85 ശതമാനം കുട്ടികളും സൈബര്‍ ബുള്ളിയിംഗ് നേരിടുന്നു എന്ന് മാത്രമല്ല, ഇവരില്‍ വലിയൊരു വിഭാഗം പേരും ഇത് തിരിച്ച് മറ്റുള്ളവരോട് ചെയ്യുകയും ചെയ്യുന്നതായി സര്‍വേ പറയുന്നു

ലോകരാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ വിവിധ കാരണങ്ങളാല്‍ പിന്നാക്കമായി നില്‍ക്കുന്ന രാജ്യമാണ് ഇന്ത്യ. സാമ്പത്തികാവസ്ഥ മാത്രമല്ല, ഇതില്‍ ഭാഗവാക്കാകുന്നത്. ജാതീയത അടക്കമുള്ള സാമൂഹികമായ കാര്യങ്ങള്‍, അന്ധവിശ്വാസങ്ങള്‍, അനാചാരങ്ങള്‍, ദാരിദ്ര്യം എന്നിങ്ങനെ പല വിഷയങ്ങളും നമ്മുടെ രാജ്യത്തെ പലപ്പോഴും ആരോഗ്യകരമായി ജീവിക്കാനുള്ള അന്തരീക്ഷമില്ലാത്ത രാജ്യമായി മാറ്റുന്നു.

ഇതുമായി ചേര്‍ത്തുവയ്ക്കാവുന്നൊരു സര്‍വേ റിപ്പോര്‍ട്ടിനെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. ഇന്ത്യയില്‍ 85 ശതമാനം കുട്ടികള്‍ സൈബറിടങ്ങളില്‍ ബുള്ളിയിംഗ് അഥവാ വിവിധ തരത്തിലുള്ള ആക്രമണങ്ങള്‍ നേരിടുന്നുവെന്നാണ് ഈ സര്‍വേ റിപ്പോര്‍ട്ട് പറയുന്നത്. 

കംപ്യൂട്ടര്‍ സോഫ്റ്റ്വെയര്‍ കമ്പനിയായ 'McAfee' ആണ് പത്ത് രാജ്യങ്ങളില്‍ നിന്നായി വിവരങ്ങള്‍ ശേഖരിച്ച് സര്‍വേ നടത്തിയത്. 85 ശതമാനം കുട്ടികളും സൈബര്‍ ബുള്ളിയിംഗ് നേരിടുന്നു എന്ന് മാത്രമല്ല, ഇവരില്‍ വലിയൊരു വിഭാഗം പേരും ഇത് തിരിച്ച് മറ്റുള്ളവരോട് ചെയ്യുകയും ചെയ്യുന്നതായി സര്‍വേ പറയുന്നു. എന്നാല്‍ തങ്ങള്‍ സൈബര്‍ ബുള്ളിയിംഗ് ആണ് ചെയ്യുന്നതെന്നോ അത്തരത്തിലുള്ള ആക്രമണമാണ് നേരിടുന്നതെന്നോ ഇവര്‍ തിരിച്ചറിയണമെന്നില്ലെന്നും സര്‍വേ പറയുന്നു. 

ഇന്ന് സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കാത്ത പത്ത് വയസ് കടന്ന കുട്ടികള്‍ വളരെ കുറവാണ്. കൊവിഡ് കാലം കൂടിയെത്തിയതോടെ പഠനവും ഓണ്‍ലൈനായപ്പോള്‍ മിക്ക കുട്ടികളും സ്മാര്‍ട്ട് ഫോണ്‍ സ്വതന്ത്രമായി കൈകാര്യം ചെയ്യാൻ തുടങ്ങി. ഇതോടെ സൈബറിടങ്ങളിലും ഇവര്‍ സ്വൈര്യമായി സഞ്ചരിച്ചുതുടങ്ങി. 

