വളര്‍ത്തുമൃഗങ്ങളുടെ വീഡിയോകള്‍ എപ്പോഴും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുണ്ട്. ഇത്തരത്തില്‍ ഏറ്റവും ഒടുവില്‍ ശ്രദ്ധ നേടുന്നത് ഒരു നായയുടെയും  പൂച്ചയുടെയും വീഡിയോ ആണ്. പൂച്ചയുമായി സൗഹൃദത്തിലാകാൻ ശ്രമിക്കുകയാണ് ഇവിടെ നായ. 

എന്നാല്‍ പൂച്ച കൂട്ടുകൂടാൻ ഒട്ടും താല്പര്യം കാണിക്കുന്നുമില്ല. ഇന്‍സ്റ്റഗ്രാമിലൂടെയാണ് രണ്ട് വീഡിയോദൃശ്യങ്ങൾ പ്രചരിക്കുന്നത്. ആദ്യ വീഡിയോയിൽ പൂച്ചയും നായയും കിടക്കയിൽ ഇരിക്കുന്നത് കാണാം. ശേഷം നായയുടെ ശബ്ദം കേള്‍ക്കുമ്പോഴേ പൂച്ച അവിടെ നിന്ന് സ്ഥലം വിടാൻ ശ്രമിക്കുകയാണ്.

രണ്ടാമത്തെ വീഡിയോയിൽ നായ എഴുന്നേറ്റ് പൂച്ചയുടെ അടുത്തേയ്ക്ക് വരാന്‍ ശ്രമിക്കുകയാണ്. ഉടനെ പൂച്ച നായയെ ആക്രമിക്കാനെന്ന മട്ടിൽ മുന്നോട്ട് വരുന്നു. പേടിച്ച നായ അവിടെത്തന്നെ കിടന്നു. തുടര്‍ന്ന് പൂച്ച താഴേക്ക് ഓടിപ്പോവുകയും ചെയ്തു. പിന്തുടരാൻ ശ്രമിക്കുന്നിടത്ത് വീഡിയോ അവസാനിക്കുന്നു.

 

എന്തായാലും വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. പ്രതികരണങ്ങളുമായി ആളുകളും രംഗത്തെത്തി. കൂട്ടുകൂടാൻ ഇത്ര ജാഡയാണോ എന്നാണ് ആളുകളുടെ കമന്‍റ്. 

അടുത്തിടെ കടുത്ത തണുപ്പ് സഹിക്കാന്‍ കഴിയാതെ ശരീരം ചൂടാക്കാന്‍ ശ്രമിക്കുന്ന ഒരു നായ്ക്കുട്ടിയുടെയും പൂച്ചയുടെയും വീഡിയോയും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ട്വിറ്ററിലൂടെയാണ് വീഡിയോ പ്രചരിച്ചത്. അടുപ്പിനരികില്‍ ഇരിക്കുന്ന നായ്ക്കുട്ടിയെയും പൂച്ചയെയുമാണ് വീഡിയോയില്‍ കാണുന്നത്. ചൂടേല്‍ക്കുന്ന സമയത്ത് നായ്ക്കുട്ടി തന്റെ ശരീരം ചെറുതായി അനക്കുന്നുണ്ട്. എന്നാല്‍ പൂച്ച അനങ്ങാതെ അതേ ഇരിപ്പ് ഇരുന്നാണ് ചൂടുകൊള്ളുന്നത്.

 

Also Read:  മാസ്സ് ഡാ! സിംഹത്തെ വിരട്ടിയോടിച്ച തെരുവ് നായ, ധൈര്യം അപാരമെന്ന് സോഷ്യൽ മീഡിയ...