Asianet News MalayalamAsianet News Malayalam

'കല്യാണം കഴിഞ്ഞിട്ട് ഒന്നര മാസം, രണ്ട് മാസം ഗര്‍ഭിണി'; കുറിപ്പ് വൈറല്‍

പിന്നെ അടി, വെടി, കലാപം, കച്ചറ, വിവാഹമോചനഭീഷണി അങ്ങനെ ആകെ ബഹളം. എന്നാല്‍ വൈദ്യശാസ്ത്രപരമായി ഈ സാഹചര്യത്തെ വിശദീകരിക്കുകയാണ് ഡോ. ഷിംന അസീസ്. ഫേസ് ബുക്കില്‍ പങ്കുവച്ച കുറിപ്പിലൂടെ ആണ് ഇവര്‍ ഇക്കാര്യം വിശദീകരിക്കുന്നത്. 

dr shimna azeez facebook post on pregnancy
Author
First Published Jan 14, 2023, 10:47 PM IST

കല്യാണം കഴിഞ്ഞിട്ട് ഒന്നര മാസം മാത്രമായ യുവതിക്ക് രണ്ട് മാസം പ്രായമുള്ള ഗര്‍ഭം. ഇത് കേള്‍ക്കുമ്പോഴെ ആളുകള്‍ ചിന്തിക്കാന്‍ പോകുന്നത് എന്തായിരിക്കുമെന്ന് ഊഹിക്കാമല്ലോ! പിന്നെ അടി, വെടി, കലാപം, കച്ചറ, വിവാഹമോചനഭീഷണി അങ്ങനെ ആകെ ബഹളം. എന്നാല്‍ വൈദ്യശാസ്ത്രപരമായി ഈ സാഹചര്യത്തെ വിശദീകരിക്കുകയാണ് ഡോ. ഷിംന അസീസ്. ഫേസ് ബുക്കില്‍ പങ്കുവച്ച കുറിപ്പിലൂടെ ആണ് ഇവര്‍ ഇക്കാര്യം വിശദീകരിക്കുന്നത്. 

കുറിപ്പ് വായിക്കാം...

നാലഞ്ച് വർഷം മുൻപ് എഴുതിയിട്ടൊരു പോസ്റ്റിനെക്കുറിച്ച് സംസാരിച്ച് പരിചയപ്പെട്ടൊരു കൂട്ടുകാരിയുണ്ട്. വിശേഷങ്ങളൊക്കെ ഓടി വന്ന് പറയുന്നവൾ, ഞങ്ങള്‍ പരിചയപ്പെട്ടതും ഒരു 'വിശേഷത്തിന്റെ വിശേഷം' പറഞ്ഞാണ്.കല്യാണം കഴിഞ്ഞിട്ട്‌ ഒന്നരമാസം. ഓള്‌ ഗർഭിണിയായി, ആദ്യസ്‌കാൻ കഴിഞ്ഞു. സ്‌കാൻ ചെയ്‌ത്‌ നോക്കിയപ്പോ രണ്ട്‌ മാസം പ്രായമുള്ള ഗർഭം. പിന്നെ അടി, വെടി, കലാപം, കച്ചറ, വിവാഹമോചനഭീഷണി അങ്ങനെ ആകെ ബഹളം...!!!

ഇത്തരത്തിൽ സംഭവിച്ച്‌ കാര്യം മനസ്സിലാവാതെ കുഴങ്ങിയ പെൺകുട്ടികൾ ധാരാളമുണ്ട്. പലപ്പോഴും പുതുമണവാട്ടികൾ, അല്ലെങ്കിൽ ജോലിസംബന്ധമായും മറ്റും മാറി നിൽക്കുന്ന പങ്കാളി ഒക്കെയുള്ളിടത്താണ് കൺഫ്യൂഷൻ സംഭവിക്കുന്നത്. ബന്ധപ്പെടാതെ കുഞ്ഞെവിടെ നിന്ന്‌ വന്നെന്ന്‌  മനസ്സിലാവില്ല. ഈ പെണ്‍കുട്ടിയും അത്തരത്തില്‍ ഒരാളായിരുന്നു. വിവാഹജീവിതത്തിനേക്കാള്‍ പ്രായമുള്ള കുഞ്ഞിന്റെ അമ്മ.

ഇതിന്റെ ഗുട്ടൻസ്‌ ഇത്രയേയുള്ളൂ. ഗർഭത്തിന്റെ പ്രായം അളക്കുന്നത്‌ അവസാനമായി മാസമുറ ഉണ്ടായതിന്റെ ആദ്യദിവസം തൊട്ടാണ്‌. ശരാശരി 28 ദിവസത്തിനടുത്ത് ദൈർഘ്യം ദിവസം വരുന്ന ഒരു ആർത്തവചക്രത്തിന്റെ ഏതാണ്ട് മദ്ധ്യത്തിലാണ് അണ്‌ഢവിസർജ്ജനം നടക്കുന്നത്. ഈ അണ്ഢം ഇരുപത്തിനാല്‌ മണിക്കൂനടുത്ത് സമയം ബീജത്തെയും കാത്തിരിക്കും. 

