ഇന്ന് ലോക ചോക്ലേറ്റ് ദിനം. ചോക്ലേറ്റ് ഇഷ്ടമല്ലാത്തവരായി ആരും ഉണ്ടാകില്ല. എന്നാല്‍ മധുരം അധികം കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല എന്നതുകൊണ്ട് മാത്രം ചോക്ലേറ്റ് കഴിക്കുന്നത് അവസാനിപ്പിച്ച നിരവധി പേരുണ്ടാകാം. അതേസമയം ചോക്ലേറ്റിനോട് 'നോ' പറയാന്‍ വരട്ടെ... ഗുണമേന്മയുള്ള ചോക്ലേറ്റ് കഴിക്കുന്നത് ശരീരത്തിന് ഉന്മേഷവും ആരോഗ്യവും നല്‍കുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. സാധാരണ ചോക്ലേറ്റ് അല്ല, ഡാര്‍ക് ചോക്ലേറ്റ് ആണ് ഗുണമേന്മയുള്ളത്. 

പൊതുവേ സാധാരണക്കാര്‍ അധികം കഴിക്കാത്ത ഒന്നാണിത്. ഡാര്‍ക്ക് ചോക്ലേറ്റില്‍ ഇരുമ്പിന്റെ അംശം ധാരാളം അടങ്ങിയിട്ടുണ്ട്. ശരീരത്തിന് പോഷകാംശം നല്‍കുന്ന ഘടകങ്ങള്‍ ചോക്ലേറ്റിലുണ്ട്. 100 ഗ്രാം ഡാര്‍ക്ക് ചോക്ലേറ്റില്‍ കൊക്കോയുടെ അളവ് 70-80 ശതമാനം വരെയാണ്. ഫൈബര്‍, പൊട്ടാസ്യം, ഫോസ്ഫറസ്, സിങ്ക്, സെലേനിയം, മഗ്‌നീഷ്യം, കോപ്പര്‍, മാംഗനീസ് തുടങ്ങിയവയുടെ സാന്നിധ്യവും ഡാര്‍ക്ക് ചോക്ലേറ്റിലുണ്ട്. 

 

ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്നത് ശരീരത്തിലെ രക്തയോട്ടം വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഹൃദയസംബന്ധിയായ അസുഖങ്ങള്‍ക്കുളള സാധ്യത കുറയ്ക്കാനും ഡാര്‍ക്ക് ചോക്ലേറ്റിന് കഴിയുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇതുമാത്രമല്ല, ചര്‍മ്മത്തിനും ചോക്ലേറ്റ് ഏറേ ഗുണകരമാണ്.

സൂര്യ രശ്മികള്‍ ചര്‍മ്മത്തെ ദോഷകരമായി ബാധിക്കുന്നതില്‍ നിന്നും രക്ഷപ്പെടാന്‍ ഡാര്‍ക്ക് ചോക്ലേറ്റിലൂടെ സാധിക്കുമെന്നാണ് ഒരു പഠനം പറയുന്നത്. ചര്‍മ്മം ഡ്രൈ ആവുന്നതടക്കമുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഡാര്‍ക്ക് ചോക്ലേറ്റിനു കഴിയും.  ചോക്ലേറ്റിലെ ഫ്ളവനോള്‍സുകള്‍ക്ക് രക്തയോട്ടത്തെ വര്‍ധിപ്പിച്ച് നിര്‍ജ്ജലീകരണത്തെ തടയാന്‍ സാധിക്കും.

ഈ ചോക്ലേറ്റ് ദിനത്തില്‍ ചോക്ലേറ്റ് കൊണ്ടുള്ള ചില ഫേസ് പാക്കുകളെ പരിചയപ്പെടാം. 

ഒന്ന്...

ഡാര്‍ക്ക് ചോക്ലേറ്റും തൈരും കൊണ്ടുള്ള ഫേസ് പാക്ക് മുഖത്തെ കരുവാളിപ്പ് അകറ്റാനും നിറം വര്‍ധിപ്പിക്കാനും സഹായിക്കും. ഇതിനായി ആദ്യം അലിഞ്ഞ ഡാര്‍ക്ക് ചോക്ലേറ്റ് എടുക്കുക. അതിലേക്ക് രണ്ട് ടീസ്പൂണ്‍ തൈര് ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടാം. പതിനഞ്ച് മിനിറ്റിന് ശേഷം കഴുകി കളയാം. 

 

രണ്ട്... 

വരണ്ടചര്‍മ്മം സുന്ദരമാവാന്‍ ഏറ്റവും നല്ലതാണ് തേന്‍. ഡാര്‍ക്ക് ചോക്ലേറ്റും തേനും ചേര്‍ന്നുള്ള ഫേസ് പാക്ക് മുഖം തിളങ്ങാന്‍ നല്ലതാണ്. ഇതിനായി ഡാര്‍ക്ക് ചോക്ലേറ്റിനൊപ്പം ഒരു ടീസ്പൂണ്‍ തേനും അരടീസ്പൂണ്‍ നാരങ്ങാനീരും ചേര്‍ത്ത് മിശ്രിതമാക്കാം. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയാം. 

Also Read: നിങ്ങളൊരു ചോക്ലേറ്റ് പ്രേമിയാണോ? എങ്കില്‍ അറിയാം...