രോഗികളെ വരവേല്‍ക്കാനും അവരെ ആശുപത്രിയിലേക്ക് കയറ്റിവിടാനും തിരിച്ചിറങ്ങുമ്പോള്‍ അവരെ അനുഗമിക്കാനുമെല്ലാം സെക്യൂരിറ്റി ജീവനക്കാരനായി ഒരു പൂച്ച. കേള്‍ക്കുമ്പോള്‍ ആരിലും അതിശയം ജനിപ്പിക്കുന്നതാണ് എല്‍വുഡ് എന്ന ഈ പൂച്ചയുടെ കഥ.

ഓസ്‌ട്രേലിയയിലെ റിച്ച്മണ്ട് എന്ന സ്ഥലത്തുള്ള 'എപ്വേര്‍ത്ത് ആശുപത്രി'യില്‍ കഴിഞ്ഞ ഒരു വര്‍ഷത്തോളമായി സ്ഥിരം സന്ദര്‍ശകനായിരുന്നു എല്‍വുഡ്. എല്ലാ ദിവസവും രാവിലെ എല്‍വുഡ് ആശുപത്രിയിലെത്തും. പകല്‍ മുഴുവന്‍ സ്വന്തം സ്ഥലമെന്നത് പോലെ നടന്ന് പെരുമാറിയതിന് ശേഷം രാത്രിയാകുമ്പോള്‍ എല്‍വുഡ് ഇവിടെ നിന്ന് മടങ്ങും.

അങ്ങനെ എല്‍വുഡിന്റെ സ്തുത്യര്‍ഹമായ ഒരു വര്‍ഷത്തെ സേവനത്തില്‍ തൃപ്തി തോന്നിയ ആശുപത്രി അധികൃതര്‍ ഒടുവില്‍ അവനെ അവിടത്തെ 'സ്റ്റാഫ്' ആയി അംഗീകരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇപ്പോള്‍ 'എപ്വേര്‍ത്ത് ആശുപത്രി'യിലെ ഏതൊരു ജീവനക്കാരനേയും പോലെയാണ് എല്‍വുഡും. 

കഴുത്തില്‍ പേരും പോസ്റ്റുമെല്ലാം എഴുതിച്ചേര്‍ത്തിരിക്കുന്ന ബാഡ്ജ്. ഗമയിലുള്ള നടപ്പ്. ഗൗരവത്തിലുള്ള ജോലി. ആശുപത്രിയിലെത്തുന്ന രോഗികള്‍ക്കെല്ലാം എല്‍വുഡ് കൗതുകമാണ്. പ്രത്യേകിച്ച് കുട്ടികള്‍ക്ക്. ഇവിടത്തെ ഡോക്ടര്‍മാരുടേയും മറ്റ് ജീവനക്കാരുടേയുമെല്ലാം പ്രിയപ്പെട്ടവനായി എല്‍വുഡ് മാറിയിട്ടുണ്ട്. 

 

 

അടുത്തിടെ ബ്രസീലില്‍ നിന്നും സമാനമായൊരു വാര്‍ത്ത വന്നിരുന്നു. ഒരു പട്ടിയെ വാഹന ഷോറൂമിലെ 'സ്റ്റാഫ്' ആക്കി നിയമിച്ച വാര്‍ത്ത. ഷോറൂമിന്റെ പരിസരങ്ങളില്‍ എപ്പോഴും ഈ പട്ടിയുണ്ടാകുമത്രേ. അങ്ങനെ ഏറെ നാളായപ്പോള്‍ ഷോറൂമിന്റെ ഉടമസ്ഥര്‍ അവനേയും ജീവനക്കാരനായി അങ്ങ് ചേര്‍ത്തു. മനുഷ്യരും മൃഗങ്ങളുമായുള്ള ബന്ധം എപ്പോഴും ഊഷ്മളമാണ്. അതുണ്ടാക്കുന്ന 'പോസിറ്റീവ്' അനുഭവവും വളരെ വലുതാണ്. അത്തരത്തില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്ന ചുവടുവയ്പുകള്‍ കൂടിയാണ് ഇതെല്ലാം.

Also Read:- മഞ്ഞപ്പൂച്ചയോ? അന്തം വിട്ട് സോഷ്യൽ മീഡിയ; സംഭവിച്ചത് ഒരബദ്ധം...