കാഴ്ചയ്ക്ക് നല്ല അത്യുഗ്രന്‍ 'ഹോം മേഡ് ചീസ്'. ചീസ് പ്രേമികള്‍ക്ക് ഒരു കഷ്ണമെടുത്ത് കഴിക്കാനെല്ലാം തോന്നും. എന്നാല്‍ എന്തില്‍ നിന്നാണ് ഈ ചീസ് ഉണ്ടാക്കിയതെന്ന് കേട്ടാല്‍ ഈ ചീസ്‌പ്രേമികളൊക്കെ ഓടിത്തള്ളും. 

അത്രയും പ്രശ്‌നമുള്ള സംഗതിയെന്താണെന്നാണോ ചിന്തിക്കുന്നത്? എങ്കില്‍ പറയാം, കേട്ടോളൂ...

മനുഷ്യശരീരത്തില്‍ നിന്നും ശേഖരിച്ച ബാക്ടീരിയകള്‍ കൊണ്ടാണ് ഈ ചീസ് കട്ടികള്‍ ഉണ്ടാക്കിയിരിക്കുന്നത്. കക്ഷത്തില്‍ നിന്നും കാല്‍വിരലുകള്‍ക്കിടയില്‍ നിന്നും പുക്കിള്‍ക്കുഴിയില്‍ നിന്നുമെല്ലാം ശേഖരിച്ച ബാക്ടീരിയകളെ ലാബിലിട്ട് വളര്‍ത്തി വലുതാക്കിയാണ് ഇങ്ങനെ ചീസ് പരുവത്തിലാക്കിയിരിക്കുന്നത്. 

ലണ്ടനിലെ 'വിക്ടോറിയ ആന്റ് ആല്‍ബര്‍ട്ട് മ്യൂസിയം' ആണ് ഇത്തരത്തില്‍ വ്യത്യസ്തമായി നിര്‍മ്മിച്ച ചീസ് പ്രദര്‍ശനത്തിന് വച്ചത്. നമ്മുടെ ശരീരത്തിലുള്ള സൂക്ഷ്മാണുക്കള്‍ നമുക്ക് ദോഷകരമായ കാര്യങ്ങള്‍ മാത്രം ഉണ്ടാക്കുന്നുവെന്ന് ചിന്തിക്കുന്ന നിരവധി പേരുണ്ട്. എന്നാല്‍ അവ, നമ്മുടെ ശരീരത്തെ എത്തരത്തിലെല്ലാം ആരോഗ്യപരമായി നിലനിര്‍ത്താന്‍ സഹായിക്കുന്നുവെന്ന് അറിയിക്കാന്‍, അതിനൊരു ബോധവത്കരണം നല്‍കാന്‍ ആണ് ഇങ്ങനെയൊരു പ്രദര്‍ശനം നടത്തിയതത്രേ. 

മനുഷ്യശരീരമെന്നാല്‍ സൂക്ഷ്മാണുക്കളുടെ സംഘമാണെന്നും ഇതില്‍ അറപ്പ് വിചാരിക്കാന്‍ ഒന്നും തന്നെയില്ലെന്നും 'ഹ്യൂമണ്‍ ചീസ്' പ്രദര്‍ശനത്തിന്റെ സംഘാടകരായ ഗവേഷകര്‍ വാദിക്കുന്നു. എന്തായാലും ചുരുങ്ങിയ സമയം കൊണ്ട് തന്നെ സംഗതി വാര്‍ത്തകളില്‍ വലിയ ഇടം നേടിയിട്ടുണ്ട്.