Asianet News MalayalamAsianet News Malayalam

ഗര്‍ഭിണിയായ ഹോട്ടല്‍ ജീവനക്കാരിക്ക് ഒരു ലക്ഷം ടിപ്; വീഡിയോ വീണ്ടും വൈറലാകുന്നു

ക്രിസ്മസ് സമയമായിരുന്നു അത്. അപ്രതീക്ഷിതമായി ഒരാളെ സഹായിക്കുകയെന്ന ഉദ്ദേശമായിരുന്നു ടിപ് നല്‍കിയ ആള്‍ക്കുണ്ടായിരുന്നത്. പക്ഷേ ആ വെയിട്രസിനെ സംബന്ധിച്ചിടത്തോളം ആ പണം വലിയ സഹായമായിരുന്നു.

customer gives pregnant waitress 1 lakh as tip the video again going viral
Author
First Published Nov 24, 2023, 9:54 PM IST

ഇടയ്ക്കെല്ലാം പുറത്തുപോയി ഭക്ഷണം കഴിക്കുന്നവരെ സംബന്ധിച്ച് അവരുടെ സന്തോഷത്തിന്‍റെയും സംതൃപ്തിയുടെയും സൂചനയായി റെസ്റ്റോറന്‍റ്  ജീവനക്കാര്‍ക്ക് ടിപ് നല്‍കാറുണ്ട്. മിക്ക വിദേശരാജ്യങ്ങളിലും ഇങ്ങനെ ടിപ് നല്‍കുന്നതൊരു സാധാരണ സംഗതിയാണ്. സാമ്പത്തികമായി അത്ര മുന്നിട്ടുനില്‍ക്കാത്ത രാജ്യങ്ങളിലേ ടിപ് എന്നത് സമ്പന്നരുടെ മാത്രം കുത്തകയാകുന്നുള്ളൂ.

എന്തായാലും ടിപ് നല്‍കുന്നതും അത് വാങ്ങിക്കുന്നതുമെല്ലാം സന്തോഷം നല്‍കുന്ന കാര്യമാണ്. ആത്മാര്‍ത്ഥമായും ബഹുമാനത്തോടെയുമാണ് അത് ചെയ്യുന്നതെങ്കില്‍. നമ്മളില്‍ കുറഞ്ഞവരാണെന്ന ബോധത്തിലോ സഹതാപത്തിലോ മറ്റുള്ളവര്‍ക്ക് ടിപ് നല്‍കുമ്പോള്‍ സ്വാഭാവികമായും അതില്‍ ആനന്ദം കണ്ടെത്താൻ അവര്‍ക്കും സാധിക്കണമെന്നില്ല. 

ഇപ്പോഴിതാ ഇത്തരത്തിലൊരു റെസ്റ്റോറന്‍റ് ജീവനക്കാരിക്ക് കസ്റ്റമര്‍ ടിപ് നല്‍കുന്നതിന്‍റെയൊരു വീഡിയോ വീണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. യഥാര്‍ത്ഥത്തില്‍ ഇത് ഒരു വര്‍ഷം മുമ്പെ വന്ന വീഡിയോ ആണ്. എന്നാലിപ്പോള്‍ വീണ്ടും വീഡിയോ വൈറലായിരിക്കുകയാണ്.

ഗര്‍ഭിണിയാണ് വീഡിയോയില്‍ കാണുന്ന ഹോട്ടല്‍ വെയിട്രസ്. ഇവര്‍ക്ക് ഭക്ഷണം കഴിഞ്ഞ് പോകാൻ നേരം ഒരു കസ്റ്റമര്‍ 1,300 ഡോളര്‍ (ഒരു ലക്ഷത്തിലധികം രൂപ) ടിപ് ആയി സമ്മാനിക്കുകയായിരുന്നു. ഇത്രയും തുകയാണ് ടിപ് എന്നറിഞ്ഞതോടെ ആദ്യം വെയിട്രസ് ഈ ഓഫര്‍ നിരസിക്കുന്നുണ്ട്. ശേഷം ഇവര്‍ വൈകാരികമാകുന്നു. 

ക്രിസ്മസ് സമയമായിരുന്നു അത്. അപ്രതീക്ഷിതമായി ഒരാളെ സഹായിക്കുകയെന്ന ഉദ്ദേശമായിരുന്നു ടിപ് നല്‍കിയ ആള്‍ക്കുണ്ടായിരുന്നത്. പക്ഷേ ആ വെയിട്രസിനെ സംബന്ധിച്ചിടത്തോളം ആ പണം വലിയ സഹായമായിരുന്നു. അവരുടെ പങ്കാളി അവര്‍ക്കൊപ്പമുണ്ടായിരുന്നില്ല. അവര്‍ തനിയെ ആയിരുന്നു ജീവിച്ചിരുന്നത്. പ്രസവത്തിന് ശേഷം മറ്റൊരു സര്‍ജറിക്ക് കൂടി വിധേയ ആകേണ്ട അവസ്ഥയായിരുന്നു അവര്‍ക്ക്. ആ സമയത്ത് പണം കിട്ടിയത് വലിയ സഹായമായി എന്ന് പിന്നീട് ഇവര്‍ തന്നെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

എന്തായാലും ഏറെ പോസിറ്റീവായ ഈ കാഴ്ച വീണ്ടുമൊരു ക്രിസ്മസ് കൂടി അടുക്കുന്ന സമയത്ത് പിന്നെയും ആളുകള്‍ ഏറെ ഇഷ്ടത്തോടെ കാണുകയാണ്. നിരവധി പേരാണ് അജ്ഞാതനായ കസ്റ്റമര്‍ക്ക് നന്ദിയും സ്നേഹവും ആദരവും അര്‍പ്പിക്കുന്നത്. ടിപ് നല്‍കുക മാത്രമല്ല കരഞ്ഞുപോയ വെയിട്രസിനെ ചേര്‍ത്തുപിടിച്ച് ഇദ്ദേഹം ഒരു രക്ഷിതാവിനെ പോലെ ആശ്വസിപ്പിക്കുന്നതും വീഡിയോയില്‍ കാണാം. ഇതും ഏറെ അഭിനന്ദനമര്‍ഹിക്കുന്ന പ്രവര്‍ത്തിയാണെന്നും ഏറെ പേര്‍ കമന്‍റ് ചെയ്തിരിക്കുന്നു. 

വൈറലായ വീഡിയോ കണ്ടുനോക്കൂ...

 

Also Read:- കമിതാക്കളുടെ പാനിപൂരി വീഡിയോയ്ക്ക് സോഷ്യല്‍ മീഡിയയില്‍ കടുത്ത ഭാഷയില്‍ വിമര്‍ശനം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

Follow Us:
Download App:
  • android
  • ios