മേക്കപ്പ് ഉപയോഗിക്കുന്നവർക്ക് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് സെറ്റിങ് സ്പ്രേ. സാധാരണയായി മേക്കപ്പ് പൂർത്തിയായ ശേഷം അത് ദീർഘനേരം നിലനിൽക്കാനാണ് നമ്മൾ ഇത് ഉപയോഗിക്കാറുള്ളത്. എന്നാൽ സെറ്റിങ് സ്പ്രേ കേവലം ഒരു 'ഫിനിഷിംഗ് ടച്ച്' മാത്രമല്ല.
മേക്കപ്പ് കംപ്ലീറ്റ് ആയതിനുശേഷം അത് ലോക്ക് ചെയ്യാൻ മാത്രമാണ് പലരും സെറ്റിങ് സ്പ്രേ ഉപയോഗിക്കുന്നത്. എന്നാൽ വെറുമൊരു ഫിനിഷിംഗ് സ്റ്റെപ്പ് എന്നതിലുപരി, മേക്കപ്പിന്റെ ഓരോ ഘട്ടത്തിലും ക്രിയേറ്റീവ് ആയി ഉപയോഗിക്കാൻ കഴിയുന്ന ഒന്നാണ് ഈ മാന്ത്രിക സ്പ്രേ. ഐഷാഡോയുടെ പിഗ്മെന്റേഷൻ വർദ്ധിപ്പിക്കാനും, ഫൗണ്ടേഷന് ഒരു ഫ്ലോലെസ്സ് ഫിനിഷ് നൽകാനും സെറ്റിങ് സ്പ്രേയ്ക്ക് കഴിയും. പ്രൊഫഷണൽ മേക്കപ്പ് ആർട്ടിസ്റ്റുകൾ തങ്ങളുടെ സ്കിൽ മെച്ചപ്പെടുത്താൻ സെറ്റിങ് സ്പ്രേ ഉപയോഗിക്കുന്ന ചില സീക്രട്ട് വഴികൾ ഇതാ.
1. ഫൗണ്ടേഷന് മുൻപ് ഉപയോഗിക്കാം
സാധാരണയായി മേക്കപ്പിന്റെ അവസാന ഘട്ടത്തിലാണ് സ്പ്രേ അടിക്കാറുള്ളത്. എന്നാൽ എണ്ണമയമുള്ള ചർമ്മമുള്ളവർ മോയ്സ്ചറൈസറിന് ശേഷം പ്രൈമറിന് മുൻപായി ഒരല്പം സെറ്റിങ് സ്പ്രേ മുഖത്ത് അടിക്കുന്നത് നല്ലതാണ്. ഇത് ചർമ്മത്തിലെ അമിതമായ എണ്ണമയത്തെ നിയന്ത്രിക്കുകയും ഫൗണ്ടേഷൻ കൂടുതൽ നേരം സ്മൂത്ത് ആയി ഇരിക്കാൻ സഹായിക്കുകയും ചെയ്യുന്നു.
2. ഐഷാഡോയുടെ നിറം വർദ്ധിപ്പിക്കാൻ
നിങ്ങളുടെ ഐഷാഡോയ്ക്ക് ഉദ്ദേശിച്ച തിളക്കം കിട്ടുന്നില്ലെങ്കിൽ ഈ വിദ്യ പരീക്ഷിക്കാം. ഐഷാഡോ ബ്രഷിൽ അല്പം ഐഷാഡോ എടുത്ത ശേഷം അതിലേക്ക് ഒരല്പം സെറ്റിങ് സ്പ്രേ അടിക്കുക. അതിനുശേഷം കണ്ണുകളിൽ പുരട്ടിയാൽ നിറത്തിന് കൂടുതൽ തെളിച്ചവും തിളക്കവും ലഭിക്കും. ഇത് ഐഷാഡോ പടരുന്നത് തടയാനും സഹായിക്കും.
3. ബ്യൂട്ടി ബ്ലെൻഡർ നനയ്ക്കാൻ
ഫൗണ്ടേഷൻ പുരട്ടുമ്പോൾ സ്പോഞ്ച് അല്ലെങ്കിൽ ബ്യൂട്ടി ബ്ലെൻഡർ സാധാരണ വെള്ളത്തിൽ നനയ്ക്കുന്നതിന് പകരം സെറ്റിങ് സ്പ്രേ ഉപയോഗിച്ച് നനയ്ക്കുക. ഇത് ഫൗണ്ടേഷൻ മുഖത്ത് നന്നായി ഒട്ടിയിരിക്കാനും കൂടുതൽ നാച്ചുറൽ ആയ ഫിനിഷ് ലഭിക്കാനും സഹായിക്കും.
4. ഐലൈനർ കൂടുതൽ നേരം നിലനിൽക്കാൻ
ഐലൈനർ പെട്ടെന്ന് പടരുന്നവർക്ക് സെറ്റിങ് സ്പ്രേ ഒരു രക്ഷകനാണ്. ഒരു ചെറിയ ആംഗിൾഡ് ബ്രഷിൽ സെറ്റിങ് സ്പ്രേ അടിച്ച ശേഷം അത് ഉപയോഗിച്ച് ഐലൈനർ വരച്ചാൽ കണ്ണ് എഴുതിയത് പടരില്ലെന്ന് മാത്രമല്ല, നല്ല 'മാറ്റ്' ലുക്ക് ലഭിക്കുകയും ചെയ്യും.
5. പുരികങ്ങൾ ഒതുക്കി നിർത്താൻ
പുരികങ്ങൾ എപ്പോഴും വൃത്തിയായി ഇരിക്കാൻ ഐബ്രോ ജെല്ലുകൾക്ക് പകരമായി ഇത് ഉപയോഗിക്കാം. ഒരു പഴയ മസ്‌കാര ബ്രഷിലോ പുരികം ചീകുന്ന ബ്രഷിലോ അല്പം സെറ്റിങ് സ്പ്രേ അടിക്കുക. അതിനുശേഷം പുരികം ചീകിയാൽ അവ അലങ്കോലപ്പെടാതെ ദീർഘനേരം ഒരേപോലെ ഇരിക്കും.
സെറ്റിങ് സ്പ്രേ ഉപയോഗിക്കുമ്പോൾ എപ്പോഴും മുഖത്തുനിന്ന് 6 മുതൽ 8 ഇഞ്ച് വരെ അകലെ പിടിച്ചു വേണം സ്പ്രേ ചെയ്യാൻ. കണ്ണുകൾ അടച്ചു പിടിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. നിങ്ങളുടെ ചർമ്മത്തിന് അനുയോജ്യമായ (മാറ്റ് അല്ലെങ്കിൽ ഡ്യൂയി ഫിനിഷ്) സ്പ്രേ തിരഞ്ഞെടുക്കുന്നതും പ്രധാനമാണ്.


