‍സൈഡില്‍ നിന്നുകൊണ്ട് അഭ്യാസം കാണിക്കുന്നു. 

മറ്റ് രണ്ട് പേര്‍ ചേര്‍ന്നാണ് വീഡിയോ എടുത്തിരിക്കുന്നത്. കാണുമ്പോള്‍ തന്നെ ശ്വാസം നിന്നുപോകുന്നത് പോലുള്ള അഭ്യാസ പ്രകടനങ്ങളാണ് വീഡിയോയിലുള്ളത്. കാലുകള്‍ രണ്ടും മേല്‍പോട്ടുയര്‍ത്തി കൈകളൂന്നി നില്‍ക്കുന്നതും മറ്റും ചങ്കിടിപ്പോടെയല്ലാതെ കാണാനാകില്ല. 

എത്രമാത്രം മുകളിലാണ് ചെറുപ്പക്കാര്‍ നില്‍ക്കുന്നതെന്ന് നമുക്ക് വീഡിയോയിലൂടെ തന്നെ മനസിലാക്കാനുമാകും. പിന്നീട് ഇവര്‍ തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ വീഡിയോ പുറത്തുവിട്ടത്. സംഗതി ചുരുങ്ങിയ സമയത്തിനകം തന്നെ വൈറലായെങ്കിലും ഒടുവില്‍ യുവാക്കള്‍ക്ക് എട്ടിന്റെ പണിയാണ് കിട്ടിയത്. സംഭവത്തില്‍ മൂന്ന് പേര്‍ക്കെതിരെയും പൊലീസ് കേസെടുത്തിരിക്കുകയാണിപ്പോള്‍. 

അനുമതി തേടാതെ ജീവന്‍ പണയപ്പെടുത്തിക്കൊണ്ടുള്ള അഭ്യാസപ്രകടനത്തിനും, മറ്റുള്ളവര്‍ അനുകരിച്ചാല്‍ അപകടം സംഭവിച്ചേക്കാമെന്നുള്ള സാധ്യത കണക്കിലെടുത്തും ആണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഇത്തരത്തില്‍ സാഹസികത കാണിക്കുന്നതിനിടെ അബദ്ധം സംഭവിച്ച് ജീവന്‍ പൊലിഞ്ഞവര്‍ നിരവധിയാണെന്നും ഒരിക്കലും മാതൃകാപരമായ ഒരു വിനോദമായി ഇതിനെ കരുതാനാകില്ലെന്നുമാണ് പൊലീസ് അറിയിക്കുന്നത്.

വീഡിയോ കാണാം...

 

Also Read:- ചെറുതായിട്ട് ഒരു 'സെല്‍ഫി' എടുത്തതാണ്; ടൂറിസ്റ്റിന് വേണ്ടി വല വിരിച്ച് പൊലീസ്...