ഒരുദാഹരണത്തിന് ജനുവരി 1ന്‌ ആർത്തവം ഉണ്ടായ മണവാട്ടി ജനുവരി 15ന്‌ കല്യാണം നടന്ന് ആദ്യരാത്രി ആഘോഷിക്കുമ്പോൾ അന്നത്തെ ആഘോഷത്തിൽ നിന്ന് അവൾ ഗർഭം ധരിക്കാൻ സാധ്യതയുണ്ട്. ഇവിടെ ഗർഭത്തിന്റെ പ്രായം കണക്കാക്കുന്നത്‌ കല്യാണത്തിന് രണ്ടാഴ്‌ച മുൻപ്‌ അവൾക്ക്‌ ആർത്തവം തുടങ്ങിയ ജനുവരി 1 തൊട്ടാകും. ഫലത്തിൽ, കുട്ടിയെ 'വന്നപ്പോൾ കൊണ്ടു വന്നു' എന്ന്‌ ആരോപിക്കപ്പെടാം. കൂട്ടുകാരിയും ഇത്തരത്തില്‍ ആരോപിതയായി, വീട്ടിലേക്ക് തിരിച്ചു പറഞ്ഞു വിടപ്പെട്ടു. കുഞ്ഞ് അയാളുടേത് തന്നെയാണ് എന്നവള്‍ ആവതും പറഞ്ഞു, ഒരാളും കേട്ടില്ല.

ആർത്തവചക്രത്തിൽ എപ്പോൾ അണ്‌ഢവിസർജനം നടന്നു എന്ന്‌ കണക്കാക്കുന്ന മാർഗങ്ങൾ ഉണ്ടെങ്കിലും, അവ പൊതുവേ ചിലവേറിയതായത്‌ കൊണ്ടാണ്‌ ഇത്തരത്തിൽ LMP (Last Menstrual Period) വെച്ച്‌ ലോകം മുഴുവൻ ഗർഭത്തിന്റെ പ്രായം കണക്കാക്കുന്നത്‌. ഗർഭസ്‌ഥശിശുവിന്റെ യഥാർത്‌ഥ പ്രായം അത്‌ കൊണ്ട്‌ തന്നെ സ്‌കാനിലെ ഗർഭത്തിന്റെ പ്രായത്തേക്കാൾ അൽപം കുറവായിരിക്കും. 

അവള്‍ക്ക് തിരികെ അവളുടെ വീട്ടില്‍ വന്നു നിൽക്കേണ്ടി വന്നു, വൈകാതെ ആ കുഞ്ഞിനു ജന്മം കൊടുത്തു. ഇതിനിടക്ക്‌ കേസും പുക്കാറുമായി. പങ്കാളി കോടതിയിൽ ഡിഎൻഎ ടെസ്‌റ്റിന്‌ അപേക്ഷ നൽകി. കുഞ്ഞിനെ പ്രതിനിധീകരിച്ച്‌ കോടതിയിൽ അപ്പിയർ ചെയ്‌ത അമ്മക്ക്‌ വിരോധമില്ലാത്തതിനാൽ ഡിഎൻഎ ടെസ്‌റ്റ്‌ എന്ന ഓപ്‌ഷൻ അംഗീകരിക്കപ്പെടുകയും ചെയ്‌തു. ഇന്ന് ആ കുഞ്ഞിന് വയസ്സ് നാല് കഴിഞ്ഞിരിക്കുന്നു. പിതൃത്വം തെളിയിക്കാനുള്ള ഡിഎന്‍എ ടെസ്റ്റിന്റെ റിസൽട്ട് ഈയടുത്ത ദിവസം വന്നു. 

അത് വരുന്ന ദിവസം വരെ അവള്‍ ടെന്‍ഷനിലായിരുന്നു, ''എനിക്ക് പേടിയാകുന്നു. ആളുകളുടെ ഡിഎന്‍എ എങ്ങനെയെങ്കിലും  മാറ്റാന്‍ പറ്റുമോ, അതിനു വല്ല വഴിയുമുണ്ടോ ഇത്താ..." എന്ന് വരെ അവള്‍ ചോദിച്ചു. അവള്‍ക്ക്  കുറെ കാലം ഗൂഗിളില്‍ ഇത് തപ്പുന്ന പണിയായിരുന്നു. പഠിച്ച് ഒരു ജോലി നേടിയ പെണ്ണാണ്, സ്വന്തം കാലില്‍ നിന്ന ചങ്കൂറ്റം ഉള്ളവളാണ്, എന്നിട്ടും പലപ്പോഴും അവൾ പതറിപ്പോയി. അപ്പോഴെല്ലാം ഓടി വന്ന് കൈ പിടിച്ച് ശങ്കയെല്ലാം ഇറക്കിവച്ച് പകരം ധൈര്യം വാങ്ങി തിരികെപ്പോയി.  

ഇക്കഴിഞ്ഞ ദിവസം കുഞ്ഞ് അയാളുടേത് തന്നെ എന്നെഴുതിയ ഡിഎൻഎ ടെസ്‌റ്റിന്റെ റിസൽറ്റ്‌ കടലാസ് എനിക്കയച്ച് അവള്‍ പറഞ്ഞു ''അവന്‍റെ ഒടുക്കത്തെ ഡൌട്ട് തീര്‍ന്നു കിട്ടി, അത് തന്നെ വല്യ കാര്യം. ഇനി ആത്മാഭിമാനത്തോടെ രണ്ട്‌ വഴിക്ക്‌ പിരിയാം..." 

ശാസ്ത്രം കൊടുത്ത ചോദ്യത്തിന് ശാസ്ത്രത്തിലൂടെ തന്നെ അവള്‍ ഉറച്ച ഉത്തരം പറഞ്ഞു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. ഞങ്ങളുടെ സൗഹൃദവും...

 

Also Read: 'ഞാൻ ഇത് മുഴുവൻ വാങ്ങിയാൽ നിനക്ക് സന്തോഷമാകുമോ'; വൈറലായി വീഡിയോ

Follow Us:
Download App:
  • android
  • ios