ലോക്ക്ഡൗണ്‍ കാലത്ത് സമൂഹമാധ്യമങ്ങളില്‍ പല വീഡിയോകളും വൈറലാകുന്നുണ്ട്. എന്നാല്‍ അക്കൂട്ടത്തില്‍ വേറിട്ട് നിന്നത്  ക്രിക്കറ്റ് കളിക്കുന്ന ഒരു ദമ്പതികളുടെ വീഡിയോ ആയിരുന്നു. വീഡിയോ മണിക്കൂറുകള്‍ കൊണ്ടാണ് വൈറലായത്.  പ്രായത്തെ വെല്ലുന്ന പ്രകടനമായിരുന്നു അതെന്നാണ് സോഷ്യല്‍ മീഡിയയുടെ അഭിപ്രായം. 

58 വയസ്സുള്ള രാമന്‍ നമ്പൂതിരിയും 50 വയസ്സുള്ള ബിന്ദുവുമാണ് വീഡിയോയിലെ താരങ്ങള്‍. വീട്ടിലിരുന്ന് ബോറടിച്ചപ്പോള്‍ കളിച്ചതാണ് ദമ്പതികള്‍. രാമന്‍ നമ്പൂതിരി പട്ടാളത്തിലായിരുന്നു.  98ൽ വിരമിച്ചു. ഇപ്പോൾ ഭാര്യയും മക്കളുമൊക്കെയായി പാലക്കാട് പട്ടാമ്പിയിലാണ് താമസം. അടുത്തൊരു ക്ഷേത്രത്തിലെ ശാന്തിപ്പണിയാണ് ഇപ്പോൾ ചെയ്യുന്നത്.

'ലോക്ക്ഡൗണായി വീട്ടിലിരുന്ന് മടുത്തപ്പോൾ, എന്നാൽ വാ ക്രിക്കറ്റ് കളിക്കാണെന്ന് ഞാൻ വെറുതേ പറഞ്ഞു. അപ്പോഴേക്കും ഭാര്യ റെഡിയായി'- രാമന്‍ നമ്പൂതിരി പറയുന്നു. ക്രിക്കറ്റ് എനിക്ക് വലിയ ഇഷ്ടമാണ്. പക്ഷേ ഭാര്യ ഇത്ര നന്നായി കളിക്കുമെന്ന് എനിക്ക് അറിയില്ലായിരുന്നു. കൈയ്യൊക്കെ കറക്കി കൃത്യമായിട്ടാണ് അവൾ പന്തെറിഞ്ഞു തന്നത്. ഞാൻ തന്നെ അമ്പരന്നുപോയി എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Also Read: ഇങ്ങനെയും ടെന്നിസ് കളിക്കാം, മട്ടുപ്പാവില്‍ കോര്‍ട്ടൊരുക്കി ഇറ്റാലിയന്‍ പെണ്‍കുട്ടികള്‍- വീഡിയോ...

ഇളയ മകനാണ് ഇത് വീഡിയോയിൽ പകർത്തിയത്. അമ്മ പട്ടാമ്പി കോളജിലെ വനിതാ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായിരുന്നു എന്നു പറയുന്നത് ചുമ്മാതാണ്. അവൾക്ക് അങ്ങനെ ക്രക്കറ്റിൽ മുൻ പരിചയം ഒന്നുമില്ല. പക്ഷേ നല്ല ബൗളറാണെന്ന് തെളിയിച്ചു എന്നും രാമന്‍ നമ്പൂതിരി പറയുന്നു.