കുട്ടികള്‍ ഇത്തരത്തില്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളോ ഇന്‍റര്‍നെറ്റോ ഉപയോഗിക്കുന്നത് കൊണ്ട് പ്രശ്നമില്ല. എന്നാലിതെല്ലാം ആരോഗ്യകരമായാണ് അവരെ സ്വാധീനിക്കേണ്ടത്. ഇത് വംശീയത, ലൈംഗികാതിക്രമം, അസഭ്യം, ഭീഷണി എന്നിങ്ങനെയുള്ള ആക്രമണങ്ങളാണ് സൈബറിടങ്ങളില്‍ നേരിടുന്നതെങ്കിലോ! അങ്ങനെയാണ് ഈ സര്‍വേ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

ലോകത്തില്‍ തന്നെ ഇത്തരത്തില്‍ സൈബറിടങ്ങളില്‍ കുട്ടികള്‍ അതിക്രമം നേരിടുകയും അത് ചെയ്യുകയും ചെയ്യുന്ന കാര്യത്തില്‍ ഏറ്റവും മുന്നില്‍ ഇന്ത്യയാണെന്നാണ് സര്‍വേ നടത്തിയ'McAfee'യുടെ ചീഫ് പ്രോഡക്ട് ഓഫീസര്‍ ഗഗൻ സിംഗ് പറയുന്നത്. 

രക്ഷിതാക്കളെ സംബന്ധിച്ച് അവര്‍ ഒരുപാട് ശ്രദ്ധ നല്‍കേണ്ട വിഷയമാണിത്. കുട്ടികള്‍ നേരിടുന്ന ഇത്തരം പ്രശ്നങ്ങള്‍ അവരുടെ വ്യക്തിത്വ രൂപീകരണത്തില്‍ വലിയ രീതിയില്‍ സ്വാധീനം ചെലുത്തുന്നതാണ്. 

സര്‍വേയില്‍ കണ്ടെത്തിയത് അനുസരിച്ച് 45 ശതമാനം കുട്ടികളും തങ്ങള്‍ സൈബറിടങ്ങളില്‍ നിന്ന് നേരിടുന്ന ആക്രമണങ്ങളെ കുറിച്ച് മാതാപിതാക്കളോട് തുറന്ന് പറയുന്നില്ല. ഇത് കൂടുതല്‍ ആശങ്കപ്പെടുത്തുന്ന വിവരമാണ്. മാതാപിതാക്കള്‍ക്ക് കുട്ടികളുടെ പ്രശ്നങ്ങളില്‍ ഇടപെടാൻ കൂടിയുള്ള അവസരം ലഭിക്കുന്നില്ലെന്നാണ് ഇത് സൂചിപ്പിക്കുന്നത്. 

മാനസികമായി അനാരോഗ്യകരമായ രീതിയില്‍ കുട്ടികള്‍ വളരാനും, അതുവഴി ഒരു മുഴുവൻ തലമുറ തന്നെ അതേ രീതിയില്‍ നീങ്ങാനുമെല്ലാം ഈ പ്രവണതകള്‍ കാരണമാകുന്നു. നേരത്തെ തന്നെ നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്ന മോശം പ്രവണതകള്‍ തന്നെയാണ് സൈബറിടങ്ങളിലും പ്രതിബിംബിക്കുന്നത്. എന്നാല്‍ ഈ അവസ്ഥകളില്‍ നിന്നെല്ലാം നാം മുന്നോട്ട് നീങ്ങേണ്ടതുണ്ട്. പുരോഗമനകരമായ ഒരു സമൂഹത്തിന് യോജിക്കുന്നതല്ല ഇത്തരം പ്രവണതകള്‍. 

നമുക്ക് നേരെ വരുന്ന അനീതികളെ തിരിച്ചറിയാൻ കുട്ടികളെ പരിശീലിപ്പിക്കേണ്ടത് മാതാപിതാക്കളുടെ ഉത്തരവാദിത്തം തന്നെയാണ്. അതുപോലെ തന്നെ അത്തരം അനീതികളില്‍ ഉള്‍പ്പെടാതിരിക്കുന്നതിനും കുട്ടികളെ പരിശീലിപ്പിക്കണം. മറ്റുള്ളവരുടെ ജീവിതത്തെയും സ്വകാര്യതയെയും മാനിക്കാൻ കുട്ടികളെ പഠിപ്പിക്കേണ്ടതുണ്ട്. ഇങ്ങനെ മാത്രമേ നല്ലൊരു തലമുറയെ വളര്‍ത്തിയെടുക്കാൻ നമുക്ക് സാധിക്കൂ. 

Also Read:- നമ്മുടെ കുട്ടികള്‍ സുരക്ഷിതരല്ലേ? മാതാപിതാക്കള്‍ നിര്‍ബന്ധമായും അറിയേണ്ടത്...