സെക്കന്‍ഡുകള്‍ മാത്രം ദൈര്‍ഘ്യം വരുന്ന ഈ വീഡിയോ ആരാണ് പകര്‍ത്തിയതെന്നോ, എപ്പോഴാണ് പകര്‍ത്തിയതെന്നോ വ്യക്തതയില്ല. ഐപിഎസ് ഉദ്യോഗസ്ഥനായ ദീപാന്‍ശു കബ്ര ട്വിറ്ററില്‍ പങ്കുവച്ചതോടെയാണ് വീഡിയോ ശ്രദ്ധിക്കപ്പെട്ടത്. 

നിത്യവും എത്രയോ വീഡിയോകളും ( Viral Video ) ചിത്രങ്ങളും വാര്‍ത്തകളുമാണ് സോഷ്യല്‍ മീഡിയയിലൂടെ (Social Media ) നാം കാണുകയും അറിയുകയും ചെയ്യുന്നത്. ഇവയില്‍ മിക്കതും നമ്മെ കൗതുകപ്പെടുത്തുന്നതോ, രസിപ്പിക്കുന്നതോ ഒക്കെയാകാം. എന്നാല്‍ ചില വീഡിയോകള്‍ ഒറ്റക്കാഴ്ചയില്‍ തന്നെ നമ്മുടെ മനസ് നിറച്ചേക്കാം. 

അത്തരത്തിലൊരു വീഡിയോയെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. നാം ജീവിക്കുന്ന ചുറ്റുപാടില്‍ നമ്മുടെ കാഴ്ചയില്‍ പെടാതെ നിരവധി ജീവനുകള്‍ ദുരിതങ്ങളിലൂടെയും കഷ്ടപ്പാടിലൂടെയുമെല്ലാം കടന്നുപോകുന്നുണ്ടാകാം. അത് മനുഷ്യരോ, മറ്റ് ജീവജാലങ്ങളോ ആകട്ടെ...

അവരുടെ വേദനകളെ കാണാതെ പോകുന്നതും, അതില്‍ ചെയ്യാന്‍ സാധിക്കുന്ന ചെറിയ സഹായങ്ങള്‍ പോലും ചെയ്യാതെ പോകുന്നതും സത്യത്തില്‍ ധാര്‍മ്മികതയ്ക്ക് നിരക്കാത്തത് തന്നെയാണ്. എന്നാല്‍ തിരക്ക് പിടിച്ച ഓട്ടപ്പാച്ചിലിനിടയില്‍ മിക്കവര്‍ക്കും ഇതൊന്നും കാണാനോ, ഇടപെടാനോ ഉള്ള സമയമോ സൗകര്യമോ ഉണ്ടായിരിക്കില്ല. 

അങ്ങനെയെങ്കില്‍ തീര്‍ച്ചയായും ഈ വീഡിയോ നമ്മെ പലതും ഓര്‍മ്മിപ്പിക്കും. ഒരു കുഞ്ഞിന് ഇത്രയും ചെയ്യാമെങ്കില്‍ നമുക്ക് എന്തെല്ലാം ചെയ്യാമെന്ന ഓര്‍മ്മപ്പെടുത്തല്‍ തന്നെയാണ് ഈ വീഡിയോ ചെയ്യുന്നത്. ദാഹിച്ചുവലഞ്ഞ നായ്ക്കുട്ടിക്ക് തെരുവില്‍ ടാപ്പില്‍ നിന്ന് വെള്ളം നല്‍കുന്ന കുഞ്ഞാണ് വീഡിയോയിലുള്ളത്. 

ഹാന്‍ഡ് പമ്പ് കൈകാര്യം ചെയ്യാന്‍ പോലും ശേഷിയില്ലാത്ത കുഞ്ഞ് വളരെയധികം അധ്വാനിച്ചാണ് നായ്ക്കുട്ടിക്ക് വെള്ളം നല്‍കുന്നത്. ടാപ്പില്‍ നിന്ന് പൊഴിയുന്ന വെള്ളം നായ്ക്കുട്ടി കുടിക്കുന്നതും അത് നോക്കി വീണ്ടും പരിശ്രമിച്ച് ഹാന്‍ഡ് പമ്പ് കൈകാര്യം ചെയ്യുന്ന കുഞ്ഞിനെയും വീഡിയോയില്‍ കാണാം. 

സെക്കന്‍ഡുകള്‍ മാത്രം ദൈര്‍ഘ്യം വരുന്ന ഈ വീഡിയോ ആരാണ് പകര്‍ത്തിയതെന്നോ, എപ്പോഴാണ് പകര്‍ത്തിയതെന്നോ വ്യക്തതയില്ല. ഐപിഎസ് ഉദ്യോഗസ്ഥനായ ദീപാന്‍ശു കബ്ര ട്വിറ്ററില്‍ പങ്കുവച്ചതോടെയാണ് വീഡിയോ ശ്രദ്ധിക്കപ്പെട്ടത്. 

Scroll to load tweet…


നിരവധി പേരാണ് വീഡിയോ റീട്വീറ്റ് ചെയ്യുന്നത്. മനുഷ്യത്വം കുട്ടികളില്‍ നിന്ന് പഠിക്കാമെന്നും ഈ വീഡിയോ അതിനുദാഹരണമാണെന്നും കമന്റുകളിലൂടെ എഴുതുകയാണ് അധിക പേരും. കുഞ്ഞുങ്ങളുടെ നിഷ്‌കളങ്കത തീര്‍ച്ചയായും മനസ് നിറയ്ക്കുന്നതാണെന്ന് വാത്സല്യപൂര്‍വം അഭിപ്രായപ്പെടുന്നവരുമുണ്ട്. എന്തായാലും കേവലമൊരു വീഡിയോ എന്നതില്‍ കവിഞ്ഞ് മനുഷ്യന്റെ ധാര്‍മ്മികതയെ കുറിച്ചോര്‍മ്മിപ്പിക്കുന്ന പ്രവര്‍ത്തിയായി തന്നെ ഇതിനെ കാണാവുന്നതാണ്.

Also Read:-'ഇതൊക്കെയാണ് സന്തോഷം'; മനസ് നിറയ്ക്കുന്ന വീഡിയോ